സർക്കാർ വിരുദ്ധ വികാരമുയർത്തി കോൺഗ്രസ് പ്രതിഷേധം
സർക്കാർ വിരുദ്ധ വികാരമുയർത്തി കോൺഗ്രസ് പ്രതിഷേധം
Friday, May 6, 2016 11:22 AM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രതിപക്ഷത്തിനെതിരേ അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും സോണിയ ആരോപിച്ചു. എൻഡിഎ സർക്കാരിന്റെ റിമോട്ട് കൺട്രോൾ നിയന്ത്രിക്കുന്നതു നാഗ്പൂരിൽനിന്നാണെന്നാണ് ആർഎസ്എസിനെ പേരെടുത്തു പറയാതെ സോണിയ വിമർശിച്ചത്.

കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരേ മുതിർന്ന നേതാക്കളെ അണിനിരത്തി കോൺഗ്രസ് പാർലമെന്റിലേക്കു സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ റാലി ഇന്നലെ ഡൽഹി ജന്ദർ മന്ദറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ. സമരങ്ങളുടെ സ്‌ഥിരം ഭൂമിയായ ജന്ദർമന്ദറിൽ ആദ്യമായാണ് കോൺഗ്രസ് അധ്യക്ഷ ഒരു പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ പരിസരത്ത് 114 പ്രഖ്യാപിച്ചിച്ചിരുന്നു. അതിനാൽ റാലി പാർലമെന്റിനോടടുത്തപ്പോഴേക്കും സുരക്ഷ ഉദ്യോഗസ്‌ഥർ തടഞ്ഞു.

സോണിയക്കൊപ്പം റാലിയിൽ പങ്കെടുത്ത കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗ് എന്നിവർ ഇന്നലെ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ അറസ്റ്റ് വരിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി, ലോക്സഭാ കക്ഷിനേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരും അറസ്റ്റ് വരിച്ച നേതാക്കളിൽ ഉൾപ്പെടുന്നു. നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എംപിമാരടക്കമുള്ള പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. മല്ലികാർജുൻ ഖാർഗെയും ജനാർദനൻ ദ്വിവേദിയും പ്രവർത്തകർക്കിടയിലൂടെ സ്റ്റേഷനകത്തു കടന്നു. അൽപസമയത്തിനു ശേഷം അറസ്റ്റുവരിച്ച നേതാക്കളെ വിട്ടയക്കുകയും ചെയ്തു. അതിനിടെ രാജ്യസഭാംഗം രേണുക ചൗധരി പാർലമെന്റ്സ്ട്രീറ്റ് പോലീസ് സ്റ്റേഷന്റെ ഗേറ്റിൽ മോദി സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി കയറിനിന്നതു കൗതുക കാഴ്ചയായി. മുതിർന്ന നേതാക്കൾക്കു പുറമേ എംപിമാരും ഉത്തർപ്രദേശ്, രാജസ്‌ഥാൻ, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരും മാർച്ചിൽ പങ്കടുത്തു. റാലിക്കിടെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്‌ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടും മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. റാലിയിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയുടെ കട്ടൗട്ടുകൾ ഉയർന്നതും കൗതുകമായി.

ഇതേരീതിയിലാണു തുടർന്നുമുള്ള പ്രവർത്തനമെങ്കിൽ മോദി സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നാണ് കോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പു നൽകിയത്. തങ്ങളെ ഭയപ്പെടുത്താനോ താഴ്ത്തിക്കെട്ടാനോ നോക്കേണ്ടെന്നായിരുന്നു മോദി സർക്കാരിനോടു സോണിയ ഗാന്ധി വ്യക്‌തമാക്കിയത്. ഒരുപാടു വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്നും എല്ലാത്തിനോടും പൊരുതി പിടിച്ചു നിൽക്കാൻ ജീവിതം തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും സോണിയ പറഞ്ഞു. തങ്ങൾ എങ്ങനെയാണു രൂപപ്പെട്ടിരിക്കുന്നതെന്ന് അവർക്കറിയില്ലെന്നും ജനാധിപത്യ സംരക്ഷണം റാലിയെ അഭിസംബോധന ചെയ്തു സോണിയ പറഞ്ഞു. പ്രതിപക്ഷം പാർലമെന്റിനകത്തും പുറത്തും ജാഗ്രതയോടെ പ്രവർത്തിക്കും. മോദി സർക്കാരിന്റെ മുഖംമൂടി വലിച്ചു കീറണമെന്നും സോണിയ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സഹിക്കാൻ പറ്റാത്ത വിധമാകുമ്പോൾ സർക്കാരിനെ എങ്ങനെയാണ് ഒരു പാഠം പഠിപ്പിക്കേണ്ടതെന്നു ജനങ്ങൾക്കു നന്നായറിയാമെന്നു സോണിയ മോദി സർക്കാരിനെ ലക്ഷ്യം വെച്ചു പറഞ്ഞു. രാഷ്ര്‌ടീയ ലാഭത്തിനു വേണ്ടി സിബിഐയേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സർക്കാർ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യത്തെ മോദി സർക്കാർ അടിച്ചമർത്തിയാണു ഭരണം നടത്തുന്നതെന്നും സോണിയ ആരോപിച്ചു. ജാതിയുടെയും മതത്തിന്റെയും ഭാഷയുടേയും ഭക്ഷണശീലങ്ങളുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണു ബിജെപിക്കുള്ളത്.


രാജ്യത്തെ ജനാധിപത്യ വ്യവസ്‌ഥയെ ഇല്ലാതാക്കാൻ ബിജെപിയെ അനുവദിക്കില്ല. സർക്കാർ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ മൂലം ന്യൂനപക്ഷ വിഭാഗങ്ങളും ദളിതുകളും വനിതകളും ഗോത്ര വിഭാഗങ്ങളും തദ്ദേശ സ്‌ഥാപനങ്ങളിൽ വിവേചനവും മോശം പെരുമാറ്റവും നേരിടുന്നുവെന്നും സോണിയ ആരോപിച്ചു.

തുടർന്നു സംസാരിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിലാണു വിമർശിച്ചത്. ഉത്തരാഖണ്ഡിലെയും അരുണാചലിലെയും ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വരൾച്ചയെ പ്രതിരോധിക്കാൻ സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. കർഷകർക്കു സഹായകരമായ ഒന്നും തന്നെ ചെയ്യുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ബിജെപിക്കും ആർഎസ്എസിനുമെതിരേ നിലകൊള്ളുന്നവർക്കെതിരേ അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. നേരേന്ദ്ര മോദിക്കും ആർഎസ്എസ് നേതാവ് മോഹൻ ഭഗവതിനുമെതിരേ സംസാരിക്കുന്നവരെ നുണപ്രചാരണങ്ങളിൽ കുടുക്കുകയാണെന്നും രാഹുൽ ആരോപിച്ചു.

മല്ലികാർജുൻ ഖാർഗെ, ഗുലാം നബി ആസാദ്, ജ്യോതി രാധിത്യ സിന്ധ്യ തുടങ്ങിയവരും റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. പാർലമെന്റ് പരിസരത്തു റാലിയെ തടഞ്ഞതിനു ശേഷം രാജ്യസഭയിലെത്തിയ കോൺഗ്രസ് എംപിമാർ സഭയിലും പ്രതിഷേധമുയർത്തി. മോദിയുടെ ഏകാധിപത്യം അനുവദിക്കില്ലെന്ന മുദ്രാവാക്യം മുഴക്കിയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. റാലിയിൽ പങ്കെടുത്ത സോണിയ ഗഗാന്ധി ഉൾപ്പടെയുള്ള തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്തത് ജനാധിപത്യ ധ്വംസനമാണെന്നു കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രതിഷേധവുമായി നടത്തളത്തിലിറങ്ങിയതോടെ ശൂന്യവേളയിലും ചോദ്യോത്തര വേളയിലുമായി സഭ രണ്ടു വട്ടം പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.