സാക്ഷി മഹാരാജ് എംപി ദളിത് പെൺകുട്ടിയുടെ ജീൻസ് അഴിപ്പിച്ചു
സാക്ഷി മഹാരാജ് എംപി ദളിത് പെൺകുട്ടിയുടെ ജീൻസ് അഴിപ്പിച്ചു
Friday, May 6, 2016 11:29 AM IST
ഉന്നാവോ (ഉത്തർപ്രദേശ്): ബിജെപി എംപി സാക്ഷി മഹാരാജ് പരസ്യമായി ദളിത് പെൺകുട്ടിയുടെ ജീൻസ് അഴിപ്പിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിൽ നടന്ന ഒരു പൊതുചടങ്ങിൽ സാക്ഷി മഹാരാജ് ആവശ്യപ്പെട്ടതനുസരിച്ച് ചില സ്ത്രീകൾ അദ്ദേഹത്തിനു മുമ്പിൽ ഒരു പെൺകുട്ടിയുടെ ജീൻസിന്റെ സിബ്ബ് ഊരുന്ന ദൃശ്യങ്ങളാണ് വിവാദമായിരിക്കുന്നത്.

ന്യൂസ് എക്സാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അനുയായികൾക്ക് സമീപം ഇരിക്കുന്ന സാക്ഷി മഹാരാജ് അദ്ദേഹത്തിനു സമീപത്തായി തറയിൽ ഇരിക്കുന്ന പെൺകുട്ടിയോട് ജീൻസ് ഊരിക്കാണിക്കാൻ ആവശ്യപ്പെടുകയാണ്. തുടർന്ന് ഒന്നുരണ്ട് സ്ത്രീകൾ പെൺകുട്ടിയെ എഴുന്നേൽപ്പിച്ച് ജീൻസ് ഊരി സാക്ഷി മഹാരാജിനെ കാണിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ചടങ്ങിൽ സാക്ഷി മഹാരാജിനു സമീപത്തായി ഒട്ടേറെ പുരുഷന്മാരുമുണ്ട്. പോലീസ് ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ ജീൻസ് അഴിപ്പിച്ച് മുറിവു കണ്ടതായാണ് ആക്ഷേപം.


ബിജെപി പ്രവർത്തകനായ മൈദാൻ സിംഗിന്റെ വീട്ടിൽ വ്യാജമദ്യവില്പനയുണ്ട്് എന്ന പരാതിയെത്തുടർന്ന് പോലീസ് അന്വേഷണത്തിനെത്തിയിരുന്നു. ഇതിനിടെ പെൺകുട്ടിക്കു മർദനമേറ്റതെന്നാണു പരാതി. വനിതാ കോൺസ്റ്റബിൾമാർ ഇല്ലാതെയാണ് പോലീസ് മൈദാൻ സിംഗിന്റെ വീട്ടിലെത്തിയതെന്നാണ് സാക്ഷി മഹാരാജ് ആരോപിക്കുന്നത്. സിംഗിന്റെ രണ്ട് പെൺമക്കളോട് പോലീസ് മോശമായി പെരുമാറിയെന്നും അക്രമിച്ചതായും പറയുന്നു.

പോലീസ് മർദ്ദിച്ചതിന്റെ പാടുകൾ കാണാനാണ് സിംഗിന്റെ വീട്ടിലെത്തിയ സാക്ഷി മഹാരാജ് പെൺകുട്ടിയുടെ ജീൻസ് അഴിക്കാൻ ആവശ്യപ്പെട്ടതെന്നു എംപിയുമായി അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നു. എന്തായാലും വീഡിയോ വിവാദമായതോടെ സാക്ഷി മഹാരാജിനെതിരേ പ്രതിഷേധം ശക്‌തമാകുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.