ബിഹാര്‍: ജനതാപരിവാറില്‍ നിന്നു മുലായം പിന്‍മാറി
ബിഹാര്‍: ജനതാപരിവാറില്‍  നിന്നു മുലായം പിന്‍മാറി
Friday, September 4, 2015 12:05 AM IST
ലക്നോ: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു രൂപീകരിച്ച, ബിഹാറിലെ ജനതാ പാര്‍ട്ടികളുടെ സഖ്യം തെരഞ്ഞെടുപ്പിനു മുമ്പേ പ്രതിസന്ധിയിലേക്ക്. ബിഹാറില്‍ നിതീഷിനും ലാലുവിനുമൊപ്പം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച സമാജ്വാദി പാര്‍ട്ടി മൂന്നാം മുന്നണിക്കായി ശ്രമം തുടങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

ഏറെ അപമാനങ്ങള്‍ ഏറ്റുവാങ്ങിയെന്നും സീറ്റ് വിഭജനത്തില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നുമാണു മുലായം സിംഗിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയുടെ പരാതി. ബിഹാറില്‍ ഒറ്റയ്ക്കു മത്സരിക്കാനാണു തീരുമാനമെന്നു പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവ് അറിയിച്ചു. സഖ്യത്തിലെ വലിയ കക്ഷികള്‍ സീറ്റ് വിഭജനചര്‍ച്ചകളില്‍ സഹകരിപ്പിച്ചില്ല. സഖ്യംസംബന്ധിച്ച ധാര്‍മികതകള്‍ക്കു നിരക്കുന്നതല്ല ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വെല്ലുവിളിയുയര്‍ത്തി ദേശീയതലത്തില്‍ രൂപീകരിച്ച ജനതാപരിവാറിന്റെ ശക്തിതെളിയിക്കുന്നതിനുള്ള സുപ്രധാന വേദിയായിട്ടാണ് ബിഹാര്‍ തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. മുലായം സിംഗിന്റെ നേതൃത്വത്തില്‍ ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന് ഈവര്‍ഷം ആദ്യമാണു ഡല്‍ഹിയില്‍ ജനതാപരിവാറിനു രൂപം നല്‍കിയത്. അതേ നേതാവിന്റെ പാര്‍ട്ടി തന്നെ ജനതാ പരിവാറിനെ തള്ളിപ്പറയുകയുമാണിപ്പോള്‍. അതേസമയം സഖ്യം തകരാതെ നോക്കുമെന്ന് ഐക്യജനതാദള്‍ നേതാവ് ശരത് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്പിക്ക് അഞ്ചു സീറ്റാണ് ലാലു പ്രസാദിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയും നിതീഷ് കുമാറിന്റെ ജനതാദള്‍-യുവും നീക്കിവച്ചത്. 47 സീറ്റുകള്‍ വേണമെന്നായിരുന്നു തുടക്കത്തിലേ സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടത്. തുടര്‍ന്ന് അത് 27 ലേക്കും 17 ലേക്കും താഴ്ന്നു. ഒടുവില്‍ 12 സീറ്റുകളില്‍ മത്സരിക്കാമെന്നു സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞമാസം 12 നു ചേര്‍ന്ന യോഗത്തില്‍ ഒരൊറ്റ സീറ്റ് പോലും സമാജ്വാദി പാര്‍ട്ടിക്ക് അനുവദിച്ചില്ല. ഇതേത്തുടര്‍ന്നു സംസ്ഥാന പ്രസിഡന്റ് രാംചന്ദര്‍ സിംഗ് യാദവ് നിരാഹാരസമരം പ്രഖ്യാപിച്ചു. സീറ്റ് വിഭജനത്തിലെ അതൃപ്തി മൂലം ഇതിനിടെ ശരദ്പവാറിന്റെ നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) സഖ്യം വിട്ടിരുന്നു. ഇതോടെ എന്‍സിപിക്കു അനുവദിച്ച മൂന്ന് സീറ്റുകളും സ്വന്തം അക്കൌണ്ടില്‍ നിന്നു രണ്ടു സീറ്റുകളും സമാജ്വാദിപാര്‍ട്ടിക്ക് നല്‍കാന്‍ ലാലു പ്രസാദ് യാദവ് തയാറായി. ഐക്യജനതാദളും രാഷ്ട്രീയ ജനതാദളും സംസ്ഥാനത്ത് നൂറു വീതം സീറ്റുകളിലാണു മത്സരിക്കുന്നത്. കോണ്‍ഗ്രസിന് 40 സീറ്റുകള്‍ നല്‍കിയിട്ടുണ്ട്.


തെരഞ്ഞെടുപ്പു സഖ്യത്തിന്റെ ധാര്‍മികതയ്ക്കു നിരക്കാത്ത ഈ നടപടികളില്‍ മുതിര്‍ന്ന നേതാക്കളും സാധാരണ പ്രവര്‍ത്തകരും പാര്‍ട്ടിയുടെ ബിഹാര്‍ ഘടകവും അതൃപ്തരായിരുന്നുവെന്നു രാം ഗോപാല്‍ യാദവ് പറഞ്ഞു. ബിഹാറില്‍ എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യം പിന്നീടു പ്രഖ്യാപിക്കും. ജനതാപരിവാറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എന്തു പരിവാര്‍, ഏതു പരിവാര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. മറ്റുചില പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നുണ്െടങ്കിലും അവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് അപക്വമാണെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തിന്റെപേരില്‍ സഖ്യത്തില്‍ നിന്നു പിന്‍മാറിയ നാഷണലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാംമുന്നണിക്കുവേണ്ടി ശ്രമം തുടരുമെന്നു നാഷണലിസ്റ് കോണ്‍ഗ്രസും പ്രഖ്യാപിച്ചു.

എന്നാല്‍, എസ്പിയുടെ പിന്മാറ്റം തെരഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിക്കില്ലെന്നു വിലയിരുത്തപ്പെടുന്നു. മുലായം സിംഗിന് സംസ്ഥാനത്തു പരിമിതമായ ബഹുജനപിന്തുണയേയുള്ളൂ. 2010ലെ തെരഞ്ഞെടുപ്പില്‍ 146 സീറ്റുകളില്‍ മത്സരിച്ചുവെങ്കിലും ഒരു സീറ്റില്‍പ്പോലും സമാജ്വാദി പാര്‍ട്ടിക്കു വിജയിക്കാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.