അഗസ്ത വെസ്റ്റ്ലാൻഡ് : നിർണായക രേഖകൾ സ്വാമിക്ക് ലഭിച്ചത് എങ്ങനെയെന്ന് കോൺഗ്രസ്
അഗസ്ത വെസ്റ്റ്ലാൻഡ് : നിർണായക രേഖകൾ സ്വാമിക്ക് ലഭിച്ചത് എങ്ങനെയെന്ന് കോൺഗ്രസ്
Thursday, May 5, 2016 12:14 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: വിവാദ ഹെലികോപ്റ്റർ ഇടപാടിൽ കോൺഗ്രസിനെ മുക്കിക്കളയാമെന്ന പ്രതീക്ഷയിൽ ബിജെപി ഇറക്കിയ സുബ്രഹ്മണ്യൻ സ്വാമിയുടെ കൈയിൽ സുപ്രധാന രേഖകൾ എത്തിയതിനെ രാജ്യസഭയിൽ കോൺഗ്രസ് ചോദ്യം ചെയ്തു. അഗസ്ത വെസ്റ്റ് ലാൻഡ് കേസിൽ നിർണായക രേഖകൾ തന്റെ കൈവശമുണ്ടെന്നു പറയുന്ന സ്വാമി അവ യഥാർഥമാണെങ്കിൽ രാജ്യസഭയിൽ വയ്ക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാടു സംബന്ധിച്ചു മണിക്കൂറുകൾക്കു നീണ്ട ചർച്ചയ്ക്കൊടുവിൽ സുപ്രീംകോടതി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സഭ വിട്ടിറങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാജ്യസഭയിൽ ക്രമപ്രശ്നം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ അഗസ്ത വെസ്റ്റ്ലാൻഡ് കേസിലെ സിബിഐ എൻഫോഴ്സ്മെന്റ് സ്വാമിയുടെ കൈയിൽ എങ്ങനെയെത്തിയെന്ന ചോദ്യമുന്നയിച്ചത്. രേഖകൾ വാസ്തവമാണോയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും ചോദിച്ചു.

അതീവ രഹസ്യവും സുപ്രധാനവുമായ രേഖകൾ സ്വാമിയുടെ കൈയിൽ എങ്ങനെയത്തിയെന്നു സഭയിൽ വ്യക്‌തമാക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഈ രേഖകൾ പ്രാമാണികമെന്നു സുബ്രഹ്മണ്യൻ സ്വാമി അവകാശപ്പെടുന്ന പക്ഷം സഭയിൽവയ്ക്കണമെന്ന് ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു. രേഖകൾ വാസ്തവമാണെന്നും സഭയിൽവയ്ക്കുമെന്നും സ്വാമി കഴിഞ്ഞ ദിവസം ചർച്ചയ്ക്കിടെ വ്യക്‌തമാക്കിയതും ഉപാധ്യക്ഷൻ ചൂണ്ടിക്കാട്ടി. രേഖകൾ സ്വാമി സഭയിൽ ഹാജരാക്കുമെന്നു പാർലമെന്ററികാര്യ മന്ത്രി മുക്‌താർ അബ്ബാസ് നഖ്വിയും വ്യക്‌തമാക്കി.


അതിനിടെ, അഗസ്ത വെസ്റ്റ്ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെയും സിബിഐ ചോദ്യം ചെയ്യണമെന്നു സ്വാമി സഭയ്ക്കു പുറത്ത് ആവശ്യപ്പെട്ടു. സത്യം പറയുകയാണെങ്കിൽ കുഴപ്പമില്ലെന്നും നുണയാണു പറയുന്നതെങ്കിൽ അവർ വിചാരണ ചെയ്യപ്പെടുമെന്നുമായിരുന്നു സ്വാമിയുടെ ഭീഷണി. അഗസ്ത വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ ഇടപാടിൽ അഴിമതി നടത്തിയതിനു കോൺഗ്രസ് നേതാക്കൾ അഴിയെണ്ണേണ്ടി വരുമെന്നും ഒരു അഭിമുഖത്തിൽ സ്വാമി പറഞ്ഞിരുന്നു.

ഹെലികോപ്റ്റർ ഇടപാടിൽ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ രാജിവച്ച് രാഷ്ട്രീയം വിടുമെന്ന് സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേൽ കഴിഞ്ഞ ദിവസം പറഞ്ഞത് ജയിലിൽ പോകേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണെന്നും സ്വാമി പരിഹസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.