മുഖ്യമന്ത്രി പിണറായിക്കു ഡൽഹിയിൽ ഊഷ്മള വരവേൽപ്
മുഖ്യമന്ത്രി പിണറായിക്കു ഡൽഹിയിൽ ഊഷ്മള വരവേൽപ്
Saturday, May 28, 2016 11:58 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്‌ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡൽഹിയിലെത്തിയ പിണറായി വിജയന് ഊഷ്മള സ്വീകരണം. ഇന്നലെ ഡൽഹിയിലെത്തിയ പിണറായി വിജയനു വിമാനത്താവളത്തിലും കേരള ഹൗസിലും സ്വീകരണം നൽകി. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി തുടങ്ങിയവരും പിണറായി വിജയനൊപ്പമുണ്ടായിരുന്നു.

കേരള ഹൗസിനെ പ്രതിനിധീകരിച്ച് റസിഡൻറ് കമ്മീഷണർ ഗ്യാനേഷ് കുമാർ മുഖ്യമന്ത്രിക്കു പൂച്ചെണ്ടു നൽകി സ്വീകരിച്ചു. അഡീഷണൽ റസിഡൻറ് കമ്മീഷണർ ഡോ. ഉഷ ടൈറ്റസ്, കൺട്രോളർ ബി. ഗോപകുമാർ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്‌ഥരും കേരള ഹൗസ് ജീവനക്കാരും സംഘടന പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു.

രാവിലെ 10.40 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ റസിഡൻറ് കമ്മീഷണർ, അഡീഷണൽ റസിഡൻറ് കമ്മീഷണർ, ഡൽഹിയിലെ വിവിധ സംഘടന പ്രവർത്തകർ എന്നിവർ ചേർന്നു സ്വീകരിച്ചതിനുശേഷമാണ് ഡൽഹി കേരള ഹൗസിലെത്തിയത്. കേരള ഹൗസിൽ ഡൽഹി വൻജനാവലി സ്വീകരിക്കാനെത്തിയിരുന്നു. പല്ലൾന ഉണ്ണിമാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളവും ഒരുക്കിയിരുന്നു.


കേരളഹൗസിലെത്തിയ പിണറായി വിജയൻ ഏതാനും മിനിട്ടുകൾക്കകം തന്നെ ഉപരാഷ്ട്രപതി ഡോ. ഹമീദ് അൻസാരിയെ വസതിയിലെത്തി സന്ദർശിച്ചു. തുടർന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായും കൂടിക്കാഴ്ച നടത്തി. രണ്ട്–കൃഷ്ണമേനോൻ മാർഗിലെ വസതിയിലെത്തിയാണു പിണറായി ജെയ്റ്റ്ലിയെ കണ്ടത്. പിണറായി വിജയൻ സന്ദർശന മുറിയിലേക്കു കയറി തൊട്ടു പിന്നാലെ വീടിനകത്ത് വൈദ്യുതി നിലച്ചത് അൽപ സമയത്തെ പരിഭ്രമത്തിനിടയാക്കി. വെളിച്ചമില്ലാത്ത മുറിയിൽ ഇവർ സംസാരം തുടർന്നു. തിരിച്ചിറങ്ങാൻ നേരമാണു പിന്നെ മന്ത്രിവസതിയിൽ വെളിച്ചം തെളിഞ്ഞത്. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരെയും മുഖ്യമന്ത്രി സന്ദർശിച്ചു. സംസ്‌ഥാന ചീഫ് സെക്രട്ടറി എം.എസ് വിജയാനന്ദും അഡീഷണൽ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോയും പിണറായി വിജയനൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.