അതിർത്തി തെറ്റായി കാണിച്ചാൽ ഏഴു വർഷം തടവും 100 കോടി പിഴയും
Thursday, May 5, 2016 12:14 PM IST
ന്യൂഡൽഹി: അതിർത്തി തെറ്റായി ചിത്രീകരിച്ച് ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചാൽ ഏഴു വർഷംവരെ തടവും 100 കോടിരൂപ വരെ പിഴയും ശിക്ഷ. ഈ ശിക്ഷ വ്യവസ്‌ഥ ചെയ്യുന്ന ദ ജിയോസ്പേഷ്യൽ ഇൻഫർമേഷൻ റെഗുലേഷൻ ബിൽ കേന്ദ്രം തയാറാക്കിവരുന്നു. പ്രധാനമായും ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളെയും ഗൂഗിളിനെയും ലക്ഷ്യമിട്ടാണ് നിയമനിർമാണം.

ഈയിടെ ചില സാമൂഹ്യമാധ്യമങ്ങൾ ജമ്മു കാഷ്മീരിനെ പാക്കിസ്‌ഥാനിലും അരുണാചൽപ്രദേശിനെ ചൈനയിലും പെടുത്തിയുള്ള ഭൂപടങ്ങൾ പ്രചരിപ്പിച്ചിരുന്നു.


അതിർത്തിരേഖയടക്കം തെറ്റായി വിവരങ്ങൾ രേഖപ്പെടുത്തിയ ഭൂപടം ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിലോ ഓൺലൈൻ ആയോ ഇലക്ട്രോണിക് ആയോ ഭൗതികമായോ പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണു കരടുബില്ലിൽ പറയുന്നത്.

ഭൂസ്‌ഥലവിവരങ്ങൾ ഭൂപടമായും മറ്റും ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത അഥോറിറ്റിയുടെ പക്കൽനിന്ന് അനുമതി വാങ്ങാനും വ്യവസ്‌ഥവയ്ക്കുന്നതാണ് ബിൽ. ഈ സെക്യൂരിറ്റി വെറ്റിംഗ് അഥോറിറ്റിയുടെ ലൈസൻസ് ചേർത്തു മാത്രമേ ഭൂപടം വിതരണംചെയ്യുകയോ ഓൺലൈനിൽ നൽകുകയോ ചെയ്യാവൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.