നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ മഹാധര്‍ണയുമായി ജനതാ പരിവാര്‍
നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ മഹാധര്‍ണയുമായി ജനതാ പരിവാര്‍
Tuesday, December 23, 2014 12:23 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെതിരേ വിശാലമായ പ്രതിപക്ഷത്തിന്റെ ആവശ്യമുയര്‍ത്തി സോഷ്യലിസ്റ് കക്ഷികള്‍ ഒരുമിച്ചു രംഗത്തെത്തി. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ സോഷ്യലിസ്റ് കക്ഷികള്‍ സംയുക്തമായി നടത്തിയ മഹാധര്‍ണ്ണ ജനതാ പാര്‍ട്ടികളുടെ ലയനത്തിന് മുന്നോടിയായുള്ള ശക്തി പ്രകടനമായി. പഴയ ജനതാ കുടുംബത്തിലെ ആറു കക്ഷികളുടെ നേതൃത്വത്തിലാണ് ഡല്‍ഹി ജന്തര്‍മന്ദറില്‍ ഇന്നലെ മഹാധര്‍ണ നടന്നത്.

സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്, ഐക്യ ജനതാദള്‍ നേതാക്കളായ നിതീഷ് കുമാര്‍, ശരദ് യാദവ്, ജനതാദള്‍ (സെക്യുലര്‍) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൌഡ, ഐഎന്‍എല്‍ഡി നേതാവ് ദുഷ്യന്ത് ചൌത്താല, സമാജ്വാദി ജനതാ പാര്‍ട്ടി (രാഷ്ട്രീയ) നേതാവ് കമല്‍ മൊറാര്‍ക്ക എന്നിവരാണ് ഇന്നലെ ഒരേ വേദിയില്‍ അണിനിരന്ന് സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചത്. ലയനത്തിന് മുന്നോടിയായിട്ടുള്ള ശക്തി പ്രകടനം ആണെന്നായിരുന്നു നിതീഷ് കുമാറിന്റെ വിശദീകരണം. എന്‍സിപി നേതാക്കളായ താരീഖ് അന്‍വര്‍, ഡി.പി. ത്രിപാഠി എന്നിവരും ധര്‍ണയില്‍ പങ്കെടുത്തു. ധര്‍ണ പിന്തുണ നല്‍കിക്കൊണ്ടുള്ള കത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പാര്‍ട്ടി എം.പിയായ ഡിറെക് ഒബ്രയിന്‍ഏല്‍പ്പിച്ചിരുന്നെങ്കിലും അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല.

വിഭാഗീയ രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്ന് ആരോപിച്ച നേതാക്കള്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നതടക്കമുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദി കള്ളം പറയുകയാണെന്നും തുറന്നടിച്ചു. സോഷ്യലിസ്റ് കക്ഷികള്‍ മൂന്നു തവണ രാജ്യത്തെ നയിച്ചിട്ടുണ്െടന്ന് വ്യക്തമാക്കിയ മുലായം സിംഗ്, രാജ്യത്തെ 31 ശതമാനം ജനങ്ങള്‍ മാത്രമാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തതെന്ന് മോദി ഓര്‍ക്കണമെന്നു പറഞ്ഞു.


ആറു കക്ഷികളുടെ ലയനം സംബന്ധിച്ച രൂപരേഖ മുലായം സിംഗ് തയ്യാറാക്കുന്നുണ്െടന്നു നിതീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍, കൂടുതല്‍ കക്ഷികളെ കൂടി ഉള്‍പ്പെടുത്തി വിശാലമായ പ്രതിപക്ഷം രൂപീകരിക്കുമെന്ന് അറിയിച്ചു. മുന്‍വിധി മാറ്റിനിറുത്തി കക്ഷികള്‍ ഒന്നിച്ചുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മമതാ ബാനര്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ അകാരണമായി ഉന്നം വയ്ക്കുകയാണെന്ന് നേതാക്കള്‍ പ്രസംഗത്തിനിടെ വ്യക്തമാക്കി. വിശാല സഖ്യത്തിലേക്ക് ഇടതു പാര്‍ട്ടികളെ ക്ഷണിക്കാത്തതിന്റെ കാരണം ഇതിലൂടെ ജനതാ പാര്‍ട്ടി കുടുംബത്തിലെ നേതാക്കള്‍ സൂചിപ്പിച്ചു.

കള്ളപ്പണം തിരിച്ചുകൊണ്ടുവരുമ്പോള്‍ ഓരോ പൌരന്റേയും അക്കൌണ്ടിലേക്ക് 15 ലക്ഷം രൂപാ വീതം നിക്ഷേപിക്കുമെന്നായിരുന്നു മോദിയുടെയും ബിജെപിയുടെയും വാഗ്ദാനം. അത് നടപ്പാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നു ലാലു പ്രസാദ് ചോദിച്ചു. ഇനി മുതല്‍ ബിജെപിയിലെ നേതാക്കളെ കാണുമ്പോള്‍ എന്ന് പണം ലഭിക്കുമെന്നു ചോദിക്കണമെന്നു നിതീഷ് കുമാര്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.