വിമാനക്കൂലി: ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നു മോദി
വിമാനക്കൂലി: ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നു മോദി
Thursday, September 3, 2015 12:24 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഉത്സവ കാലങ്ങളില്‍ യാത്രാനിരക്ക് കുത്തനെ കൂട്ടുന്നുവെന്ന മലയാളി യാത്രക്കാരുടെ പരാതിക്കു പരിഹാരം കാണണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം ആശങ്ക ഉണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി എത്രയും വേഗം പരിഹാരം കാണണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. ഓണം അവധിക്കു ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു മടങ്ങുന്ന യാത്രക്കാരില്‍ നിന്നും വിമാനക്കമ്പനികള്‍ വന്‍ യാത്രക്കൂലി ഈടാക്കുന്നു എന്നു ചൂണ്ടിക്കാട്ടി മലയാളികള്‍ പ്രധാനമന്ത്രിക്കു പരാതി നല്‍കിയിരുന്നു.

യുഎഇ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നാണ് സൂചന. ഉത്സവ കാലങ്ങളില്‍ വന്‍തുക ഈടാക്കുന്നതിനു പരിഹാരം കാണണമെന്ന് പ്രധാനമന്ത്രിയില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മയും വ്യക്തമാക്കി.


അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളിലെ യാത്രാനിരക്ക് നിയന്ത്രിക്കുന്നതിന് എന്തൊക്കെ ചെയ്യാനാകുമെന്ന് പരിശോധിക്കുന്നുണ്ട്. സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതുവഴി യാത്രാനിരക്ക് കുറയ്ക്കാനാണ് വ്യോമയാന മന്ത്രലയത്തിന്റെ ആലോചന.

വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിമാനക്കമ്പനികള്‍ ഈടാക്കുന്ന അധിക യാത്രാനിരക്കു സംബന്ധി ച്ച് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ നേരത്തേ വിലയിരുത്തിയിരുന്നു. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും റീഷെഡ്യൂള്‍ ചെയ്യുന്നതിനും ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ജെറ്റ് എയര്‍വേഴ്സ് തുടങ്ങിയ കമ്പനികള്‍ വന്‍ തുക ഈടാക്കുന്നതായുള്ള പരാതികളെ തുടര്‍ന്നായിരുന്നു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.