ജിഎസ്ടി: വിട്ടുവീഴ്ചയില്ലെന്നു സോണിയ
ജിഎസ്ടി: വിട്ടുവീഴ്ചയില്ലെന്നു സോണിയ
Friday, November 27, 2015 12:19 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) ബില്‍ പാസാക്കുന്നതിനു മൂന്നു കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് സമ്മേളനം സുഗമമായി പ്രവര്‍ത്തിക്കുന്നതിലും ജിഎസ്ടി ബില്‍ പാസാക്കുന്നതിലും കേന്ദ്രസര്‍ക്കാരിന്റെ നിലപാടാകും നിര്‍ണായകമെന്നു സോണിയ ദീപികയോടു പറഞ്ഞു.

ഇതേസമയം, ജിഎസ്ടി ബില്‍ നടപ്പു സമ്മേളന കാലത്തു തന്നെ പാസാക്കാനാകുമെന്നാണു പ്രതീക്ഷയെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പിന്നീടു വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ മുന്‍ ധനമന്ത്രിമാര്‍ സ്വീകരിച്ച നിലപാടില്‍നിന്ന് ആ പാര്‍ട്ടി പിന്നോക്കം പോകില്ലെന്നാണു പ്രതീക്ഷയെന്നും ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി ബില്‍ സംബന്ധിച്ചു താന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയില്ലെന്ന വാദം ശരിയല്ലെന്നും മന്ത്രി ജയ്റ്റ്ലി വിശദീകരിച്ചു.

സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷമാകും ബില്‍ പാസാക്കുന്നതു സംബന്ധിച്ച കോണ്‍ഗ്രസിന്റെ തീരുമാനം. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി തന്നെയും രാഹുലിനെയും വന്നുകണ്ടത് അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിനു ക്ഷണിക്കാനാണ്. വ്യക്തിപരമായ സന്ദര്‍ശനം മാത്രമായിരുന്നു അദ്ദേഹത്തിന്റേത്- നേരിട്ടു കാണാനെത്തിയപ്പോള്‍ ജിഎസ്ടി ബില്‍ സംബന്ധിച്ചു ജയ്റ്റ്ലി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിനു മറുപടിയായി സോണിയ വിശദീകരിച്ചു.

ഭരണഘടനയുടെ 125-ാം വാര്‍ഷികം പ്രമാണിച്ചു ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രസംഗിച്ച ശേഷമാണു സോണിയ ദീപികയുടെ അടക്കം നാലു പത്രലേഖകരുമായി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. രാഹുല്‍ ഗാന്ധിയുമൊത്തു പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെത്തി കാപ്പി കുടിച്ച ഇടവേളയിലായിരുന്നു ഇത്. കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്, ഉപവിപ്പ് കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ സമീപത്തുണ്ടായിരുന്നു. സോണിയാ ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞയുടന്‍ പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു അടുത്തുചെന്ന് അവരെ അഭിനന്ദിച്ചതും ശ്രദ്ധേയമായി.


ഉത്പാദക സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം നികുതി, ഏകീകൃത ചരക്കു സേവന നികുതി ഭരണഘടനാപരമായി തന്നെ പരമാവധി 18 ശതമാനമായി നിജപ്പെടുത്തുക, കേന്ദ്ര- സംസ്ഥാന നികുതി വിഹിതം അടക്കമുള്ള തര്‍ക്കപരിഹാരത്തിനു പൂര്‍ണമായി സ്വതന്ത്ര സംവിധാനം ഏര്‍പ്പെടുത്തുക എന്നീ മൂന്നു കാര്യങ്ങളിലാണു കോണ്‍ഗ്രസ് വിട്ടുവീഴ്ച പറ്റില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം മദ്യം, പെട്രോളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ നികുതിവരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അവകാശം ഉള്‍പ്പെടെയുള്ള ചില തര്‍ക്കങ്ങളും ശേഷിക്കുന്നുണ്ട്.

മുന്‍ ധനമന്ത്രി പി. ചിദംബരം അടക്കമുള്ളവര്‍ ബില്ലില്‍ വരുത്തിയ മാറ്റങ്ങളില്‍ നിന്നു കോണ്‍ഗ്രസ് പിന്നോക്കം പോകുന്നതു ശരിയല്ലെന്നും ജയ്റ്റ്ലി പറഞ്ഞു. ചരക്കുസേവന നികുതി നിയമം രാജ്യത്തിന്റെ പൊതുവായ ആവശ്യമാണെന്നും നിയമം നടപ്പാകുമ്പോള്‍ പല സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ നികുതിവരുമാനം കിട്ടുമെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ റോള്‍ ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.