ഭൂമിയേറ്റെടുക്കല്‍: വിവാദവ്യവസ്ഥകള്‍ ഒഴിവാക്കും
Tuesday, August 4, 2015 12:16 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പിനു മുന്നില്‍ വഴങ്ങി ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. പ്രതിപക്ഷത്തിനു പുറമേ സഖ്യകക്ഷിയായ ശിവസേന കൂടി എതിര്‍ത്തതോടെയാണു സര്‍ക്കാരിനു ഗത്യന്തരമില്ലാതെ വ്യവസ്ഥകള്‍ പിന്‍വലിക്കേണ്ടി വന്നത്.

എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന 15 ഭേദഗതികളില്‍ ആറെണ്ണത്തില്‍ സമവായമുണ്ടാക്കാനു ള്ള ചര്‍ച്ചകളാണ് ഇന്നലെ നടന്നത്. 15 ഭേദഗതികളില്‍ ഒമ്പതെണ്ണത്തെയാണു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നത്. ഇന്നു ചേരുന്ന യോഗത്തില്‍ മൂന്നു ഭേദഗതി നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്തും. 2013ല്‍ യുപിഎ സര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ വ്യവസ്ഥകള്‍ അംഗീകരിച്ചു നഷ്ടപരിഹാരം ഉറപ്പാക്കുന്ന വിഷയത്തിലും അതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കു ന്ന കാര്യത്തിലും പുതിയ നിര്‍ദേശങ്ങള്‍ക്കുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയേക്കുമെ ന്നാണു സൂചന. ഇതുസംബന്ധിച്ചുള്ള അന്തിമനിര്‍ദേശങ്ങള്‍ ഇന്നു ചേരുന്ന സെലക്ട് കമ്മിറ്റി യോഗത്തില്‍ ധാരണയാകുമെന്നും അറിയുന്നു.

ഭേദഗതിയിലൂടെ ഒഴിവാക്കപ്പെടേണ്ടതായവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച വ്യവസായ ഇടനാഴി ഒഴിവാക്കാനും ധാരണയായിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന സെലക്ട് കമ്മിറ്റി യോഗത്തില്‍ സര്‍ക്കാരിനെതിരേ ഘടക കക്ഷികള്‍ കൂടി അണിനിരന്നതോടെയാണു വിട്ടുവീഴ്ചയ്ക്കു സര്‍ക്കാരിനു വഴങ്ങേണ്ടി വന്നത്.

പുതിയ വ്യവസ്ഥകളടങ്ങിയ ബി ല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ പാസാക്കാന്‍ കഴിയില്ലെന്നതിനാല്‍ തുടര്‍ച്ചയായി മൂന്നു തവണ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. സമവായമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തു. മുഴുവന്‍ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചുചേര്‍ത്തായിരുന്നു സമവായ ശ്രമം. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്കരിച്ചു. ബിജെപി ഇതര പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാര്‍ വിയോജിപ്പു രേഖപ്പെടുത്തുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്കു പ്രത്യേകം നിയമം ഉണ്ടാക്കാമെന്നായിരുന്നു ഈ യോഗത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.


സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കു തയാറായതോടെ 2013ലെ ഭൂനിയമ ഭേദഗതിയും സാമൂഹ്യാഘാത പഠനം സംബന്ധിച്ച വകുപ്പുകളും വീണ്ടും പരിശോധിക്കുമെന്നാണു സൂചന. ഗ്രാമീണ, നഗര മേഖലകളില്‍ വേര്‍തിരിവില്ലാതെ നാലു മടങ്ങ് നഷ്ടപരിഹാരം നല്‍കാനും ധാരണയായിട്ടുണ്ട്. മുമ്പ് ഇതു ഗ്രാമീണ മേഖലയില്‍ രണ്ടും നഗരങ്ങളില്‍ നാലു മടങ്ങ് എന്ന നിലയിലായിരുന്നു.

ബിജെപി വരുത്തിയ ഭേദഗതി കര്‍ഷകവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മറ്റു പ്രതിപക്ഷ കക്ഷികളും ബില്ലിനെ എതിര്‍ത്തത്. ഭൂമി നഷ്ടപ്പെടുന്ന കര്‍ഷകരില്‍ 80 ശതമാനത്തിന്റെയെങ്കിലും പിന്തുണ വേണമെന്ന നിയമത്തിലെ വ്യവസ്ഥയിലാണു മോദി സര്‍ക്കാര്‍ പ്രധാനമായും മാറ്റം വരുത്തിയത്. ഭൂമി ഏറ്റെടുക്കുന്നതു മൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കണമെന്ന വ്യവസ്ഥകള്‍ പിന്‍വലിച്ചതും പ്രതിപക്ഷം ഇതിനെതിരേയുള്ള പ്രതിഷേധം ശക്തമാക്കുന്നതിന് ഇടയാക്കി. നഷ്ടപരിഹാരത്തിനും പുനരധിവാസ ത്തിനും വേണ്ടി 13 കേന്ദ്ര നിയമങ്ങളെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ദേശീയപാത, മെട്രോ റെയില്‍, ആണവോര്‍ജം, വൈദ്യുതി, അനുബന്ധ പദ്ധതികള്‍ മുതലായവയുമായി ബന്ധപ്പെട്ടതാണ് ഈ നിയമങ്ങള്‍.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വ്യവസ്ഥകള്‍ കമ്പനികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും അനുകൂലമായി ഭേദഗതി വരുത്തുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. വ്യവസായ വളര്‍ച്ചയ്ക്കുള്ള അടിസ്ഥാന സൌകര്യവികസനത്തിനായാണ് ഈ മാറ്റമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചിരുന്നത്. 3000 ലക്ഷം ഡോളര്‍ നിക്ഷേപം ഈ ഭേദഗതിയിലൂടെ ഉണ്ടാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.