മഞ്ഞമഴയിൽ വിഷാംശമില്ലെന്ന്
Thursday, May 5, 2016 12:14 PM IST
ന്യൂഡൽഹി: കേരളത്തിൽ വിവിധയിടങ്ങളിൽ മഞ്ഞ മഴയുണ്ടായതിൽ വിഷാംശമില്ലെന്നു കേന്ദ്രസർക്കാർ. പരിശോധിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സമിതിക്കു രൂപം നൽകിയിട്ടുണ്ട്.

കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നുൾപ്പടെയുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയാണു സമിതി രൂപീകരിച്ചിരിക്കുന്നതെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തിൽ ഇടുക്കി ജില്ലയിലെ മൂലക്കട, കുഞ്ചിത്തണ്ണി പ്രദേശങ്ങളിൽ മഞ്ഞ മഴ ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണു സമിതി രൂപീകരിച്ചിരിക്കുന്നത്.

മഞ്ഞ മഴയിൽ വിഷാംശമോ അമ്ല സാന്നിധ്യമോ പൂപ്പൽ എന്നിവയുടെ അംശമോ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം നിയോഗിച്ച ശാസ്ത്രജ്‌ഞരുടെ സംഘം അറിയിച്ചു.


സ്പൈസസ് ബോർഡിനു കീഴിലുള്ള ഏലം ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ മഞ്ഞ മഴയെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ നിന്നും ഏലച്ചെടികളുടെ ഇലയിൽനിന്നും കണ്ടെടുത്ത പദാർഥങ്ങളിൽ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. ഇതു ഏലച്ചെടികൾക്കു നാശനഷ്‌ടം ഉണ്ടാക്കുമെന്നും കരുതുന്നുമില്ല. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലെ ഏലത്തോട്ടങ്ങളിൽ ഇത്തരം പ്രതിഭാസം ഉണ്ടായതായി അറിവില്ലെന്നും വാണിജ്യ മന്ത്രാലയം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.