ദാദ്രി: കേന്ദ്രമന്ത്രിക്കും എംഎല്‍എയ്ക്കും എതിരേ കേസ്
ദാദ്രി: കേന്ദ്രമന്ത്രിക്കും എംഎല്‍എയ്ക്കും എതിരേ കേസ്
Wednesday, October 7, 2015 11:42 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദാദ്രിയില്‍ പ്രകോപനപരമായി പ്രസ്താവന നടത്തുകയും പ്രസംഗിക്കുകയും ചെയ്ത കേന്ദ്രമന്ത്രി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തെന്ന് ഉത്തര്‍പ്രദേശ് പോലീസ്. കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ, എംഎല്‍എ സംഗീത് സോം, ബിഎസ്പി നേതാവ് നസീമുദ്ദീന്‍ സിദ്ദിഖി എന്നിവര്‍ക്കെതിരേ കേസെടുത്തെന്നു എസ്പി സഞ്ജയ് കുമാര്‍ യാദവ് ജില്ലാ മജിസ്ട്രേറ്റിനെയാണ് അറിയിച്ചത്. നിരോധനാജ്ഞ ലംഘിച്ചതിനാണു കേസെടുത്തതെന്നും നിര്‍ദേശങ്ങള്‍ മറികടന്നും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയായിരുന്നെന്നും പോലീസ് പറയുന്നു.

കൊലപാതകത്തില്‍ അറസ്റിലായവര്‍ നിരപരാധികളാണെങ്കില്‍ തക്കതായ മറുപടി നല്‍കുമെന്നായിരുന്നു മുസഫര്‍ നഗറിലെ വര്‍ഗീയ കലാപത്തില്‍ ആരോപണവിധേയനായ ബിജെപി എംഎല്‍എ സംഗീത് സോം പ്രസ്താവന നടത്തിയത്. കേന്ദ്രമന്ത്രിയും സ്ഥലത്തെ എംപിയുമായ മഹേഷ് ശര്‍മയും പോലീസ് നടപടികള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുന്നയിച്ചിരുന്നു.

ഗോമാംസം കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് ആഖ്ലാഖിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, കൊലപാതകത്തിനു കാരണമെന്തെന്ന കാര്യത്തില്‍ കശാപ്പ് നിരോധിച്ച ഒരു മൃഗത്തിന്റെ ഇറച്ചി കഴിച്ചെന്ന തരത്തില്‍ അഭ്യൂഹം പരന്നെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് വാര്‍ത്തകള്‍. ബീഫ്, മാട്ടിറച്ചി, ഗോവധം, ഗോമാംസം തുടങ്ങിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയിട്ടുണ്െടന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. കൊല്ലാന്‍ പാടില്ലാത്ത മൃഗത്തിന്റെ മാംസം കഴിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ആഖ്ലാഖിനെ കൊലപ്പെടുത്തിയതെന്നാണ് രണ്ട് പേജുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതെന്നും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഗമനത്തിലെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊലപാതകത്തിനു ശേഷമുണ്ടായ സംഘര്‍ഷാവസ്ഥ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുന്നതിനൊപ്പം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിദ്വേഷാത്മകങ്ങളായ പോസ്റുകള്‍ നിയന്ത്രിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ട്വിറ്റര്‍ അടക്കമുള്ള വെബ്സൈറ്റുകള്‍ക്കും കത്തയച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.