കള്ളപ്പണക്കാരില്‍ ചിലരുടെ പേരു പറയാമെന്നു കേന്ദ്രം
കള്ളപ്പണക്കാരില്‍ ചിലരുടെ പേരു പറയാമെന്നു കേന്ദ്രം
Wednesday, October 22, 2014 12:32 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കള്ളപ്പണം വിദേശത്ത് നിക്ഷേപിച്ചിട്ടുള്ളവരില്‍ ചിലരുടെ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്താമെന്നു കേന്ദ്ര സര്‍ക്കാര്‍. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണു കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇങ്ങനെയൊരു നിലപാടെടുത്തത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളവരുടെ പേരു വിവരങ്ങളാണു ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. ഇക്കാര്യം ഉടന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കുകയും ചെയ്യുമെന്നു വ്യക്തമാക്കിയ സര്‍ക്കാര്‍ ഇതിനുള്ള മാനദണ്ഡങ്ങള്‍ വെളിപ്പെടുത്തിയില്ല.

സ്വിസ് ബാങ്കിലുള്‍പ്പടെ വിദേശത്തു കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എടുത്തിരുന്നത്. വിദേശ രാജ്യങ്ങളുമായുമുള്ള ഇരട്ട നികുതി ഒഴിവാക്കുന്ന കരാറിന്റെ ലംഘനമാകും ഇതെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. നിയമപരവും സാങ്കേതികപരവുമായ തടസങ്ങളാണു സര്‍ക്കാര്‍ ഇതിനു പിന്‍ബലമായി ചൂണ്ടിക്കാട്ടിയത്.

വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ള കള്ളപ്പണക്കാരെ മുഴുവന്‍ വെളിച്ചത്തുകൊണ്ടു വരുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപിയുടെ നിലപാടു മാറ്റത്തിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തെ ബിജെപി രാഷ്ട്രീയവത്കരിച്ചു ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നു കോണ്‍ഗ്രസ്.

രാഷ്ട്രീയനേട്ടങ്ങള്‍ മാത്രം മുന്‍നിര്‍ത്തി വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന മുഴുവന്‍ കള്ളപ്പണവും രാജ്യത്ത് തിരികെയെത്തിക്കുമെന്നു വാഗ്ദാനം ചെയ്ത ബിജെപി അധികാരത്തിലെത്തിയപ്പോള്‍ നിലപാട് മാറ്റിയത് അപലപനീയമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. കള്ളപ്പണം വിദേശത്തു നിക്ഷേപിച്ചവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ മടിക്കുന്നതിന്റെ പിന്നില്‍ ദുരൂഹ ലക്ഷ്യങ്ങളാണുള്ളത്. ഇത്തരം കാര്യങ്ങള്‍ അറിയാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ സുപ്രീംകോടതിയില്‍ പറയാം, എന്നാല്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിന്റെ ലംഘനമാകുമെന്നതിനാല്‍ പൊതുവായി വെളിപ്പെടുത്താനാകില്ലെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇതിലൂടെ ബിജെപി രാജ്യത്തെ ജനങ്ങളെ തെറ്റായ വഴിയിലേക്കു നയിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.


എന്നാല്‍, കള്ളപ്പണം സംബന്ധിച്ച അന്വേഷണങ്ങളില്‍ സാഹസികതയല്ല വേണ്ടത് മറിച്ച് പക്വതയോടെ പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്കു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്‍കിയ മറുപടി. ഇതിനു പുറമേ, കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിട്ടാല്‍ കോണ്‍ഗ്രസിനു തന്നെ നാണക്കേടാകുമെന്നും ഇന്നലെ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വിദേശത്തു നിക്ഷേപമുള്ള കള്ളപ്പണക്കാരുടെ പേരുകള്‍ ഒരിക്കലും വ്യക്തമാക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ പുതിയ സത്യവാംങ്മൂലം സമര്‍പ്പിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.