ആം ആദ്മിയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു
ആം ആദ്മിയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു
Monday, March 2, 2015 12:02 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബിജെപിയെയും കോണ്‍ഗ്രസിനെയും തൂത്തെറിഞ്ഞ് ഡല്‍ഹിയില്‍ അധികാരം പിടിച്ച ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമായി ഭിന്നതയിലായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും രാജിസന്നദ്ധത അറിയിച്ചതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാമെന്നു കേജരിവാളും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേജരിവാള്‍ വ്യാഴാഴ്ച നടന്ന യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ വെള്ളിയാഴ്ച നടന്ന യോഗത്തില്‍നിന്നു പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും വിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍, എഎപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ വാര്‍ത്തകള്‍ തള്ളിയതായാണ് സൂചന.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയത്തിലും കേജരിവാള്‍ ഇരട്ടപ്പദവി വഹിക്കുന്നതിലും മറ്റുമുള്ള എതിര്‍പ്പുകളാണ് ഭിന്നത രൂക്ഷമാക്കിയിരിക്കുന്നത്. എഎപി കണ്‍വീനര്‍ സ്ഥാനവും ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനവും ഒരുപോലെ കേജരിവാള്‍ വഹിക്കുന്നതിലെ അസംതൃപ്തിയാണ് ഭിന്നതയ്ക്കു പ്രധാന കാരണം. ഇതു മറനീക്കി പുറത്തുവന്നതോടെയാണ് കേജരിവാള്‍ എഎപി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കാന്‍ തയാറായതെന്നു നേതാക്കള്‍ വെളിപ്പെടുത്തുന്നു. ഇത് തള്ളിക്കളഞ്ഞ എക്സിക്യൂട്ടീവ് കമ്മിറ്റി ഇക്കാര്യം കേജരിവാളിനെ ടെലിഫോണില്‍ അറിയിച്ചിട്ടുമുണ്ട്.

അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഉള്‍പ്പെടെയുള്ള നേതാക്കള്‍ എഎപിയുടെ ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കാനുള്ള പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം കേജരിവാള്‍, യാദവ്, ഭൂഷണ്‍ എന്നിവര്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിക്കുന്നതിനായി പങ്കജ് ഗുപ്ത, ഗോപാല്‍ റായ്, ആനന്ദ് കുമാര്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതിയെ നിയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


അതേസമയം, എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് സ്ഥാപകന്‍ കൂടിയായ യോഗേന്ദ്ര യാദവിനെ പുറത്താക്കി പുനഃസംഘടന നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇത്തരമൊരു നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നെങ്കിലും അന്തിമതീരുമാനം കേജരിവാള്‍ കൈക്കൊള്ളുമെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, രാഷ്ട്രീയകാര്യ സമിതിയില്‍ മാറ്റം വരുത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് യോഗേന്ദ്ര യാദവും പ്രതികരിച്ചു.

ഭിന്നത രൂക്ഷമാകുന്നതിനിടെ ഇതു വ്യക്തമാക്കി എഎപി ഓംബുഡ്സ്മാന്‍ അഡ്മിറല്‍ എല്‍. രാംദാസ് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും രാഷ്ട്രീയകാര്യ സമിതിക്കും അയച്ച ഇ-മെയില്‍ സന്ദേശം പുറത്തുവന്നിട്ടുണ്ട്. നേതാക്കള്‍ തമ്മിലുള്ള അവിശ്വാസവും വേണ്ടത്ര ആശയവിനിമയമില്ലാത്തതും മൂലം പാര്‍ട്ടി രണ്ട് ഗ്രൂപ്പായി മാറിയിരിക്കുന്നുവെന്ന് രാംദാസ് അയച്ച സന്ദേശത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.