മൈസൂരു ദസറ: ജ്യോതിഷി പറഞ്ഞപ്രകാരം തീയതി മാറ്റിയതില്‍ പ്രതിഷേധം
Monday, October 5, 2015 12:51 AM IST
മൈസൂരു: മൈസൂരുവിലെ ചരിത്രപ്രസിദ്ധമായ ദസറ ആഘോഷങ്ങള്‍ക്ക് ഈമാസം 13ന് ചാമുണ്ഡി മലയില്‍ തുടക്കമാകും. നേരത്തെ 14ന് ഉദ്ഘാടനം തീരുമാനിച്ചിരുന്നുവെങ്കിലും ജ്യോതിഷികളുടെ നിര്‍ദേശപ്രകാരം തീയതി മാറ്റുകയായിരുന്നുവെന്നു ദസറയുടെ ചുമതലയുള്ള മന്ത്രി വി. ശ്രീനിവാസ പ്രസാദ് പറഞ്ഞു. ജ്യോതിഷ നിര്‍ദേശപ്രകാരം ദസറ ആഘോഷത്തിന്റെ സമയക്രമം മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വിവിധ പുരോഗമന സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നു വിമര്‍ശനം. 14 മുതല്‍ 23 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ആഘോഷപരിപാടികള്‍ ജ്യോതിഷികളുടെ നിര്‍ദേശപ്രകാരം 13 മുതല്‍ 22 വരെയാണു നടത്തുന്നത്. വിജയദശമിക്കു പകരം മഹാനവമിക്കു സമാപിക്കും വിധത്തില്‍ ദസറ ആഘോഷങ്ങള്‍ ക്രമീകരിച്ചതില്‍ മൈസൂരുവിലെ വൊഡയാര്‍ രാജകുടുംബത്തിനും അതൃപ്തിയുണ്ട്.

കര്‍ഷക ദസറയായതിനാല്‍ എച്ച്ഡി കോട്ടയിലെ മുതിര്‍ന്ന കര്‍ഷകന്‍ പുട്ടയ്യ ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചു വിളക്കു തെളിക്കും. കര്‍ഷക ആത്മഹത്യയുടെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കു പ്രാമുഖ്യം നല്കിയാണു ദസറ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.


ആഘോഷങ്ങളുടെ ഭാഗമായി ജംബോ സവാരി 22നു നടക്കും. 14 മുതല്‍ 25 വരെ കുപ്പണ പാര്‍ക്കില്‍ ദസറ പുഷ്പമേള നടക്കും. പൈതൃകനഗരമായ ഹംപിയിലെ കല്‍മണ്ഡപത്തെ റോസാപ്പൂക്കള്‍കൊണ്ട് ഒരുക്കുന്ന മാതൃകയായിരിക്കും ഈവര്‍ഷത്തെ പുഷ്പമേളയുടെ പ്രധാന ആകര്‍ഷണം. 12 ദിവസം നീണ്ടുനില്ക്കുന്ന പ്രദര്‍ശനത്തില്‍ 75,000 പുഷ്പങ്ങളും 15,000 സസ്യ ഇനങ്ങളും വില്പനയ്ക്കുണ്ടായിരിക്കും.

14 മുതല്‍ ജനുവരി 11 വരെ എക്സിബിഷന്‍ ഗ്രൌണ്ടില്‍ ദസറ എക്സ്പോയും നടക്കും. പ്രദര്‍ശനം കാണാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിനുള്ള സൌകര്യവും ഇത്തവണ ഒരുക്കുന്നുണ്ട്. ദസറ ആഘോഷങ്ങളുടെ കലാസാംസ്കാരിക വിരുന്നില്‍ ഇത്തവണ 18 ഇനം കലാപരിപാടികളാണ് അരങ്ങേറുന്നത്. ഒരു ദിവസം രണ്ടു കലാപരിപാടികള്‍ വീതം അരങ്ങേറും. ഹംഗറിയില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാടന്‍ കലാ ഇനങ്ങളായിരിക്കും പ്രധാന ആകര്‍ഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.