മെഡിക്കൽ പ്രവേശനം: സംസ്‌ഥാനങ്ങളുടെ പരീക്ഷ അനുവദിക്കാമോ– സുപ്രീംകോടതി
മെഡിക്കൽ പ്രവേശനം: സംസ്‌ഥാനങ്ങളുടെ പരീക്ഷ അനുവദിക്കാമോ–  സുപ്രീംകോടതി
Thursday, May 5, 2016 12:14 PM IST
<ആ>ജിജി ലൂക്കോസ്

ന്യൂഡൽഹി: ഇക്കൊല്ലം സംസ്‌ഥാന സർക്കാരുകൾ നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷകൾ അനുവദിക്കാമോയെന്നു കേന്ദ്രത്തോടു സുപ്രീംകോടതി. സംസ്‌ഥാനങ്ങൾക്കു പ്രവേശന പരീക്ഷ നടത്താൻ നിയമപരമായി അധികാരമുണ്ടെന്ന കേരളം അടക്കമുള്ള സംസ്‌ഥാനങ്ങളുടെ വാദം പരിഗണിച്ചാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടിയത്. സംസ്‌ഥാനങ്ങളുടെ വാദം അംഗീകരിക്കാവുന്നതാണെന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ അറിയിച്ചെങ്കിലും കൃത്യമായ നിലപാട് ഇന്നു വ്യക്‌തമാക്കാമെന്ന് അദ്ദേഹം ബോധിപ്പിച്ചു. കേസിൽ ഇന്നും വാദം തുടരും.

അതേസമയം, സ്വകാര്യ മെഡിക്കൽ കോളജുകൾക്കു പ്രത്യേക പ്രവേശനപരീക്ഷ നടത്താൻ അനുമതി നൽകില്ലെന്നു സുപ്രീംകോടതി ആവർത്തിച്ചു വ്യക്‌തമാക്കി. മേയ് ഒന്നിനു നടത്തിയ ഒന്നാംഘട്ട പരീക്ഷയിൽ പങ്കെടുത്തവർക്കും ജൂലൈ 24നു നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നു കേന്ദ്രസർക്കാർ അറിയിച്ചു. ഇതു വഴി കുട്ടികൾക്ക് ഒരുങ്ങാൻ വേണ്ടത്ര സമയം ലഭിക്കുമെന്നു ചൂണ്ടിക്കാട്ടി. എന്നാൽ, ന്യൂനപക്ഷ സ്‌ഥാപനങ്ങൾക്കുള്ള അവകാശങ്ങൾ അംഗീകരിക്കണമെന്നു ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതു ന്യൂനപക്ഷ–ഭൂരിപക്ഷ വിഷയമല്ലെന്ന് അഭിപ്രായപ്പെട്ട ജസ്റ്റീസ് അനിൽ ആർ. ദവെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, വിദ്യാർഥികളെക്കുറിച്ചു ചർച്ച ചെയ്യാമെന്നും അറിയിച്ചു.

മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനു രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്– നീറ്റ്) ഈ വർഷം മുതൽ നടത്തണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെതിരേ നൽകിയ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. നീറ്റ് നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ച കേന്ദ്രസർക്കാർ തന്നെയാണ് ഈ വർഷം തന്നെ നടത്തുന്നതിനെതിരേ കോടതിയെ സമീപിച്ചത്. അതേസമയം, കേരളം, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട് സർക്കാരുകളെ കൂടാതെ ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാരുകൾ കൂടി ഈ വർഷം നീറ്റ് പരീക്ഷ നടപ്പിലാക്കുന്നതിനെതിരേയുള്ള കേസിൽ കക്ഷി ചേർന്നു. സംസ്‌ഥാനങ്ങൾ ഒന്നിച്ച് ആവശ്യപ്പെട്ടതോടെ ഈ വർഷം തന്നെ നീറ്റ് പരീക്ഷ നടത്തണമെന്ന കടുത്ത നിലപാടെടുത്തിരുന്ന സുപ്രീംകോടതി, സംസ്‌ഥാനങ്ങൾക്ക് ഇളവു നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടുകയായിരുന്നു.


കഴിഞ്ഞ ഒക്ടോബർ മുതൽ തുടങ്ങിയ നടപടികളുടെ ഭാഗമായി സംസ്‌ഥാനസർക്കാർ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നടത്തിക്കഴിഞ്ഞതാണെന്നു ചൂണ്ടിക്കാട്ടിയ കേരളം, ഈ വർഷം തങ്ങളെ ഒഴിവാക്കണമെന്നു വാദിച്ചു. മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കു മാത്രമല്ല, ആയുർവേദ, ഹോമിയോ അടക്കമുള്ളവയിലേക്കും കൂടിയാണ് പരീക്ഷ നടത്തിയതെന്നും മുതിർന്ന അഭിഭാഷകൻ വി. ഗിരി വാദിച്ചു. അതേസമയം, മെഡിക്കൽ പ്രവേശനത്തിനു തങ്ങൾ പരീക്ഷ നടത്താറില്ലെന്നും യോഗ്യത പരീക്ഷാ ഫലത്തിന്റെ അടിസ്‌ഥാനത്തിൽ തയാറാക്കുന്ന പട്ടികയിൽ നിന്നാണു പ്രവേശനം നടത്താറുള്ളതെന്നുമാണ് തമിഴ്നാട് ചൂണ്ടിക്കാട്ടിയത്. ഇതിനു നിയമപരമായ സാധുതയുള്ളതാണെന്നു തമിഴ്നാടും പ്രത്യേക ഭരണഘടനാ പദവിയുള്ളതിനാൽ പൊതു പരീക്ഷ എന്നതു അംഗീകരിക്കാനാവില്ലെന്നു ജമ്മു കാഷ്മീരും വാദിച്ചു.

പ്രാദേശികഭാഷാ പ്രശ്നമാണ് ഗുജറാത്തും ആന്ധ്ര, തെലുങ്കാന സർക്കാരുകളും ചൂണ്ടിക്കാട്ടിയത്. സിബിഎസ്ഇ ദേശീയ നിലവാരത്തിൽ തയാറാക്കുന്ന ചോദ്യങ്ങളെ നേരിടാൻ ഗുജറാത്തിയിൽ പഠിച്ചവർക്കും തെലുങ്കിൽ പഠിച്ചവർക്കുമാവില്ല. അവർ പിന്തള്ളപ്പെടും. ഇതു സംസ്‌ഥാനത്തിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമാകുമെന്നും കേന്ദ്രക്വോട്ട മാത്രം ലക്ഷ്യമാക്കുന്ന നീറ്റ് പരീക്ഷയിലൂടെ തങ്ങളുടെ വിദ്യാർഥികൾ സമർഥരല്ലെന്നു വരുമെന്നും മഹാരാഷ്ട്രയും വാദിച്ചു.

അതിനിടെ, മൂന്നംഗ ബെഞ്ചിന്റെ വിധി റദ്ദാക്കിയത് അഞ്ചംഗ ബെഞ്ചാണെന്നും അതിനാൽ നീറ്റ് പരീക്ഷ സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് അഞ്ചംഗ ബെഞ്ചാണെന്നുമുള്ള വാദമാണ് മുതിർന്ന അഭിഭാഷകരായ കപിൽ സിബലും രാജീവ് ധവാനും ഉയർത്തിയത്. ഇക്കാര്യത്തിലും ഇന്ന് കോടതി തീരുമാനമെടുത്തേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.