ഭക്ഷണം മൌലികാവകാശമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
ഭക്ഷണം മൌലികാവകാശമെന്ന്  മനുഷ്യാവകാശ കമ്മീഷന്‍
Tuesday, October 13, 2015 12:12 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം ഭക്ഷിച്ചെന്നാ രോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്ന സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. എന്നാല്‍, നിലവില്‍ ന്യൂനപക്ഷ കമ്മീഷന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസില്‍ മനുഷ്യാവകാശ കമ്മീഷനു സ്വയം കേസെടുക്കാനാവില്ലെന്ന് ആക്ടിംഗ് ചെയര്‍പേഴ്സന്‍ ജസ്റീസ് സിറിയക് ജോസഫ് വ്യക്തമാക്കി. രാജ്യമൊട്ടാകെ ആശങ്കയിലായിരിക്കുന്ന ബീഫ് നിരോധന വിഷയത്തില്‍ തിടുക്കത്തില്‍ ഒരു തീരുമാനം എടുക്കാനാവില്ലെന്നും ജസ്റീസ് സിറിയക് ജോസഫ് വ്യക്തമാക്കി. ദേശീയപ്രാധാന്യമുള്ള ഒരു വിഷയം എന്ന നിലയില്‍ ഇക്കാര്യത്തില്‍ കമ്മീഷനു ധൃതിയില്‍ ഒരു തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ല.

അത്യധികം സങ്കീര്‍ണമായ വിഷയമെന്ന നിലയില്‍ ഏറെ ഉത്തരവാദിത്വ ബോധത്തോടെയും പക്വതയോടെയും ഇടപെടേണ്ട വിഷയമാണിത്. വിശദമായ പരിശോധനകള്‍ക്കും പഠനത്തിനും ശേഷവുമേ മനുഷ്യാവകാശ കമ്മീഷന്‍ ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള നടപടികളെടുക്കൂ എന്നും ജസ്റീസ് വ്യക്തമാക്കി.

അതേസമയം, ഭക്ഷണം എന്നതു പൌരന്റെ മൌലികാവകാശവുമായി ബന്ധപ്പെട്ട കാര്യമാണ്. അക്കാര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നു കരുതാനാവില്ലെന്നും ജസ്റീസ് സിറിയക് ജോസഫ് കൂട്ടിച്ചേര്‍ത്തു. എന്തു കഴിക്കണം, എന്തു ധരിക്കണം എന്നതൊക്കെ വ്യക്തിപരമായ തീരുമാനങ്ങള്‍ക്കു വിട്ടുകൊടുക്കേണ്ട കാര്യമാണ്. പല രാജ്യങ്ങളിലും പലതരം ഭക്ഷണ ശീലങ്ങളാണുള്ളത്. ഇന്ത്യയില്‍ പോലും വിവിധ സംസ്ഥാനങ്ങളില്‍ വിഭിന്നമായ ഭക്ഷണ ശീലങ്ങളാണുള്ളത്. ഒരു പൌരന്റെ വ്യക്തിഗത വിഷയങ്ങള്‍ എന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ കര്‍ക്കശ നിലപാടുകളും നിയന്ത്രണങ്ങളും ഉണ്ടാകുന്നതു നല്ലതല്ല എന്ന അഭിപ്രായമാണുള്ളത്.

സംഭവസമയത്ത് മെക്സിക്കോയില്‍ ആയിരുന്നിട്ടും നടപടിയെടുക്കാന്‍ കമ്മീഷനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംഭവത്തില്‍ ഇടപെടുകയും നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ന്യൂനപക്ഷ കമ്മീഷന്‍ ഇപടപെട്ടിരിക്കുന്ന സാഹചര്യത്തില്‍ അതിന്‍മേല്‍ നടിപടികളെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷനു സാധ്യമല്ല. മറ്റു ദേശീയ, സംസ്ഥാന അന്വേഷണസമിതികളുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെട്ടു നടപടിയെടുക്കുന്നതില്‍നിന്നും ചട്ടം 36(1) മനുഷ്യാവകാശ കമ്മീഷനെ വിലക്കുന്നുണ്ട്. എന്നിരിക്കലും മനുഷ്യാവകാശ കമ്മീഷനു ദാദ്രി സംഭവത്തില്‍ ഇടപെടുന്നതിനുള്ള സാധ്യതകള്‍ ആരായുന്നുണ്െടന്നും ജസ്റീസ് സിറിയക് ജോസഫ് വ്യക്തമാക്കി.

മുംബൈയില്‍ ശിവസേനയുടെ വിലക്കിനെത്തുടര്‍ന്നു പ്രശസ്ത പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീതപരിപാടി റദ്ദാക്കിയതും ഇന്നലെ ഒആര്‍എഫ് ചെയര്‍മാന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഭവവും കമ്മീഷന്‍ പരിശോധിക്കും. ഇതും മൌലികാവകാശ ലംഘനങ്ങള്‍ തന്നെയാണ്. സംസ്ഥാന സര്‍ക്കാരും അധികൃതരും കൃത്യവിലോപം നടത്തിയിട്ടുണ്േടാ എന്നും പരിശോധിക്കും.


എഴുത്തുകാരന്‍ എം.എം. കല്‍ബുര്‍ഗി വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ എന്തു നടപടിയാണു കമ്മീഷന്‍ സ്വീകരിച്ചതെന്ന ചോദ്യത്തിന് കേസ് കമ്മീഷന്റെ മുന്നില്‍ വന്നിട്ടില്ലെന്നായിരുന്നു മറുപടി.

എന്നാല്‍, ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയെത്തുടര്‍ന്ന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്തു നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ തമിഴ്നാട് സര്‍ക്കാരില്‍നിന്നു വിശദീകരണം തേടിയെന്നും ഇക്കാര്യത്തില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും സിറിയക് ജോസഫ് പറഞ്ഞു.

ഇടപെടലുകള്‍ക്കു പരിമിതികളുണ്ട്

ന്യൂഡല്‍ഹി: മനുഷ്യാവകാശ ലംഘനം കണ്ടാല്‍ ബന്ധപ്പെട്ട സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ മനുഷ്യാവകാശ കമീഷനു കഴിയൂ എന്നും നിര്‍ദേശം സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ക്കുമേല്‍ നിര്‍ബന്ധം ചെലുത്താന്‍ കഴിയില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സന്‍ ജസ്റീസ് സിറിയക് ജോസഫ് വ്യക്തമാക്കി. നടപടിക്കു നിര്‍ബന്ധിക്കുന്ന കാര്യത്തില്‍ കമ്മീഷനു പരിമിതിയുണ്ട്. അത്തരം അഭിപ്രായമുള്ളവര്‍ അത് ഉയര്‍ത്തിക്കൊണ്ടുവരികയും പാര്‍ലമെന്റിനെ ബോധ്യപ്പെടുത്തി നിയമം ഭേദഗതി ചെയ്യാന്‍ അവസരമൊരുക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്മീഷന്റെ 22-ാം സ്ഥാപകവാര്‍ഷിക ദിനത്തോടനുബന്ധിച്ചു മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ 95 ശതമാനവും സര്‍ക്കാര്‍ അംഗീകരിക്കാറുണ്ട്. നിര്‍ദേശം അംഗീകരിക്കാന്‍ മടിച്ച ഗുജറാത്ത് സര്‍ക്കാരിനെതിരേ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു കമ്മീഷനു ലഭിക്കുന്ന പരാതിയില്‍ ഭൂരിപക്ഷവും പോലീസിനെതിരാണ്. കഴിഞ്ഞ വര്‍ഷം പോലീസിനെതിരേ ലഭിച്ച 36,332 പരാതികളില്‍ 27,891 എണ്ണവും തീര്‍പ്പാക്കി.

എന്നാല്‍, അര്‍ധസൈനിക വിഭാഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. പരാതിയുടെ സ്ഥിതിവിവരം ചോദിക്കാനുള്ള അധികാരം മാത്രമാണ് കമ്മീഷനുള്ളത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും ഹര്‍ജി തള്ളിപ്പോവുകയാണുണ്ടായതെന്നും ജസ്റ്റീസ് സിറിയക് ജോസഫ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.