കള്ളപ്പണം: ലോക്സഭയില്‍ പ്രതിപക്ഷ ബഹളം
കള്ളപ്പണം: ലോക്സഭയില്‍ പ്രതിപക്ഷ ബഹളം
Wednesday, November 26, 2014 12:09 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു പാര്‍ലമെന്റിന്റെ ഇരു സഭകളും ബഹളത്തില്‍ മുങ്ങി.

വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു കൊണ്ടു വരിക, സിബിഐ മേധാവി നിയമനം, ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപം തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണു പ്രതിപക്ഷം ലോക്സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്.

പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രധാന കവാടത്തില്‍ കള്ളപ്പണം തിരിച്ചു കൊണ്ടു വരിക എന്ന മുദ്രാവാക്യങ്ങളെഴുതിയ കുടകളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നിലയുറപ്പിച്ചു. സഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ ത്രിണമുല്‍ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത കുടകളുമായി നടുത്തളത്തിലേക്കിറങ്ങി.

കോണ്‍ഗ്രസ്, ആര്‍ജെഡി, സ മാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എംപിമാരും ഇവരോടൊപ്പം പ്രതിഷേധത്തിലും ബഹളത്തിലും ചേര്‍ന്നു. നടുത്തളത്തില്‍ കുടകളുമായി പ്രതിഷേധത്തിനിറങ്ങിയതിനെതിരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ പല തവണ മുന്നറിയിപ്പു നല്‍കി. പ്രതിഷേധിക്കാനുള്ള മാര്‍ഗം ഇതല്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിനു സിപിഎമ്മും നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതിഷേധം തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു.

കള്ളപ്പണ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ചോദ്യോത്തരവേള സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു തൃണമൂല്‍ കോണ്‍ഗ്രസും ജെഡിയു എംപിമാരും രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ ലോക്സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചോദ്യോത്തര വേള സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു ലോക്സഭയിലും നോട്ടീസ് നല്‍കിയിരുന്നു.


എന്നാല്‍, ഇതു സഭാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ മറ്റേതെങ്കിലും ചട്ടത്തിലുള്‍പ്പെടുത്തി കള്ളപ്പണ വിഷയം ചര്‍ച്ച ചെയ്യാമെന്നു വ്യക്തമാക്കി. സഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ തൊട്ടടുത്തിരുന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് കള്ളപ്പണവിഷയത്തില്‍ സംസാരിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും ബഹളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്നു ഉച്ചയ്ക്കു ശേഷം രണ്ടു മണിവരെ നാല്‍പതു മിനിറ്റു നേരത്തേക്കു സ്പീക്കര്‍ സഭ പിരിച്ചുവിട്ടു.

സഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം, പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നാവശ്യപ്പെട്ടു ബഹളം കൂട്ടി. തുടര്‍ന്നു സഭയുടെ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ശക്തമായതോടെ കള്ളപ്പണ വിഷയത്തില്‍ ചര്‍ച്ചയാകാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കള്ളപ്പണ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്നു വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സ്പീക്കര്‍ സുമിത്രാ മഹാജനു കത്തു നല്‍കുകയായിരുന്നു.

ഹൈദരാബാദിലെ വിമാനത്താവള ടെര്‍മിനലിന്റെ പേരുമാറ്റുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് അംഗങ്ങള്‍ രണ്ടുതവണ രാജ്യസഭ സ്തംഭിപ്പിച്ചു.

രാജീവ് ഗാന്ധിയുടെ പേരിലുള്ള ടെര്‍മിനലിന് തെലുങ്കുദേശം പാര്‍ടി സ്ഥാപകന്‍ എന്‍.ടി.രാമറാവുവിന്റെ പേരു നല്‍കാന്‍ രണ്ടാഴ്ച മുന്‍പ് വ്യോമയാന മന്ത്രാലയം ഉത്തരവ് ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.