വനിതകൾക്കു പറക്കാൻ പേടിയെന്ന്; ബിജെപി എംപിക്കു സ്പീക്കറുടെ ശാസന
Friday, May 6, 2016 12:11 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അപകടസാധ്യതയുള്ള പോർവിമാനത്തിൽ വനിതാ പൈലറ്റുമാർ കയറാൻ ഭയക്കുന്നു എന്ന് ലോക്സഭയിൽ പറഞ്ഞ ബിജെപി എംപിയെ സ്പീക്കർ ശാസിച്ചു. ഇന്നലെ ലോക്സഭയിൽ ബിജെപി ചീഫ് വിപ്പ് കൂടിയായ അർജുൻ രാം മേഘ്വാളാണ് ശാസന ചോദിച്ചു വാങ്ങിയത്. അപകടനിരക്ക് കൂടിയതിനാൽ വനിതകൾക്ക് എംഐജി–21 ഫൈറ്റർ വിമാനങ്ങളിൽ പേടിയാണെന്നായിരുന്നു എംപിയുടെ പരാമർശം.

ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് എംപിയെ കർശനസ്വരത്തിൽ വിലക്കി സ്പീക്കർ സുമിത്ര മഹാജൻ, പ്രതിരോധ മന്ത്രി ഇക്കാര്യത്തിൽ യോജിക്കുന്നുണ്ടോ എന്ന് മന്ത്രി മനോഹർ പരീക്കറോടു ചോദിച്ചു. ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പോർവിമാനങ്ങളുടെ അപകടനിരക്കു കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി. എന്നാൽ, എൻസിസിയിലൂടെയും മറ്റും സ്കൂൾ തലം തൊട്ടു പറക്കാനുള്ള പേടി മാറ്റണമെന്നാണു താൻ പറഞ്ഞുവന്നതെന്നു ചൂണ്ടിക്കാട്ടി ബിജെപി എംപി തടിതപ്പി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.