ഡൽഹിയിൽ ആർഎസ്എസിന്റെ വിശാല ഇഫ്താർ സംഗമം
Wednesday, June 22, 2016 1:09 PM IST
ന്യൂഡൽഹി: കലാപരഹിത ഇന്ത്യയുടെ സന്ദേശം പ്രചരിപ്പിച്ചു സംഘപരിവാർ സംഘടന മഹാ ഇഫ്താർ സംഘടിപ്പിക്കുന്നു. ആർഎസ്എസ് പോഷക സംഘടനയായ മുസ്ലിം രാഷ്ര്‌ടീയ മഞ്ചാണ് ജൂലൈ രണ്ടിനു ഡൽഹിയിൽ പാക്കിസ്‌ഥാൻ സ്‌ഥാനപതിയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെ ഇഫ്താറിനു ക്ഷണിക്കുന്നത്. ഇതിനുപുറമേ, രാജ്യമെമ്പാടും ചെറിയ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കണമെന്നും സംഘടന അംഗങ്ങളോടാവശ്യപ്പെട്ടിട്ടുണ്ട്.

മുസ്ലിം രാഷ്ര്‌ടീയ മഞ്ച് ഇതിനു മുമ്പും ഇഫ്താർ വിരുന്നുകൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഡൽഹിയിൽ നയതന്ത്ര പ്രതിനിധികളെ ഉൾപ്പെടുത്തി ഇത്ര വലിയ പരിപാടി സംഘടിപ്പിക്കുന്നത് ആദ്യമാണ്. 40 മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾക്കു വിരുന്നിലേക്കു ക്ഷണമുണ്ട്. 2002ൽ മുസ്ലിം സമുദായത്തെ ലക്ഷ്യം വച്ച് ആർഎസ്എസ് രൂപീകരിച്ചതാണുമുസ്ലിം രാഷ്ര്‌ടീയ മഞ്ച്.


വിവിധ സമുദായങ്ങളിലുള്ള ആളുകൾ സഹകരണമനോഭാവത്തോടെയും സൗഹാർദത്തോടെയും കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് മറ്റു രാജ്യങ്ങൾക്കു മനസിലാക്കിക്കൊടുക്കുകയാണ് ഇഫ്താർ വിരുന്നിന്റെ ലക്ഷ്യമെന്ന് ആർഎസ്എസ് നേതാവും മുസ്ലിം രാഷ്ര്‌ടീയ മഞ്ചിന്റെ രക്ഷാധികാരിയുമായ ഇന്ദ്രേഷ് കുമാർ പറഞ്ഞു.അസ്വസ്‌ഥനാകുമ്പോൾ ആത്മീയ കിരണങ്ങളും സ്നേഹവും കിഴക്കു നിന്നു വരുമെന്ന് പ്രവാചകൻ പറഞ്ഞത് ഹിന്ദുസ്‌ഥാനെ ഉദ്ദേശിച്ചാണെന്നും ഭാരതത്തിൽ നിന്നും സമാധാനത്തിന്റെയും സ്നേഹത്തിന്റെ സന്ദേശം പരക്കുന്ന നാളുകൾ വരുമെന്നുമാണ് ഇന്ദ്രേഷ് കുമാർ പറഞ്ഞത്.

ഭാഷകളിൽ വ്യത്യാസമുണ്ടെന്നല്ലാതെ രാജ്യത്ത് വേർതിരിവിന്റെ മുദ്രാവാക്യങ്ങളില്ല. വിദ്വേഷം ഉപേക്ഷിക്കുന്നതിനായി ആളുകൾ വർഗീയതയുടെ ബന്ധനങ്ങളിൽ നിന്നും മുക്‌തരാകണമെന്നും ആർഎസ്എസ് നേതാവ് ആഹ്വാനം ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.