പീഡനക്കേസില്‍ നടപടിയില്ല; പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍
Tuesday, September 1, 2015 12:26 AM IST
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരേ നടപടിയെടുക്കാത്ത പോലീസിനെതിരേ ദേശീയ മനൂഷ്യാവകാശ കമ്മീഷന്‍. നാലാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്‍ നിര്‍ദേശിച്ചു.

പതിനഞ്ചുവയസുള്ള പെണ്‍കുട്ടിയെ കഴിഞ്ഞവര്‍ഷം മേയ് 23നാണ് ആദ്യം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതായി സഹോദരന്‍ അലിഗഡിലെ പിസാവ പോലീസ് സ്റേഷനില്‍ പരാതി നല്‍കി. പോലീസ് എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു.

എന്നാല്‍ തന്നെ എസ്ഐയാണ് തട്ടിക്കൊണ്ടുപോയതെന്നും പോലീസ് സ്റേഷനില്‍വച്ച് എസ്ഐയും മറ്റു നാലുപേരും മാനഭംഗപ്പെടുത്തിയെന്നും പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടി അറിയിച്ചു. വിവരം വീട്ടുകാര്‍ അറിഞ്ഞതു മനസിലാക്കിയ എസ്ഐ പെണ്‍കുട്ടിയേയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി കൂസലില്ലാതെ അതേ സ്റേഷനില്‍ത്തന്നെ തുടര്‍ന്നു. ഒരുമാസം കഴിഞ്ഞ് ജൂണ്‍ 25ന് അതേ എസ്ഐയും മറ്റ് എട്ടുപേരുംചേര്‍ന്ന് പെണ്‍കുട്ടിയെ വീണ്ടും പിടിച്ചുകൊണ്ടുപോയി ഉപദ്രവിച്ചു. പോലീസ് സ്റേഷനിലും സീനിയര്‍ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.


പീഡനത്തെക്കുറിച്ച് അന്വേഷിക്കേണ്ട പോലീസ് ഉദ്യോഗസ്ഥന്‍, പ്രതിയായ എസ്ഐ തന്നെയായിരുന്നു എന്നതാണ് രസകരം. മൂന്നാംതവണയും ഇതേ എസ്ഐ തട്ടിക്കൊണ്ടുപോയി.

ഓഗസ്റ് 12ന് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പ്രതിയായ എസ്ഐയ്ക്കെതിരേ ഒരു നടപടിയും എടുക്കാതിരുന്നതില്‍ കോടതി കടുത്ത അമര്‍ഷം രേഖപ്പെടുത്തി. സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പോലീസ് അധികാരികള്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിന്റെ തെളിവാണിതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.