ആര്‍എസ്എസ് പിടിമുറുക്കുന്നു
Thursday, September 3, 2015 12:24 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനു മുന്നില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അടിയന്തര തീരുമാനമെടുക്കണമെന്ന കര്‍ശന നിര്‍ദേശങ്ങളുമായി ആര്‍എസ്എസ്.

വിമുക്ത ഭടന്‍മാരുടെ സമരം 80 ദിവസം പിന്നിടുമ്പോഴാണു വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് ആര്‍എസ്എസ് നിര്‍ദേശിക്കുന്നത്. ഇതു സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് ആര്‍എസ്എസ് നരേന്ദ്ര മോദി സര്‍ക്കാരിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. സംഘപരിവാറിന്റെ അതൃപ്തിക്കു മുന്നില്‍, കഴിയും വിധത്തില്‍ ഉടന്‍ പരിഹാരം ഉണ്ടാക്കാമെന്നാണു സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, എം. വെങ്കയ്യ നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായും വിശ്വഹിന്ദുപരിഷത് പ്രസിഡന്റ്പ്രവീണ്‍ തൊഗാഡിയയുമായും നടത്തിയ കൂടിക്കാഴ്ചയിലാണു വിമുക്ത ഭടന്‍മാരുടെ വിഷയത്തില്‍ അടിയന്തര തീരുമാനമെടുക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ വച്ചത്.

ഡല്‍ഹിയില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്ത സംഘപരിവാര്‍ സംഘടനകളുടെ സംയുക്ത യോഗത്തിനിടെയാണ് ആര്‍എസ്എസ് ഇന്നലെ സര്‍ക്കാരിനു മുന്നില്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിഷയം ഉന്നയിച്ചത്.

ഉത്തരേന്ത്യയിലെമ്പാടും സമൂഹത്തില്‍ നിര്‍ണായക സ്വാധീനമുള്ള വിമുക്തഭടന്‍മാരുടെ കാര്യത്തില്‍ എത്രയും പെട്ടെന്നു സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നാ ണ് ആര്‍എസ്എസ് നിര്‍ദേശി ച്ചിരിക്കുന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി എത്രയും വേഗം പ്രഖ്യാപിക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്നാണ് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചിരു ന്നെങ്കില്‍ വിമുക്തഭടന്‍മാരുടെ രാജ്യവ്യാപക സമരവും ഡല്‍ഹിയിലെ നിരാഹാര സമരവും ഒഴിവാക്കാനാകുമായിരു ന്നെന്ന് ആര്‍എസ്എസ് നിരീക്ഷിക്കുന്നു. മൂന്നു ദിവസങ്ങളിലായി 17 സംഘപരിവാര്‍ സംഘടനകളില്‍നിന്ന് 93 പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ കേരളത്തിലെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വളര്‍ച്ചയും സംസ്ഥാനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും ചര്‍ച്ചചെയ്യും. ഗുജറാത്തില്‍നിന്ന് ഉയര്‍ന്നുവന്ന പട്ടേല്‍ സംവരണ വിഷയവും ബിഹാര്‍ തെരഞ്ഞെടുപ്പും ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യവും ചര്‍ച്ച ചെയ്യും. അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മാണമെന്ന ആവശ്യമാണ് വിശ്വ ഹിന്ദുപരിഷത്ത് ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഈ വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും വിഎച്ച്പി ആവശ്യപ്പെടും.


ഡല്‍ഹിയിലെ സംഘപരിവാര്‍ യോഗത്തില്‍ കഴിഞ്ഞ 15 മാസത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം അടിമുടി വിലയിരുത്തുമെന്നാണു വിവരം. പ്രധാനമന്ത്രിയടക്കം കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെ ടുക്കുന്നുണ്ട്. അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ്, മനോഹര്‍ പരീക്കര്‍, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു, അനന്ദ് കുമാര്‍, ജെ.പി. നദ്ദ തുടങ്ങിയ മന്ത്രിമാരും പങ്കെടുക്കും.

ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, വാണിജ്യ മന്ത്രി നിര്‍മല സീതാരാമന്‍, കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് തുടങ്ങിയവര്‍ തങ്ങളുടെ 15 മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും.സര്‍ക്കാരിന്റെ സാംസ്കാരിക വിഷയങ്ങളില്‍ മാത്രമേ ഇടപെടൂ എന്ന നിലപാട് മാറ്റി സാമ്പത്തിക വിഷയങ്ങളിലും നിര്‍ദേശം നല്കാന്‍ ആര്‍ എസ്എസ് തയാറാകും. വിദ്യാഭ്യാസ രംഗത്ത് ഇടത് ആശയങ്ങള്‍ കടന്നു കയറുന്നു എന്ന ആശങ്കയാണ് വിദ്യാഭ്യാസ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരിക. വിദ്യാഭ്യാസ രംഗത്തു തങ്ങളുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് ആര്‍എസ്എസിനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.