കൂടിക്കാഴ്ചകളും ചർച്ചകളും ആശാവഹം: പിണറായി
Saturday, May 28, 2016 11:58 AM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ബിജെപി മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. കേന്ദ്ര–സംസ്‌ഥാന ബന്ധത്തിൽ ആശാവഹമായ പുരോഗതിയുണ്ടാകുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയെയും പിണറായി സന്ദർശിച്ചു.

കേരളത്തെ സംബന്ധിച്ച വിവിധ പദ്ധതികളും വിസകന പരിപാടികളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. ഇതു സംബന്ധിച്ചു കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ട ഫണ്ടുകളെക്കുറിച്ച് ആരാഞ്ഞപ്പോൾ കൺസിഡർ ദിസ് ആസ് യുവർ ഹോം എന്നാണു പ്രധാനമന്ത്രി മറുപടി നൽകിയത്. ഇതു സംസ്‌ഥാന സർക്കാരിനോടുള്ള കേന്ദ്രത്തിന്റെ അനുഭാവ പൂർണമായ നിലപാടിനു തെളിവാണെന്നു പിണറായി ചൂണ്ടിക്കാട്ടി.

കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ഒരാവശ്യത്തിനു വേണ്ടിയും കേന്ദ്രസർക്കാരിന്റെ മുന്നിൽ കൈ നീട്ടി യാചിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ഇന്ത്യാ രാജ്യത്തിനകത്തുതന്നെയുള്ള സംസ്‌ഥാനമാണ്. ആ നിലയ്ക്ക് കേന്ദ്ര സർക്കാരിൽനിന്ന് ഫലപ്രദമായ സഹായം ലഭ്യമാകേണ്ടതുണ്ട്. അതു യാചിക്കേണ്ടതല്ല. ഓശാരമായി ലഭിക്കേണ്ടതുമല്ല. അക്കാര്യം പ്രധാനമന്ത്രിയെക്കണ്ടു തന്നെയാണു പറയേണ്ടത്. അതാണു ചെയ്തതെന്നും പിണറായി വിജയൻ വ്യക്‌തമാക്കി.

റെയിൽവേ ഉൾപ്പെടെയുള്ള രംഗങ്ങളിൽ സ്വകാര്യവത്കരണം കടന്നു വരട്ടേയെന്ന നരേന്ദ്ര മോദി സർക്കാരിന്റെ നിലപാടുകളോടുള്ള അയഞ്ഞ സമീപനം പ്രകടമാക്കിയായിരുന്നു ഇന്നലെ പിണറായി വിജയൻ ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദീകരണം നൽകിയത്. കേരളത്തിൽ ബിജെപി സിപിഎം സംഘർഷം സംബന്ധിച്ച വിഷയം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെന്ന നിലയിൽ ഇരുപക്ഷത്തെ യും വിളിച്ചു സംസാരിച്ചു വിഷയം പരിഹരിച്ചു കൂടേ എന്നു ചോദിച്ചു. ആദ്യം നിങ്ങൾ നിങ്ങളുടെ കൂട്ടരെ വിളിച്ചു സംസാരിച്ചാൽ എന്റെ കൂട്ടരോടു ഞാനും പറയാം എന്നാണു മറുപടി നൽകിയതെന്നു പിണറായി വെളിപ്പെടുത്തി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെന്ന നിലയിൽ സംസ്‌ഥാനത്ത് സമാധാനം സ്‌ഥാപിക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും അവലംബിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

പ്രധാനമന്ത്രി ഉൾപ്പെടെ ഇന്നലെ സന്ദർശിച്ചവർക്കെല്ലാം ആറന്മുള കണ്ണാടിയാണു പിണറായി ഉപഹാരമായി സമ്മാനിച്ചത്. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ ഇടയ്ക്കിടയ്ക്കു സ്വയം കണ്ടിരിക്കുന്നതു നല്ലതല്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംസ്‌ഥാന മന്ത്രിസഭയിൽ പതിമ്മൂന്നാം നമ്പർ കാർ മന്ത്രിമാർ ഒഴിവാക്കിയതു സംബന്ധിച്ചുള്ള ചോദ്യങ്ങളിൽനിന്നു പിണറായി ഒഴിഞ്ഞുമാറി.

രാഷ്ട്രപതി പ്രണാബ് മുഖർജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രാജ്നാഥ് സിംഗ് തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഡൽഹി കേരള ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കേരളത്തോടുള്ള അവരുടെ താത്പര്യം നല്ലരീതിയിൽ തന്നെ പ്രകടിപ്പിച്ചു. രാഷ്ട്രപതി പതിറ്റാണ്ടുകളായി കേരളവുമായുള്ള ബന്ധം അയവിറക്കി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.


പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ച അങ്ങേയറ്റം സൗഹൃപരമായിരുന്നു. രണ്ടു കാര്യങ്ങളിൽ കേരളത്തിനു ദേശീയ മാതൃകയാകാൻ കഴിയും എന്ന് അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടി. അതിലൊന്ന് പൊതു സ്‌ഥലത്തെ മലമൂത്ര വിസർജനം ഒഴിവാക്കുന്ന കാര്യം. രണ്ടാമതായി കേരളത്തിന്റെ പൂർണമായ ഡിജിറ്റലൈസേഷനും. ആധാർ, ജൻധൻ പദ്ധതികൾ വഴിയും മൊബൈൽ നെറ്റ് വർക്ക് വഴിയും നേട്ടങ്ങളുണ്ടാക്കുന്നതു സംബന്ധിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും സാധ്യതകളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.

ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയാക്കാത്തതിലുള്ള ആശങ്ക പ്രധാനമന്ത്രി പങ്കുവച്ചു. ഇക്കാര്യത്തിൽ സംസ്‌ഥാനത്തിനുണ്ടായ വീഴ്ച പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്‌ഥാനത്തെ വൈദ്യുതലൈൻ വലിക്കുന്നതു സംബന്ധിച്ചു കൂടംകുളത്തു നിന്നു വൈദ്യതി വരേണ്ട പദ്ധതി തടസ പ്പെട്ടു കിടക്കുന്ന കാര്യവും പ്രധാനമന്ത്രി പരാമർശിച്ചപ്പോൾ പൂർത്തിയാക്കാമെന്ന ഉറപ്പു നൽകി. ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും സംസ്‌ഥാനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. പോലീസിലെ നവീകരണത്തിനും സുരക്ഷാ ചെലവിനും ഫണ്ട് അനുവദിക്കുന്നതിനുള്ള തടസം രണ്ടുമാസത്തിനുള്ളിൽ പരിഹരിക്കുമെന്ന ഉറപ്പു ലഭിച്ചു. ഒരു ഐആർ ബറ്റാലിയൻ കൂടി കേരളത്തിനു നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും.

ധനകാര്യമന്ത്രിയുമായും വളരെ വിശദമായ ചർച്ച നടന്നു. അടിസ്‌ഥാന സൗകര്യ വികസനത്തോടൊപ്പം ദേശീയ പാതകളുടെ പൂർണ വികസനവും ഉൾപ്പെടെ കേന്ദ്രത്തിന്റെ പൂർണ പിന്തുണ ജെയ്റ്റ്ലി വാഗ്ദാനം ചെയ്തു. എന്നാൽ, കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ചുള്ള പ്രശ്ന ങ്ങൾ ധനമന്ത്രി ചൂണ്ടിക്കാട്ടിയപ്പോൾ ഇതിന് അനുകൂലമായ പദ്ധതികൾ തയാറാക്കാമെന്ന് മറുപടി നൽകി. ജിഎസ്ടി ബില്ല് അടുത്ത ഏപ്രിലിനു മുൻപായി പാസാക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഉപ ഭോക്‌തൃ സംസ്‌ഥാനമെന്ന നിലയിൽ കേരളത്തിന്റെ പൂർണ സഹകരണം വേണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാർ ചർച്ച ചെയ്തു വ്യക്‌തമായ തീരുമാനം അറിയിക്കുമെന്നും പിണറായി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.