ബിഹാറില്‍ ഏപ്രില്‍ മുതല്‍ മദ്യം ഇല്ല
ബിഹാറില്‍ ഏപ്രില്‍ മുതല്‍ മദ്യം ഇല്ല
Friday, November 27, 2015 12:25 AM IST
പാറ്റ്ന: ബിഹാര്‍ മദ്യനിരോധനത്തിലേക്ക്. അടുത്ത ഏപ്രില്‍ ഒന്നിനു സംസ്ഥാനത്തു സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രസ്താവിച്ചു. മദ്യനിരോധനം വാഗ്ദാനം ചെയ്താണു നിതീഷ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കുമ്പോള്‍ ബിഹാര്‍ സര്‍ക്കാരിനു വര്‍ഷം 4,000 കോടി രൂപ നഷ്ടമാകും. ഇതു മറ്റുവഴിയില്‍ നികത്തുമെന്നു നിതീഷ് പറഞ്ഞു.

പത്തുകോടി ജനങ്ങളുള്ള ബിഹാറില്‍ മദ്യനിരോധനം എന്ന വാര്‍ത്ത ഓഹരി വിപണിയില്‍ മദ്യകമ്പനികളുടെ വില ഇടിച്ചു. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള ബിഹാറില്‍ നിതീഷിന്റെ വിജയത്തിനു മദ്യനിരോധന വാഗ്ദാനം ഗണ്യമായ പങ്കുവഹിച്ചെന്നു വിലയിരുത്തലുണ്ട്.

മദ്യം നിരോധിച്ച സംസ്ഥാനങ്ങള്‍

ഗുജറാത്ത് 1958 മുതല്‍ മദ്യനിരോധിത സംസ്ഥാനമാണ്. ലക്ഷദ്വീപിലും മദ്യം നിരോധിച്ചിരിക്കുകയാണെങ്കിലും ജനവാസമില്ലാത്ത ബംഗാരം ദ്വീപിലെ റിസോര്‍ട്ടില്‍ ബാര്‍ ഉണ്ട്. മണിപ്പൂരിലെ നാലു ജില്ലകളില്‍ മദ്യനിരോധനമുണ്ട്. നാഗാലാന്‍ഡില്‍ മദ്യം നിരോധിച്ചിരിക്കുകയാണെങ്കിലും നിയമവിരുദ്ധ വ്യാപാരം വ്യാപകമാണ്.

ഇനി തമിഴ്നാട്?

ബിഹാറിലെ മദ്യനിരോധനം അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടില്‍ മദ്യനിരോധനത്തിനു പ്രേരണ ആകുമെന്നു കരുതപ്പെടുന്നു. ഡോ. രാമദാസിന്റെ പട്ടാളി മക്കള്‍ കക്ഷി (പിഎംകെ) ഉന്നയിച്ച മദ്യനിരോധന ആവശ്യത്തെ ഇപ്പോള്‍ എല്ലാ കക്ഷികളും പിന്താങ്ങുന്നുണ്ട്.

ഭരണം കിട്ടിയാല്‍ മദ്യം നിരോധിക്കുമെന്നു പിഎംകെയ്ക്കൊപ്പം ഡിഎംകെയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസും മദ്യനിരോധനം ആവശ്യപ്പെട്ടു ധര്‍ണ നടത്തി.


വര്‍ഷം 22,000 കോടി രൂപയാണു മദ്യത്തില്‍നിന്നു തമിഴ്നാട് സര്‍ക്കാരിനുള്ള വരുമാനം. ഇതു മൊത്തം വരവിന്റെ അഞ്ചിലൊന്നു വരും. ഇത്രയും തുക മറ്റുവിധത്തില്‍ കണ്െടത്താനുള്ള പ്രയാസമാണു മുഖ്യമന്ത്രി ജയലളിതയെ അലട്ടുന്നത്.

സി. രാജഗോപാലാചാരി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മദ്രാസ് സംസ്ഥാനത്തു മദ്യനിരോധനം നടപ്പാക്കിയതാണ്. 1960 കളില്‍ കാമരാജ് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതു തുടര്‍ന്നു. പിന്നീട് ചില്ലറ അയവ് വന്നു. ഡിഎംകെ 1967-ല്‍ ഭരണം പിടിച്ചശേഷം മദ്യനിരോധനം നീക്കി. കുറേ വര്‍ഷത്തിനുശേഷം നിരോധനം പുനഃസ്ഥാപിച്ചു.

എം.ജി. രാമചന്ദ്രന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിരോധനം നീക്കി. 1991ല്‍ കള്ളും ചാരായവും നിരോധിക്കുകയും വിദേശമദ്യവ്യാപാരം ഗവണ്‍മെന്റിന്റെ കുത്തകയാക്കുകയും ചെയ്തു.

മദ്യം നിരോധിച്ചു; മാറ്റി

രാജ്യത്തു നാലു സംസ്ഥാനങ്ങളില്‍ ഇടക്കാലത്തു മദ്യനിരോധനം നടപ്പാക്കിയെങ്കിലും പിന്നീട് പിന്‍വലിച്ചു. ആന്ധ്രപ്രദേശില്‍ എന്‍.ടി. രാമറാവു ഏര്‍പ്പെടുത്തിയ മദ്യനിരോധനം മരുമകന്‍ എന്‍. ചന്ദ്രബാബു നായിഡു 1997-ല്‍ എടുത്തുകളഞ്ഞു. ആന്ധ്ര, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോഴും മദ്യനിരോധനം ഉണ്ടായിരുന്നു. മിസോറാമില്‍ 1995-ല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. 2007ല്‍ വൈന്‍ അനുവദിച്ചു. 2014-ല്‍ നിരോധനം പാടേ നീക്കി. ഹരിയാനയും കുറച്ചുകാലം മദ്യം നിരോധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.