ചെന്നൈയിൽ ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊന്നു
ചെന്നൈയിൽ ഇൻഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊന്നു
Friday, June 24, 2016 1:25 PM IST
ചെന്നൈ: നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ വനിതാ എൻജിനിയറെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. ചെങ്കൽപട്ടിനു സമീപം മരൈമലൈനഗർ മഹീന്ദ്രടെക് പാർക്കിലെ ഇൻഫോസിസ് ഐടി കമ്പനി ജീവനക്കാരി എസ്. സ്വാതി (23)ആണു കൊല്ലപ്പെട്ടത്.

ജോലി സ്‌ഥലത്തേക്കു പോകാൻ നുങ്കംപാക്കം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനില്ക്കവേ രാവിലെ ഏഴിനാണ് അജ്‌ഞാതൻ ഇവരെ വധിച്ചത്.

റെയിൽവേ സ്റ്റേഷനിൽ ഇവരുടെ സമീപത്തെത്തിയ 30 വയസ് പ്രായമുള്ളയാൾ വഴക്കിടുകയും പിന്നീട്, കൈയിൽ കരുതിയ അരിവാളുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആക്രമണശേഷം അയാൾ സംഭവസ്‌ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.


റെയിൽവേ സ്റ്റേഷനിൽ സ്വാതിയെ കൊണ്ടുവിട്ട പിതാവ് സന്ദാനഗോപാലകൃഷ്ൻ മടങ്ങിപ്പോയ ഉടനെയായിരുന്നു ആക്രമണം. നുങ്കംപാക്കം റെയിൽവേ സ്റ്റേഷനു സമീപത്താണ് ഇവർ താമസിച്ചിരുന്നത്. വടക്കൻചെന്നൈയിലെ വ്യാസർപടിയിൽ രണ്ടു ദിവസം മുമ്പു പട്ടാപ്പകൽ കൊലപതാകം നടന്നതിനു പിന്നാലെയാണു നുങ്കംപാക്കം സംഭവം. സ്വാതിയുടെ മരണത്തിൽ ഇൻഫോസിസ് ജീവനക്കാർ നടുക്കം രേഖപ്പെടുത്തി.

സ്വാതിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അടിയന്തരസഹായം അനുവദിക്കുമെന്നും ഇൻഫോസിസ് പ്രസ്താവനയിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.