മദര്‍ തെരേസ സ്ഥാപിച്ച അനാഥാലയങ്ങള്‍ പൂട്ടുന്നു
മദര്‍ തെരേസ സ്ഥാപിച്ച അനാഥാലയങ്ങള്‍ പൂട്ടുന്നു
Saturday, October 10, 2015 12:37 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദത്തെടുക്കലുമായി ബന്ധപ്പെട്ടു കേന്ദ്ര വനിത, ശിശുക്ഷേമ മന്ത്രാലയം പുതുതായി കൊണ്ടുവന്ന മാനദണ്ഡങ്ങളോടു വിയോജിച്ചു വാഴ്ത്തപ്പെട്ട മദര്‍ തെരേസ സ്ഥാപിച്ച, മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം നടത്തുന്ന അനാഥാലയങ്ങള്‍ അടച്ചു പൂട്ടുന്നു. തങ്ങളുടെ 13 അനാഥാലയങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു മിഷനറീസ് ഓഫ് ചാരിറ്റി കേന്ദ്ര സര്‍ക്കാരിനു കത്തയച്ചു. വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ക്കും ഒറ്റയ്ക്കു ജീവിക്കുന്നവര്‍ക്കും കുട്ടികളെ ദത്തെടുക്കാന്‍ അനുവാദം നല്കണമെന്നുള്ള സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിയുടെ (സിഎആര്‍എ) നിര്‍ദേശത്തോടുള്ള വിയോജിപ്പാണ് മിഷനറീസ് ഓഫ് ചാരിറ്റി അറിയിച്ചത്.

മന്ത്രാലയം കൊണ്ടുവന്ന മാനദണ്ഡങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ തയാറല്ലെന്ന നിലപാടാണു കേന്ദ്രമന്ത്രി മേനക ഗാന്ധിയുടേത്. 2014ല്‍ ഭേദഗതി ചെയ്ത ജുവനൈല്‍ ജസ്റീസ് നിയമ പ്രകാരമാണ് മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതെന്നും അതു പാലിക്കാനാവാത്തതിനാല്‍ രജിസ്ട്രേഷന്‍ പിന്‍വലിക്കണമെന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മേനക അറിയിച്ചു.

മാനദണ്ഡങ്ങള്‍ പാലിക്കാതെ മറ്റൊരു വഴിക്കു പോകാനാണു മദര്‍ തെരേസ ഫൌണ്േടഷന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഏകീകൃത മതനിരപേക്ഷ അജന്‍ഡയിലേക്കു കൊണ്ടുവരാനാണു സര്‍ക്കാര്‍ ശ്രമിച്ചത്. അവര്‍ മാനദണ്ഡങ്ങളോടുള്ള വിയോജിപ്പ് തുടരുകയാണെങ്കില്‍ കുട്ടികളെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റേണ്ടി വരുമെന്നും മേനക ഗാന്ധി പറഞ്ഞു.


ഫൌണ്േടഷന്റെ അനാഥാലയങ്ങളിലുള്ള കുട്ടികളെ വേര്‍പിരിഞ്ഞു താമസിക്കുന്ന, ഒറ്റയ്ക്കു താമസിക്കുന്ന ആളുകള്‍ക്ക് ദത്ത് നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണു മിഷനറീസ് ഓഫ് ചാരിറ്റി. അതു പരമ്പരാഗതമായി തങ്ങള്‍ തുടരുന്ന ആശയങ്ങള്‍ക്കു യോജിച്ചതല്ല. അതിനു നിര്‍ബന്ധിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് അനാഥാലയങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഫൌണ്േടഷന്‍ പറയുന്നു.

അതേസമയം, ജുവൈനല്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വന്നിരിക്കുന്ന നിയമ പരിഷ്കാരങ്ങള്‍ രാജ്യത്തെ അനാഥാലയങ്ങള്‍ പാലിക്കുന്നുണ്േടാ എന്ന് അറിയുന്നതിനായി നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സിന്റെയും ചൈല്‍ഡ് ലൈനിന്റെയും സഹകരണത്തോടെ സര്‍വെ സംഘടിപ്പിക്കാന്‍ ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.