സിബിഐ മേധാവി നിയമനം: ബില്‍ അവതരിപ്പിച്ചു
Wednesday, November 26, 2014 12:09 AM IST
ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കിടെ പഴ്സണേല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് ഡല്‍ഹി സ്പെഷല്‍ പോലീസ് എസ്റ്റാബ്ളിഷ്മെന്റ് ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ അവതരിപ്പിച്ചു. നിയമന പാനലില്‍ ലോക്സഭാ പ്രതിപക്ഷ നേതാവിനെക്കൂടി ഉള്‍പ്പെടുത്തണമെന്നതാണ് വ്യവസ്ഥ. നിലവില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഇല്ലാത്തതിനാല്‍ പ്രതിപക്ഷ കക്ഷികളില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പാര്‍ട്ടിയുടെ നേതാവ് എന്നാക്കി വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അവതരിപ്പിച്ചത്. ബില്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്നും ചെറിയ ചില ഭേദഗതികള്‍ മാത്രമാണു ഇപ്പോള്‍ വരുത്തിയിരിക്കുന്നതെന്നും മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും സുപ്രധാന അന്വേഷണ ഏജന്‍സി എന്ന നിലയില്‍ സിബിഐ മേധാവിയെ തെരഞ്ഞെടുക്കുന്നതില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ലെന്നും ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. ശീതകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പാസാക്കാന്‍ സര്‍ക്കാര്‍ ഏറെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്ന ബില്ലാണ് ഇത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.