ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമായി മാറ്റും: മോദി
ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമായി മാറ്റും: മോദി
Wednesday, October 7, 2015 11:41 PM IST
ബംഗളൂരു: ഇന്ത്യയെ ആഗോള ഉത്പാദനകേന്ദ്രമായി മാറ്റാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളമാന്ദ്യത്തിനിടയിലും ഏറ്റവും നിക്ഷേപസാധ്യതകളുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനൊപ്പം ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജര്‍മനിയുമായുള്ള ഇന്ത്യയുടെ വ്യാപാര സഹകരണം ശക്തമാക്കും. കഴിഞ്ഞ 15 മാസമായി ഇന്ത്യയെ നിക്ഷേപസൌഹൃദമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുറത്തുനിന്നുള്ള നൂതനസാങ്കേതിക വിദ്യയെയും നിക്ഷേപങ്ങളെയും സ്വീകരിക്കാന്‍ ഇന്ത്യ തയാറായിക്കഴിഞ്ഞു. ഇന്ത്യയിലെ സമര്‍ഥരായ യുവാക്കള്‍ വലിയ ശമ്പളം ലഭിക്കുന്ന ജോലികളേക്കാള്‍ സ്വയം സംരംഭകരാകാനാണ് ഇഷ്ടപ്പെടുന്നത്. വെല്ലുവിളികള്‍ നേരിട്ട് സ്വയം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. സ്റാര്‍ട്ട് അപ്പുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.

ഇന്ത്യയിലെ നികുതി വ്യവസ്ഥ സുതാര്യമായിരിക്കുമെന്ന് ഉറപ്പുവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത് 2016ല്‍ പുതിയ ചരക്കുസേവന നികുതി നയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റൈസിംഗ് ടുമോറോ ടുഗെദര്‍ എന്ന പേരില്‍ നടന്ന ഉച്ചകോടി ഐടി കൂട്ടായ്മയായ നാസ്കോമാണ് സംഘടിപ്പിച്ചത്.

ലോകത്തിന്റെ ഹാര്‍ഡ്വെയറിനെ നിയന്ത്രിക്കുന്ന ഇന്ത്യന്‍ സോഫ്റ്റ്വെയറാണ് ഡിജിറ്റല്‍ ഇന്ത്യയെന്നു നരേന്ദ്ര മോദി പറഞ്ഞു. നിക്ഷേപ, അടിസ്ഥാനസൌകര്യ ഫണ്ടായി പ്രതിവര്‍ഷം 20,000 കോടി രൂപ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിയുമായി മികച്ച ബന്ധമാണ് ഇന്ത്യക്കുള്ളത്. എന്നാല്‍, അതു പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂന്നി ഗവേഷണം, വികസനം, നിര്‍മാണം എന്നീ മേഖലകളിലെ സഹകരണത്തിനാണ് ഇരുരാജ്യങ്ങളും ഊന്നല്‍ നല്കുന്നത്.

ജര്‍മനിയുടെ എന്‍ജിനിയറിംഗ് വൈദഗ്ധ്യവും ഇന്ത്യയുടെ ഐടി പരിജ്ഞാനവും ബംഗളൂരുവില്‍ ഒന്നിക്കുന്നുവെന്ന് ആംഗല മെര്‍ക്കല്‍ പറഞ്ഞു. ഏഷ്യയുടെ സിലിക്കണ്‍ വാലിയാണ് ഇന്ത്യ. ജര്‍മനി ജനസംഖ്യാ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയില്‍ കഴിവുള്ളവര്‍ ഒരുപാട് പേരുണ്ട്. എന്നാല്‍, ജര്‍മനി മികച്ച കഴിവുള്ളവരുടെ അപര്യാപ്തത നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ സഹകരണം ആവശ്യമാണ്. റെയില്‍വേ, അടിസ്ഥാനസൌകര്യവികസനം, ഊര്‍ജം തുടങ്ങിയ മേഖലകളിലും ഇന്ത്യയുമായി സഹകരിക്കാന്‍ ശ്രമിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു. കഴിഞ്ഞ 15 മാസങ്ങളായി ഇന്ത്യയിലുണ്ടായിരിക്കുന്ന വികസനം ആശാവഹമാണ്. ഇന്ത്യന്‍ നിക്ഷേപത്തെ ജര്‍മനി സ്നേഹപൂര്‍വം സ്വീകരിക്കുണ്െടന്നും അവര്‍ പറഞ്ഞു.


ജര്‍മന്‍ കമ്പനിയായ ബോഷിന്റെ അഡുഗോഡിയിലെ ഓട്ടോമോട്ടീവ് പ്ളാന്റും ബംഗളൂരുവിലെ റോബര്‍ട്ട് ബോഷ് എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്നോവേഷന്‍ സെന്ററും മോദിയും മെര്‍ക്കലും സന്ദര്‍ശിച്ചു. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളുമായി ബന്ധപ്പെട്ട് കമ്പനി അധികൃതരുമായി മോദിയും മെര്‍ക്കലും ആശയവിനിമയം നടത്തി. കമ്പനി യുവാക്കള്‍ക്കു നല്‍കുന്ന പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി അധികൃതര്‍ ഇരുവരുമായി പങ്കുവച്ചു. ബോഷ് വൊക്കേഷണല്‍ സെന്ററിലെ ജീവനക്കാര്‍ നിര്‍മിച്ച “മെയ്ക്ക് ഇന്‍ ഇന്ത്യ സിംഹത്തിന്റെ ‘ ചെറുമാതൃക കമ്പനി അധികൃതര്‍ ഇരുവര്‍ക്കും സമ്മാനിച്ചു. ഇന്ത്യയിലെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബോഷ് കമ്പനി ഈവര്‍ഷം 650 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി ബോര്‍ഡ് അംഗം പീറ്റര്‍ റൈക്കോളര്‍ അറിയിച്ചു. ബോഷിന്റെ ഇന്ത്യയിലെ വിജയകഥയ്ക്കു പിന്നില്‍ ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെ സംഭാവന വളരെ വലുതാണെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ മെര്‍ക്കല്‍ ന്യൂഡല്‍ഹിയില്‍നിന്ന് തിങ്കളാഴ്ച രാത്രിയാണ് ബംഗളൂരുവിലെത്തിയത്. പ്രധാനമന്ത്രി ഇന്നലെ രാവിലെ എത്തി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗവര്‍ണര്‍ വാജുഭായ് വാല, കേന്ദ്രമന്ത്രിമാരായ ആനന്തകുമാര്‍, ഡി.വി. സദാനന്ദഗൌഡ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ജര്‍മന്‍ കമ്പനി സന്ദര്‍ശനത്തിനെത്തിയിരുന്നു. നേതാക്കളുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ബംഗളൂരുവില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.