ജിഷയുടെ മരണം: അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ്
ജിഷയുടെ മരണം: അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ്
Wednesday, May 4, 2016 12:19 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പെരുമ്പാവൂരിൽ ദളിത് വിദ്യാർഥിനി ജിഷ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കർശന നടപടിയാവശ്യപ്പെട്ടു പാർലമെന്റിന്റെ ഇരുസഭകളും. രാജ്യസഭയിൽ ഇന്നലെ വിഷയം ഉന്നയിച്ച അംഗങ്ങൾ ജിഷയുടെ ഘാതകർക്കെതിരേ കർശന നടപടി വേണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ കർശന നടപടിയുണ്ടാകണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും എടുക്കണമെന്നും രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യനും നിർദേശിച്ചു. വിഷയത്തിൽ ഇടപെട്ടു സംസാരിച്ച സാമൂഹ്യനീതി വകുപ്പ് മന്ത്രി തവർ ചന്ദ് ഗെലോട്ട് ഇന്ന് പെരുമ്പാവൂരിൽ ജിഷയുടെ കുടുംബം സന്ദർശിക്കുമെന്നും സഭയിൽ വ്യക്‌തമാക്കി.

സംഭവത്തിൽ കേരള സർക്കാരിൽനിന്നു റിപ്പോർട്ട് തേടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നു പാർലമെന്ററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡു ലോക്സഭയിൽ പറഞ്ഞു. കേരളത്തിൽ നടന്നത് അങ്ങേയറ്റം ഗൗരവമുള്ള ഒരു സംഭവമാണ്. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു.

നാമനിർദേശം ചെയ്യപ്പെട്ട പ്രതിനിധി റിച്ചാർഡ് ഹേ ലോക് സഭയിൽ വിഷയം ഉന്നയിച്ചത്. കേരളത്തിന്റെ പ്രതാപം നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്നതിനു പകരം ചെകുത്താന്റെ സ്വന്തം നാടായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും റിച്ചാർഡ് ഹേ ചൂണ്ടിക്കാട്ടി. ബിജെപി അംഗം മീനാക്ഷി ലേഖിയും ലോക്സഭയിൽ വിഷയം ഉന്നയിച്ചു. ഇതു ഡൽഹി നിർഭയ സംഭവത്തെയാണ് ഓർമിപ്പിക്കുന്നത്. പെരുമ്പാവൂർ സംഭവത്തിൽ ഇതുവരെ എന്തു നടപടിയുണ്ടായെന്നു വ്യക്‌തമാക്കണമെന്നും അവർ സഭയിൽ ആവശ്യപ്പെട്ടു.

ഇന്നലെ ശൂന്യവേളയിൽ സിപിഎം അംഗം സി.പി. നാരായണനാണു രാജ്യസഭയിൽ വിഷയം ഉന്നയിച്ചത്. എറണാകുളം ജില്ലയിൽ കഴിഞ്ഞ ഏപ്രിൽ 28നു നടന്ന സംഭവം ഡൽഹിയിലെ നിർഭയയുടെ അനുഭവത്തോടു സാമ്യമുള്ളതാണെന്നു ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ച കാസർഗോട്ടും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും സമാന സംഭവങ്ങൾ നടന്നതായും അദ്ദേഹം സഭയെ ധരിപ്പിച്ചു. കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസ് അനാസ്‌ഥ കാട്ടുകയാണെന്നും സി.പി. നാരായണൻ ആരോപിച്ചു.


തുടർന്നു വിഷയത്തിൽ ഇടപെട്ടു സംസാരിച്ച ഉപാധ്യക്ഷൻ പെരുമ്പാവൂർ സംഭവം അങ്ങേയറ്റം നീചമായ കൃത്യമാണെന്നും മുഴുവൻ കേരളീയർക്കും മാനക്കേടുണ്ടാക്കിയെന്നും വ്യക്‌തമാക്കി. തുടർന്ന് സിപിഐ അംഗം ഡി. രാജ, ബിജെപി അംഗം തരുൺ വിജയ് തുടങ്ങിയവർ ഈ വിഷയം ഉന്നയിച്ചു. സിപിഎം അംഗം തപൻ കുമാർ സെന്നും വിഷയത്തിൽ ഇടപെട്ടു സംസാരിച്ചു.

കേന്ദ്രമന്ത്രിയുൾപ്പെടെയുള്ളവർ സംഭവസ്‌ഥലം സന്ദർശിക്കണമെന്നാണ് തരുൺ വിജയ് ആവശ്യമുന്നയിച്ചത്. തുടർന്നാണു താൻ ഇന്നു തന്നെ കേരളത്തിലേക്കു പോകുന്നുണ്ടെന്നു സാമൂഹ്യ ക്ഷേമ മന്ത്രി തവർ ചന്ദ് ഗെലോട്ട് വ്യക്‌തമാക്കിയത്. ഇന്നലെ സഭ ചേർന്ന ഉടൻ തന്നെ സഭാ നടപടികൾ നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് തരുൺ വിജയ് ആവശ്യപ്പെട്ടിരുന്നു. ഇതു നിർഭയ കേസിന്റെ തനിയാവർത്തനം ആണെന്നും ഇത്തരം സംഭവങ്ങൾ തടയുന്നതിൽ കേരള സർക്കാർ പരാജയമാണെന്നുമായിരുന്നു ബിജെപി അംഗത്തിന്റെ ആരോപണം. അടുത്തയിടെ കേരളത്തിൽ ദളിത് വിഭാഗത്തിൽപെട്ട വനിതകൾക്കെതിരേ മാത്രം 14 അക്രമ സംഭവങ്ങളുണ്ടായിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് മാനഭംഗക്കാരുടെ സ്വന്തം നാടായി മാറരുതെന്നും തരുൺ വിജയ് ചൂണ്ടിക്കാട്ടി.

രാജ്യത്താകമാനം ദളിതുകൾക്കു നേരേ ഉണ്ടാകുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണു ഡി. രാജ വിഷയത്തിൽ ഇടപെട്ടു സംസാരിച്ചത്. നിലവിലെ നിയമങ്ങളൊന്നും തന്നെ അവർക്കു സഹായകമാകുന്നില്ലെന്നും രാജ ആരോപിച്ചു. രാജ്യത്തുടനീളം ഇത്തരം അക്രമങ്ങൾ നടക്കുന്നതായി ബിഎസ്പി അംഗം എസ്.സി. മിശ്രയും ചൂണ്ടിക്കാട്ടി. സംഭവം അങ്ങേയറ്റം ക്രൂരവും മനുഷ്യത്വത്തിന്റെ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്നും പാർലമെന്ററികാര്യ സഹമന്ത്രി മുക്‌താർ അബ്ബാസ് നഖ്വിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.