സര്‍വകലാശാല വഴങ്ങി: അലിഗഡ് യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം
Wednesday, November 26, 2014 12:19 AM IST
അലഹബാദ്: അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ ലൈബ്രറിയില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നിഷേധിച്ചതിനെതിരേ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി അലാഹാബാദ് ഹൈക്കോടതി തള്ളി. നിരോധനം പിന്‍വലിക്കാമെന്ന സര്‍വകലാശാല അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്നാണ് കോടതി തീരുമാനം.

എന്നാല്‍, ലൈബ്രറിയില്‍ പ്രവേശിക്കുന്ന പെണ്‍കുട്ടികള്‍ക്കു മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ച സംഭവത്തില്‍ കോടതി ആശങ്ക രേഖപ്പെടുത്തി. ഭരണഘടനാചട്ടങ്ങനുസരിച്ചു ജാതി, ലിംഗം, മതം എന്നിവയുടെ പേരില്‍ വിവേചനം കാട്ടാന്‍ സര്‍വകലാശാല അധികൃതര്‍ക്കു അധികാരമില്ലെന്ന് ചീഫ് ജസ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റീസ് പി.കെ.എസ് ബാഗ്ഹെല്‍ എന്നിവരടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി. ഉന്നതസ്ഥാനങ്ങളിലുള്ള വ്യക്തികള്‍ വിവാദം നിറഞ്ഞ പ്രസ്താവനകള്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


അലിഗഡ് സര്‍വകലാശാലയുടെ കീഴിലുള്ള മൌലാനാ ആസാദ് ലൈബ്രറിയില്‍ അബ്ദുള്ള വനിതാ കോളജിലെ വിദ്യാര്‍ഥിനികള്‍ക്കു പ്രവേശനാനുമതി നിഷേധിച്ചതാണു പ്രശ്നങ്ങള്‍ക്കു കാരണം. സര്‍വകലാശാലയുടെ നടപടി നിയമവിരുദ്ധമാണെന്നു പറഞ്ഞ ഹൈക്കോടതി നേരത്തെ വൈസ് ചാന്‍സലറോടും രജിസ്ട്രാറിനോടും വിശദീകരണം തേടിയിരുന്നു. സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥികളായ ദിക്ഷാദിവേദി, ചാര്‍ളി പ്രകാശ്, അഭിജിത് ചാറ്റിജി, സാക്ഷിസിംഗ് എന്നിവര്‍ ചേര്‍ന്നു സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഉത്തരവ്.

പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിച്ചാല്‍ ലൈബ്രറിയിലേക്ക് ആണ്‍കുട്ടികള്‍ കൂട്ടത്തോടെ ഇടിച്ചുകയറുമെന്ന ന്യായം ചൂണ്ടിക്കാട്ടിയാണു വൈസ് ചാന്‍സലര്‍ ലഫ്.ജനറല്‍ (റിട്ട) സമീറുദ്ദീന്‍ ഷാ വിവാദ നിര്‍ദേശം നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.