പ്രണാമം, കലാം
പ്രണാമം, കലാം
Wednesday, July 29, 2015 12:10 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: കൈകള്‍ കൂപ്പി കണ്ണീരണിഞ്ഞു മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനു രാജ്യത്തിന്റെ ആദരാഞ്ജലി. ഡല്‍ഹി രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഇന്ന് അന്ത്യകര്‍മങ്ങള്‍ക്കായി ജന്മനാടായ തമിഴ്നാട്ടിലെ രാമേശ്വരത്തേക്കു കൊണ്ടുപോകും. നാളെ 11നാണു സംസ്കാരം.

രാജ്യസേവനം നടത്തിയ മഹാരഥന്‍മാര്‍ക്കു ഡല്‍ഹിയില്‍ സമാധിയൊരുക്കുന്ന പതിവ് കലാമിന്റെ കാര്യത്തില്‍ തെറ്റിച്ചതു കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയുള്ള അന്ത്യകര്‍മങ്ങള്‍ ബുധനാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടു കുടുംബാംഗങ്ങളുടെ അഭിപ്രായം പരിഗണിച്ചു നാളേക്കു മാറ്റുകയായിരുന്നു. കേന്ദ്രമന്ത്രിസഭയുടെ പ്രത്യേകയോഗം ചേര്‍ന്നു കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലോക്സഭയും രാജ്യസഭയും അനുശോചന പ്രമേയം പാസാക്കി ഇന്നലെ രാവിലെ പിരിഞ്ഞു. മുന്‍രാഷ്ട്രപതിയോടുള്ള ആദരസൂചകമായി ബുധനാഴ്ചയും പാര്‍ലമെന്റ് ചേരില്ല.

ഇന്നലെ മേഘാലയ തലസ്ഥാ നമായ ഷില്ലോംഗില്‍നിന്നു ഹെലികോപ്ടറില്‍ ആസാമിലെ ഗോഹട്ടിയിലെത്തിച്ച മൃതദേഹം പ്രത്യേക സൈനിക വിമാനത്തിലാണു ഡല്‍ഹിയില്‍ എത്തിച്ചത്. ഡല്‍ഹി വ്യോമസേനാ വിമാനത്താവളത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മൃതദേഹം ഏറ്റുവാങ്ങി.

വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരുമുണ്ടായിരുന്നു. അബ്ദുള്‍ കലാമിന്റെ അതുല്യ വ്യക്തിത്വത്തിന് ഉചിതമായ അംഗീകാരം നല്‍കിയാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രോട്ടോക്കോള്‍ കണക്കിലെടുക്കാതെ ഒരുമിച്ചു മൃതദേഹം ഏറ്റു വാങ്ങാനെത്തിയത്. പ്രോട്ടോക്കോള്‍ മറികടന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വസതിയിലുമെത്തിയിരുന്നു.

ഉച്ചയ്ക്കു 12.25നു ഡല്‍ഹിയില്‍ എത്തിയ പ്രത്യേക സൈനിക വിമാനത്തില്‍നിന്ന് മൂന്നു സേനാവിഭാഗങ്ങളുടെയും പ്രതിനിധി സംഘം മൃതദേഹം ഏറ്റുവാങ്ങി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്നു കലാമിന്റെ വസതിയായ രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയില്‍ പൊതു ദര്‍ശനത്തിനായി ഭൌതികദേഹം വച്ചു.


കലാമിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ജനസഹസ്രങ്ങള്‍

ഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ മൃതദേഹം രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയില്‍ എത്തുന്നതിനു മുമ്പു തന്നെ പരിസരം അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. കൈയില്‍ റോസാ പുഷ്പങ്ങളുമായി പ്രിയ കലാമിനു വിടനല്‍കാന്‍ നൂറുകണക്കിനു വിദ്യാര്‍ഥികളുമെത്തിയിരുന്നു.

രണ്ടുമണിയോടെ ഇവിടേക്കെത്തിച്ച കലാമിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയ്ക്കു പിന്നാലെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തി. കലാമിന്റെ കുടുംബാംഗങ്ങളോട് ഇരുവരും സംസാരിച്ചു. പ്രമുഖരുടെ പ്രണാമമര്‍പ്പിക്കലിനു ശേഷം നാലു മണിയോടെ പൊതു ജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള അവസരമായിരുന്നു. പൊതുദര്‍ശനം രാത്രി വൈകിയും തുടര്‍ന്നു.

ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിംഗ്, ദേവഗൌഡ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, ശാസ്ത്ര മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കേരളത്തില്‍നിന്നുള്ള എംപിമാര്‍ സംഘമായി എത്തിയാണു കലാമിന് അന്ത്യോപചാരം അര്‍പ്പിച്ചത്.

ദീപികയ്ക്കുവേണ്ടി അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സിബിസിഐക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍, ഗുഡ്ഗാവ് രൂപതാ ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.