ഓണക്കാല യാത്ര: സ്പെഷല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി
Sunday, August 2, 2015 12:51 AM IST
ബംഗളൂരു: ഓണത്തിരക്ക് ഏറിയതോടെ കെഎസ്ആര്‍ടിസി ബംഗളൂരുവില്‍നിന്ന് 14-ഓളം സ്പെഷല്‍ സര്‍വീസ് ആരംഭിക്കും. പുതിയ സില്‍വര്‍ ലൈന്‍ ജെറ്റ് ഉള്‍പ്പെടെയുള്ള ബസുകളായിരിക്കും സര്‍വീസ് നടത്തുന്നത്. ഏറ്റവും തിരക്കേറിയ എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കു സ്പെഷല്‍ സര്‍വീസ് നടത്തും.

നാട്ടിലേക്കു പോകാന്‍ ഏറ്റവും തിരക്കുള്ള 26, 27 തീയതികളിലായിരിക്കും സ്പെഷല്‍ ബസുകളില്‍ കൂടുതലും സര്‍വീസ് നടത്തുക. ഇതോടൊപ്പം സ്വാതന്ത്യ്രദിന അവധിക്കു നാട്ടില്‍ പോകുന്നവര്‍ക്കായി 14നു വൈകുന്നേരം സ്പെഷല്‍ ബസുകള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസി ശ്രമം നടത്തുന്നുണ്ട്.

ഇതിനിടെ, കെഎസ്ആര്‍ടിസിയുടെ മള്‍ട്ടി ആക്സില്‍ വോള്‍വോ, സൂപ്പര്‍ ഡീലക്സ് ബസുകളിലെ ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായി. 26, 27 തീയതികളില്‍ ഏറണാകുളം, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള വോള്‍വോ ബസുകളില്‍ ടിക്കറ്റുകള്‍ ബാക്കിയില്ല.

തിരുവല്ല, കൊട്ടാരക്കര, കണ്ണൂര്‍, നിലമ്പൂര്‍, തൃശൂര്‍, പാലക്കാട് സൂപ്പര്‍ ഡീലക്സ് ബസുകളിലെയും ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിഞ്ഞു.


കേരളത്തിലേക്കുള്ള തിരക്ക് കണക്കിലെടുത്തു കര്‍ണാടക ആര്‍ടിസി അഞ്ചോളം സ്പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യഘട്ടമായി കോഴിക്കോട്, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് ഉത്രാടത്തലേന്നു മൂന്നു ഐരാവത് സര്‍വീസുകളാണു പ്രഖ്യാപിച്ചത്. കര്‍ണാടക ആര്‍ടിസി പതിവു സര്‍വീസുകളുടെ ടിക്കറ്റ് നിരക്കില്‍ കുറവു വരുത്തിയിട്ടുണ്ട്. അതേസമയം, സ്പെഷല്‍ സര്‍വീസുകളില്‍ ഉയര്‍ന്ന ചാര്‍ജാണ് ഈടാക്കുന്നത്.

ഓണക്കാല തിരക്ക് പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണു സ്വകാര്യ ബസുകള്‍. ദീര്‍ഘദൂര സ്വകാര്യ ബസുകളിലും ഓണക്കാല റിസര്‍വേഷന്‍ തകൃതിയായി നടക്കുകയാണ്. കെഎസ്ആര്‍ടിസിയെ അപേക്ഷിച്ചു ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണെങ്കിലും ഓണത്തിനു നാട്ടില്‍ പോകാന്‍ ട്രെയിനിലും കെഎസ്ആര്‍ടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ആശ്രയമാണു സ്വകാര്യ ബസുകള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.