ഇസ്രത്ത് ജഹാൻ കേസ്: സോണിയ ഇടപെട്ടതിനു തെളിവില്ല: മന്ത്രാലയം
Saturday, May 28, 2016 11:58 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇസ്രത്ത് ജഹാനും പ്രാണേഷ് പിള്ളയും ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടതിനു തെളിവില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയുടെ ബന്ധു തെഹ്സീൻ പൂനെവാല നൽകിയ വിവരാവകാശപ്രകാരമുള്ള അപേക്ഷയ്ക്കു നൽകിയ മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്‌തമാക്കിയത്. ഇസ്രത്ത് ജഹാൻ ഭീകരസംഘടനയുടെ പ്രവർത്തകയാണെന്ന തരത്തിൽ ഇന്റലിജന്റ്സ് ബ്യൂറോ തയാറാക്കിയ സത്യവാങ്മൂലം ആദ്യം സിബിഐ തിരുത്തി രണ്ടാമതു വേറൊന്നു തയാറാക്കിയിരുന്നു. ഇതു ഗുജറാത്ത് സംസ്‌ഥാന സർക്കാരിനെ വെട്ടിലാക്കാൻ സോണിയ ഗാന്ധിയും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരവും ഇടപെട്ടു നടത്തിയ തിരുത്തലാണെന്നു ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.

ഈ ആരോപണത്തിൽ യാഥാർഥ്യം ഉണ്ടോ എന്നും ഉണ്ടെങ്കിൽ അതിനെ സാധൂകരിക്കുന്ന രേഖകൾ ഉണ്ടെയെന്നും ചോദിച്ചു കഴിഞ്ഞമാസമാണ് തെഹ്സീൻ ആഭ്യന്തര മന്ത്രാലയത്തിനു വിവരാവകാശ പ്രകാരം അപേക്ഷനൽകിയത്. എന്നാൽ, അപേക്ഷയിൽ ഉന്നയിക്കുന്ന ആരോപണത്തെ സാധൂകരിക്കുന്ന തെളിവില്ലെന്നു മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി എസ്.കെ ചിക്കാര മറുപടി നൽകി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിൽ നിന്നു കാണാതായ സുപ്രധാന ഫയലുകൾ ഇതുവരെയും കണ്ടെത്തിയില്ല. ഇതു കണ്ടെത്താനായി സർക്കാർ ഏകാംഗ കമ്മറ്റിയെ നിയോഗിച്ചിരുന്നു. ഏറ്റുമുട്ടൽ വ്യാജമാണെന്നു ജുഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെ, ഇസ്രത്ത് ഭീകരസംഘടനയുടെ പ്രവർത്തകയാണെന്ന സത്യവാങ്മൂലത്തിനു് ആധാരമായ ഇന്റലിജൻസ് റിപ്പോർട്ട് തെറ്റാണെന്ന് കണ്ടെത്തുകയും സത്യവാങ്മൂലം തിരുത്തുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച ഫയലാണ് കാണാതായിരിക്കുന്നത്. വ്യാജ ഇന്റലിജൻസ് റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്‌ഥരും കേസിൽ ആരോപണ വിധേയനാണ്. അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജി.കെ പിള്ള അറ്റോർണി ജനറലായിരുന്ന ജി. ഇ. വഹൻവതിക്ക് എഴുതിയ രണ്ടു കത്തുകളും കാണാതായവയുടെ കൂട്ടത്തിലുണ്ട്.


ഫയലുകൾ കാണാതായതായി മാർച്ച് പത്തിന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിനെ അറിയിക്കുകയായിരുന്നു.

ഇന്റലിജന്റ്സ് ബ്യൂറോ, ഗുജറാത്ത് പോലീസ്, മഹാരാഷ്ട്ര പോലീസ് എന്നിവർ നൽകിയ വിവരങ്ങളും ആദ്യ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതെല്ലാം വ്യാജ ഏറ്റുമുട്ടലിനായി നടത്തിയ ആസൂത്രണത്തിന്റെ ഭാഗമാണെന്നായിരുന്നു പിന്നീടുള്ള കണ്ടെത്തൽ. അതോടെ ഇസ്രത്ത്് ഭീകരവാദ സംഘടനയിൽ അംഗമാണെന്നതിനു തെളിവില്ലെന്ന സത്യവാങ്മൂലം തിരുത്തി. കേസ് അന്വേഷിച്ച സിബിഐ ഗുജറാത്ത് പോലീസിനും ഐബി ഉദ്യോഗസ്‌ഥർക്കും എതിരായി രണ്ടു കുറ്റപത്രങ്ങളും സമർപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.