ജയ്റ്റ്ലിക്കെതിരേ മുന്നറിയിപ്പുമായി സുബ്രഹ്മണ്യൻ സ്വാമി
ജയ്റ്റ്ലിക്കെതിരേ മുന്നറിയിപ്പുമായി സുബ്രഹ്മണ്യൻ സ്വാമി
Friday, June 24, 2016 1:25 PM IST
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റ്ലിക്കെതിരേ പരോക്ഷ മുന്നറിയിപ്പുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണു സ്വാമി ട്വിറ്ററിലിട്ടത്. സ്വയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു താൻ ആവശ്യപ്പെടാതെ ഉപദേശങ്ങളുമായി എത്തുന്നവരുണ്ട്. പക്ഷെ താനത് പാലിക്കാതിരുന്നാൽ ഇവിടെ ചോരപ്പുഴയാണ് ഒഴുകുകയെന്നാണു സ്വാമിയുടെ ട്വീറ്റ്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരേയാണ് പരാമർശമെന്നു വ്യക്‌തമാണെങ്കിലും അദ്ദേഹത്തിന്റെ പേര് സ്വാമി ഒരിടത്തും പരാമർശിച്ചിട്ടില്ല. മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രമണ്യത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തു വന്ന സ്വാമിയോട് സ്വയം അച്ചടക്കം പരിശീലിക്കണമെന്ന് ജെയ്റ്റ്ലി ഉപദേശിച്ചിരുന്നു.


അതിനു പിന്നാലെ ബീജിംഗിൽ വെച്ചു ബാങ്ക് ഓഫ് ചൈനയുടെ ചെയർമാനുമായുള്ള കൂടിക്കാഴ്ചയിൽ ജയ്റ്റ്ലി ധരിച്ച വേഷത്തെയും സ്വാമി പരിഹസിച്ചു. ഹോട്ടലിലെ വെയിറ്റർമാരെ പോലെ കോട്ടും ടൈയും ധരിച്ചു മന്ത്രിമാർ പ്രത്യക്ഷപ്പെടുന്നത് നിറുത്തണം. വിദേശത്തായിരിക്കുമ്പോൾ മന്ത്രിമാർ പരമ്പരാഗതമോ ആധുനികമോ ആയ ഇന്ത്യൻ വേഷത്തിൽ പ്രത്യക്ഷപ്പെടണമെന്ന് ബിജെപി നിർദേശം നൽകണമെന്നും സ്വാമി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.