കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റ് പിരിഞ്ഞു
കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് പാര്‍ലമെന്റ് പിരിഞ്ഞു
Wednesday, July 29, 2015 12:14 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു. രാജ്യത്തിനു നഷ്ടമായ യഥാര്‍ഥ രത്നമെന്നു കലാമിനെ വിശേഷിപ്പിച്ച രാജ്യസഭയും ലോക്സഭയും ഒരു നിമിഷം മൌനമാചരിച്ചതിനു ശേഷമാണ് വ്യാഴാഴ്ച ചേരുന്നതിനായി പിരിഞ്ഞത്. അബ്ദുള്‍ കലാമിന്റെ നിര്യാണത്തെത്തുടര്‍ന്ന് അടിയന്തരമായി ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗവും മുന്‍ രാഷ്ട്രപതിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഒരു സമര്‍ഥനായ രാജ്യതന്ത്രജ്ഞനെ മാത്രമല്ല, മഹാനായ ശാസ്ത്രജ്ഞനെയും സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെ ശരിയായ സുഹൃത്തും മികച്ച മനുഷ്യസ്നേഹിയെയുമാണ് കലാമിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നു ലോക്സഭയില്‍ അദ്ദേഹത്തെ അനുസ്മരിച്ചു.

യുവാക്കളുടെയും കുട്ടികളുടെയും പ്രചോദനത്തിന്റെയും മൂര്‍ത്തിഭാവമായിരുന്നു ഡോ. കലാമെന്നും താനേറെ ഇഷ്ടപ്പെടുന്ന യുവജനങ്ങളുമായുള്ള സംവാദം അവസാന ശ്വാസം വരെ പ്രവര്‍ത്തിച്ചയാളാണെന്നും സ്പീക്കര്‍ സുമിത്ര മഹാജന്‍ ചൂണ്ടിക്കാട്ടി.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും അധ്യാപകനായും നേതാവായും താന്‍ കൈവെച്ച എല്ലാ മേഖലയിലും രാജ്യത്തിന്റെ യശ്ശസുയര്‍ത്തിയ യഥാര്‍ഥ പുത്രനാണ് അദ്ദേഹമെന്ന് രാജ്യസഭയില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും അനുശോചിച്ചു.


സഭ പിരിഞ്ഞതു രണ്ടു ദിവസത്തേക്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനകീയനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ പാര്‍ലമെന്റ് നിര്‍ത്തിവയ്ക്കുന്നതു രണ്ടു ദിവസത്തേക്ക്. കീഴ്വഴക്കമനുസരിച്ച് മുന്‍ രാഷ്ട്രപതിയുടെ നിര്യാണത്തില്‍ ഒരു ദിവസം മാത്രമാണ് സാധാരണ സഭ നിര്‍ത്തിവയ്ക്കുക. സഭ ചേര്‍ന്നയുടന്‍ അനുശോചനം രേഖപ്പെടുത്തുന്ന ഇരു സഭകളും പിറ്റേന്നു ചേരാനായി പിരിയുകയാണ് പതിവ്. എന്നാല്‍, അംഗങ്ങള്‍ക്ക് അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കേണ്ടതുണ്െടന്നു ചൂണ്ടിക്കാട്ടിയ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, സഭ വ്യാഴാഴ്ച ചേരുകയുള്ളുയെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, ആദ്യം ഒരു ദിവസത്തേക്കു മാത്രമാണ് സഭ നിര്‍ത്തിവച്ചതെന്നു ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അറിയിച്ചിരുന്നെങ്കിലും പിന്നീട് വ്യാഴാഴ്ച വരെ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.