രാഹുലിന്റെ ബ്രിട്ടീഷ് പൌരത്വം: ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല
രാഹുലിന്റെ ബ്രിട്ടീഷ് പൌരത്വം: ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല
Wednesday, November 25, 2015 12:35 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൌരത്വമുള്ളതിനെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കില്ല. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൌരത്വമുണ്െടന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപണമുന്നയിച്ചതിനു പിന്നാലെ അഭിഭാഷകനായ എം.എല്‍. ശര്‍മയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

എന്നാല്‍, വിഷയം അടിയന്തരമായി പരിഗണിക്കേണ്ട കാര്യമില്ലെന്നു ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലണ്ടന്‍ ആസ്ഥാനമായുള്ള ബാക്ഓപ്സ് ലിമിറ്റഡിന്റെ രജിസ്ട്രേഷന്‍ സംബന്ധമായ രേഖകളില്‍ താന്‍ ബ്രിട്ടീഷ് പൌരനാണെന്നു രാഹുല്‍ ഗാന്ധി സ്വയം വെളിപ്പെടുത്തിയിട്ടുണ്െടന്നും അത് ഭരണഘടനാ ലംഘനമാണെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നത്. എന്നാല്‍, ഇതു കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പൌരനാണെന്നു രേഖപ്പെടുത്തിയ കമ്പനിയുടെ രേഖകളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സിബിഐക്ക് കോടതി നിര്‍ദേശം നല്‍കണമെന്നാണ് എം.എല്‍. ശര്‍മ പൊതുതാത്പര്യ ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.


ഇരട്ട പൌരത്വമുണ്െടന്നു സ്വയം വെളിപ്പെടുത്തിയ രാഹുലിന്റെ ഇന്ത്യന്‍ പൌരത്വവും ലോക്സഭാംഗത്വവും റദ്ദാക്കണമെന്നു സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയുമായി രംഗത്തെത്തിയ രാഹുല്‍, തനിക്കെതിരേ അന്വേഷണം നടത്താന്‍ നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.