കോര്‍പറേറ്റുകള്‍ക്കുവേണ്ടി കര്‍ഷകരെ തഴയുന്നു: രാഹുല്‍ഗാന്ധി
കോര്‍പറേറ്റുകള്‍ക്കുവേണ്ടി കര്‍ഷകരെ തഴയുന്നു: രാഹുല്‍ഗാന്ധി
Tuesday, April 21, 2015 12:07 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്ത്യക്കു നല്ലകാലം വരുമെന്നു പറഞ്ഞ് അധികാരം പിടിച്ച മോദി സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും പരാജയമാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ കുറ്റപ്പെടുത്തി.

മഴക്കെടുതിയില്‍ 180 ലക്ഷം ഹെക്ടര്‍ കൃഷിഭൂമി നശിച്ചപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി സ്വന്തം പേരെഴുതിയ വിലകൂടിയ പിന്‍ സ്ട്രൈപ് സ്യൂട്ടും ധരിച്ചു വിദേശ നേതാക്കളെ വന്ദിക്കുന്നതിലാണു സന്തോഷം കണ്െടത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനവേളയിലെ മോദിയുടെ വിവാദ സ്യൂട്ടിനെ പരിഹസിച്ചു രാഹുല്‍ തുറന്നടിച്ചു. മോദിക്കും സര്‍ക്കാരിനുമെതിരേയുള്ള വിമര്‍ശനങ്ങളിലും മോദിയെ ലക്ഷ്യമിട്ടു നടത്തിയ സ്യൂട്ട് പ്രയോഗത്തിലും പ്രതിഷേധിച്ചു ബിജെപി അംഗങ്ങള്‍ ബഹളംവച്ചു. രാഹുലിന്റെ വിദേശയാത്രയെക്കുറിച്ചു വിളിച്ചുചോദിച്ചു തിരിച്ചടിക്കാന്‍ ബിജെപിക്കാരും മറന്നില്ല. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യദിനമായ ഇന്നലെയാണു ലോക്സഭയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ രൂക്ഷ വിമര്‍ശനങ്ങളുമായി രാഹുല്‍ കത്തിക്കയറിയത്.

കര്‍ഷകരുടെ ഭൂമിയിലാണു കോര്‍പറേറ്റുകളുടെ കണ്ണ്. രാജ്യത്തെ ശക്തിപ്പെടുത്തുമെന്നാണു പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍, കര്‍ഷകരെ പരിഗണിക്കാതെ ഇതെങ്ങനെ കഴിയും? രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലേറെ പേരുടെ ഏക ജീവിതമാര്‍ഗം കൃഷിയാണെന്നു രാജ്യത്തെ പ്രധാനമന്ത്രി മനസിലാക്കണം. ചുരുങ്ങിയ പക്ഷം മഴക്കെടുതിയില്‍ നശിച്ച കൃഷിസ്ഥലങ്ങളും കൃഷിക്കാരെയും നേരില്‍ പോയി കാണാനെങ്കിലും തയാറാകണം.

രാജ്യത്തെ 60 ശതമാനത്തിലേറെ വരുന്ന കൃഷിക്കാരെ പ്രായോഗിക വാദിയായ മോദി തഴയാന്‍ കാരണമെന്തെന്ന് ആലോചിച്ചു. ഉത്തരം കിട്ടി. ഭൂമി വില കുത്തനെ ഉയരുകയാണ്. കമ്പനികള്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കും ഭൂമി വേണം. ദുര്‍ബലരായ കര്‍ഷകരുടെ ഭൂമി പണക്കാര്‍ക്കുവേണ്ടി ഏറ്റെടുത്തു കൊടുക്കുകയാണിപ്പോള്‍. കോട്ടും സ്യൂട്ടുമിട്ടവരുടെ സര്‍ക്കാരില്‍ സമ്പന്നര്‍ക്കു മാത്രമാണ് സ്വാധീനമുള്ളത്. കര്‍ഷകര്‍ക്കു ശക്തിയില്ലെന്നാണു ഇവരുടെ ധാരണ. പക്ഷേ, 60 ശതമാനത്തിലേറെ വരുന്ന കര്‍ഷകരെ ഇവര്‍ കുറച്ചുകാണുകയാണ്. കര്‍ഷകര്‍ ശക്തമായി തിരിച്ചടിക്കും: രാഹുല്‍ പറഞ്ഞു.

കര്‍ഷകരെ സംരക്ഷിക്കുമെന്നാണു പ്രചാരണവേളയില്‍ മോദി ഉറപ്പുനല്‍കിയത്. എന്നാല്‍, കാര്‍ഷികമേഖലയെയും കൃഷിക്കാരെയും ആകെ തളര്‍ത്തുകയും ദ്രോഹിക്കുകയുമാണു സര്‍ക്കാര്‍ ചെയ്യുന്നത്. താങ്ങുവിലയുടെയും കാര്‍ഷിക വായ്പയുടെയും കാര്യത്തില്‍ മുതല്‍ രാജ്യത്തെ കാര്‍ഷിക വളര്‍ച്ചാനിരക്കിലും ഭൂമി ഏറ്റെടുക്കല്‍ ഭേദഗതിയിലും വരെ സര്‍ക്കാരിന്റെ കര്‍ഷകദ്രോഹം കാണാനാകും.


യുപിഎ സര്‍ക്കാര്‍ കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില പ ലതവണ കൂട്ടിക്കൊടുത്തു. ഗോതമ്പിനു ക്വിന്റലിന് 640 രൂപയില്‍നിന്ന് 1460 രൂപയാക്കി. അരിയുടേത് 1300 രൂപയായാണു കൂട്ടിയത്. പഞ്ചസാരയ്ക്ക് 73ല്‍ നിന്ന് 220 രൂപയായി വര്‍ധിപ്പിച്ചു. പക്ഷേ, മോദിസര്‍ക്കാര്‍ വളരെ നാമമാത്രമായ വര്‍ധന മാത്രമാണു വരുത്തിയത്. കാര്‍ഷികവായ്പകളുടെ കാര്യത്തിലും യുപിഎ വലിയ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴത്തെ സര്‍ക്കാരാകട്ടെ വായ്പയുടെ കാര്യത്തിലും കര്‍ഷകരെ ചതിക്കുകയാണ്.

തോക്കല്ല, നാണ്യങ്ങളാണു (ഗ്രെയിന്‍സ് നോട്ട് ഗണ്‍സ്) രാജ്യത്തിന്റെ ശക്തി എന്നാണു കൃഷിശാസ്ത്രജ്ഞനായ എം.എസ്. സ്വാമിനാഥന്‍ പറഞ്ഞതെന്നു രാഹുല്‍ ഓര്‍മിപ്പിച്ചു. പക്ഷേ, കര്‍ഷകരെ തളര്‍ത്തുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. വലിയ തെറ്റാണു ചെയ്യുന്നത്. തെരഞ്ഞെടുപ്പുവരുമ്പോള്‍ കര്‍ഷകര്‍ നിങ്ങളെയും വേദനിപ്പിക്കും. രാഹുലിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണു രംഗത്തെത്തിയത്. അമ്പതു കൊല്ലം കര്‍ഷകരെ വഞ്ചിച്ചതിനാലാണു കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുന്നതെന്നു നായിഡു പറഞ്ഞു. എന്നാല്‍, കൃഷിനാശം സംഭവിച്ച ഭൂമിയെക്കുറിച്ചു പ്രധാനമന്ത്രിയും താനും വ്യത്യസ്തമായ പ്രസ്താവനകള്‍ നടത്തിയെന്ന രാഹുലിന്റെ ആരോപണം കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് മറുപടി പ്രസംഗത്തില്‍ സമ്മതിച്ചു. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പ്രാഥമിക കണക്കുകളുടെ അടിസ്ഥാനത്തിലുള്ള അനുമാനം മാത്രമാണ് ആദ്യത്തേതെന്നായിരുന്നു വിശദീകരണം. എങ്കില്‍ പ്രധാനമന്ത്രി പറഞ്ഞതു തെറ്റാണെന്നു പറയണമെന്നു കോണ്‍ഗ്രസിലെ ജ്യോതിരാദിത്യ സിന്ധ്യ തിരിച്ചടിച്ചു.

ഭൂമി ഏറ്റെടുക്കലിനുള്ള പുതിയ ബില്‍ ഇന്നലെ വീണ്ടും ലോക്സഭയില്‍ അവതരിപ്പിച്ചതിനെതിരേയും സോണിയഗാന്ധിക്കെതിരേ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് നേരത്തേ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചുമുള്ള പ്രതിപക്ഷ ബഹളത്തില്‍ ലോക്സഭ ഇന്നലെ ഉച്ചവരെ സ്തംഭിച്ചു. ഭൂമി ഏറ്റെടുക്കല്‍ ബില്‍ സിപിഎമ്മിലെ എ. സമ്പത്ത് കീറിയെറിഞ്ഞു. വിവാദ പരാമര്‍ശത്തില്‍ മന്ത്രി ഗിരിരാജ് ലോക്സഭയില്‍ ക്ഷമ ചോദിച്ചതോടെയാണ് ഉച്ചകഴിഞ്ഞു ലോക്സഭ തടസമില്ലാതെ പ്രവര്‍ത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.