റബർ: വീണ്ടും തൊടുന്യായങ്ങൾ
റബർ: വീണ്ടും തൊടുന്യായങ്ങൾ
Wednesday, May 4, 2016 12:19 PM IST
<ആ>പ്രത്യേക ലേഖകൻ

ന്യൂഡൽഹി: റബർ വിലത്തകർച്ച പരിഹരിക്കാൻ നടപടിയെടുക്കാതെ തൊടുന്യായങ്ങളും ഒഴിവുകഴിവുകളും വീണ്ടും നിരത്തി കേന്ദ്രസർക്കാർ രംഗത്ത്. റബർ ബോർഡിന്റെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനും മതിയായ ജീവനക്കാരില്ലാത്തതിനും ഇതേ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. റബർ ഇറക്കുമതി നിരോധിക്കുന്നത് അടക്കം വാണിജ്യമന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി നൽകിയ 63 ശിപാർശകളിൽ പകുതിയോളം എണ്ണത്തിൽ കേന്ദ്രം വ്യക്‌തവും ശക്‌തവുമായ നടപടി സ്വീകരിക്കാത്തതിൽ ഡൽഹിയിൽ ചേർന്ന സമിതി യോഗത്തിൽ പ്രതിഷേധം ഉയർന്നു.

ബിജെപി നേതാവ് ചന്ദൻ മിത്ര അധ്യക്ഷനും വയലാർ രവി, ജോയി ഏബ്രഹാം തുടങ്ങിയവരടക്കം 31 എംപിമാർ അംഗങ്ങളായ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ കേന്ദ്രം സ്വീകരിച്ച നടപടി റിപ്പോർട്ടിലാണു (ആക്ഷൻ ടേക്കൺ റിപ്പോർട്ട്– എടിആർ) സമിതി തന്നെ അതൃപ്തി അറിയിച്ചത്. എടിആറിൽ പറയുന്ന പലതും കർഷകരുടെയും റബർ മേഖലയുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്നവയല്ലെന്ന് സമിതിയംഗം ജോയി ഏബ്രാഹാം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നു സമിതി ശിപാർശകളിന്മേലുള്ള സർക്കാരിന്റെ നടപടി റിപ്പോർട്ടിലെ 63ൽ ഇരുപതോളം കാര്യങ്ങളിൽ സമിതി വീണ്ടും വിശദീകരണം തേടി.

റബർ ഇറക്കുമതി പൂർണമായോ, ഭാഗികമായോ നിരോധിക്കാനാകില്ലെന്നും വിലയിടിവിന് പല കാരണങ്ങളുണ്ടെന്നുമാണു വാണിജ്യമന്ത്രാലയം നടപടി റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. ലോക വ്യാപാര കരാർ വ്യവസ്‌ഥകളനുസരിച്ച് ഇറക്കുമതിത്തീരുവ കൂട്ടുകയോ, ഭാഗികമായി മറ്റു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ മാത്രമേ കഴിയൂവെന്ന വാദം നിരത്തി കർഷകരെ കേന്ദ്രം കൈയൊഴിയുന്നു. റബർ കയറ്റുമതിക്കും സംഭരണത്തിനും സ്‌ഥിരം സംവിധാനം പറ്റില്ലെന്നും വാണിജ്യമന്ത്രാലയം വ്യക്‌തമാക്കി. റബർ പുനഃകൃഷി സബ്സിഡി കൂട്ടണമെന്ന പാർലമെന്റ് അംഗങ്ങളുടെ ആവശ്യത്തിന് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കി വരികയാണെന്ന മറുപടിയാണു നൽകിയത്.


ഇതേസമയം, ഇന്ത്യയിലേക്കു വൻതോതിൽ റബർ ഇറക്കുമതി ചെയ്യുന്നതും കുന്നുകൂടുന്നതും തടയുന്നതിനായി ആസിയാൻ, ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളും ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാര കരാറുകളും ഏഷ്യ പസിഫിക് വ്യാപാര കരാറും പുനഃപരിശോധിക്കണമെന്ന പാർലമെന്ററി സമിതിയുടെ ശിപാർശയും കേന്ദ്രം അംഗീകരിച്ചില്ല. ഇതേക്കുറിച്ചു തീർത്തും ബന്ധമില്ലാത്ത മറുപടിയാണു കേന്ദ്രം നൽകിയത്. പാർലമെന്ററി സമിതിയുടെ വീക്ഷണങ്ങൾ ടയർ, മറ്റു റബർ ഉത്പന്നങ്ങൾ എന്നിവയുടെ തീരുവ നിരക്കുകൾ നിശ്ചയിക്കുമ്പോൾ പരിശോധിക്കാമെന്നു മാത്രമാണ് മന്ത്രാലയത്തിന്റെ നടപടി റിപ്പോർട്ട്.

കർഷകരിൽനിന്നു പിരിക്കുന്ന റബർ സെസ് കർഷകരെ സഹായിക്കാൻ വിനിയോഗിക്കണമെന്ന സമിതിയുടെ ശിപാർശയും കേന്ദ്രം അംഗീകരിച്ചില്ല. അഞ്ചു വർഷത്തിനിടയിൽ സെസ് ഇനത്തിൽ 557 കോടി രൂപ കർഷകരിൽ നിന്നു പിരിച്ചെടുത്തു. എന്നാൽ, റബർ ബോർഡിന്റെ കേന്ദ്രവിഹിതം പകുതിയോളം വെട്ടിക്കുറച്ചു. കൊങ്കൺ മേഖലയിൽ റബർ കൃഷി വ്യാപിപ്പിക്കണമെന്ന ശിപാർശയിൽ പോലും വ്യക്‌തമായ തീരുമാനമുണ്ടായില്ല. റബറിനെ കാർഷിക വിളയായി അംഗീകരിക്കണമെന്ന ശിപാർശയിലും ചർച്ച ചെയ്യാമെന്ന തൊടുന്യായമാണു കേന്ദ്രം നൽകിയത്.

വ്യവസായ മേഖലയെ സഹായിക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതി പോലെ ഗ്രോ ഇൻ ഇന്ത്യ പദ്ധതി കൂടി നടപ്പാക്കി കർഷകർക്കു സഹായം നൽകണമെന്നു സമിതി യോഗത്തിൽ ജോയി ഏബ്രാഹം ആവർത്തിച്ച് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.