കൂടംകുളം ആണവനിലയം പൂര്‍ണ പരാജയമെന്നു സമരക്കാര്‍
Wednesday, October 22, 2014 12:27 AM IST
തിരുനെല്‍വേലി: കൂടംകുളം ആണവനിലയത്തിലെ ആദ്യ യൂണിറ്റ് ജനറേറ്ററില്‍ അപാകത കണ്ടതിനെത്തുടര്‍ന്നു ആണവനിലയം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി പീപ്പിള്‍സ് മൂവ്മെന്റ് എഗയിന്‍സ്റ് ന്യൂക്ളിയാര്‍ എനര്‍ജി രംഗത്ത് (പിഎംഎഎന്‍ഇ). ആണവനിലയം പൂര്‍ണ പരാജയമാണെന്നു സമരക്കാര്‍ ആരോപിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി നിലയം എന്നന്നേക്കുമായി അടച്ചിടണമെന്നാണ് ആവശ്യം. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ആണവനിലയത്തിന്റെ ആദ്യയൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങിയിരുന്നില്ലെങ്കിലും 15 മാസങ്ങള്‍ക്കുശേഷം ജനറേറ്റര്‍ തകരാറിലാവുകയായിരുന്നു.ഇപ്പോള്‍ കൂടംകുളം നിലയത്തില്‍ ടര്‍ബൈന്‍ പ്രവര്‍ത്തിക്കുന്നില്ല. റഷ്യ ചൈനയ്ക്കും ഇറാനും നല്കിയ പ്ളാന്റുകള്‍ക്കും സമാനമായ പ്രശ്നങ്ങളുണ്ട്. ഇതു ടര്‍ബൈനിന്റെ മാത്രം പ്രശ്നമായി കരുതുന്നില്ലെന്നും മറ്റു പ്രധാന ഭാഗങ്ങളും സുരക്ഷിതമല്ലെന്നും പിഎംഎഎന്‍ഇ പറഞ്ഞു.

ആണവോര്‍ജ മന്ത്രാലയം, ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ്, ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ്, കൂടംകുളം ന്യൂക്ളിയര്‍ പവര്‍ പ്രോജക്ട്, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ മൂന്നു വര്‍ഷത്തേക്കു യാതൊരു തരത്തിലുമുള്ള തകരാറും ഉണ്ടാവില്ലെന്നു സുരക്ഷാ സര്‍ട്ടിക്കറ്റ് നല്കിയ യൂണിറ്റിനാണു തകരാര്‍ സംഭവിച്ചത്. ഇത് സുരക്ഷിതമല്ലാത്ത ഉപകരണങ്ങള്‍മൂലമാണെന്നാണു സമരക്കാരുടെ ആരോപണം. ഏതാനും മാസംമുമ്പ് ഒന്നാം യൂണിറ്റിലെ ഒരു വാല്‍വ് പൊട്ടിത്തെറിച്ച് ആറു ജീവനക്കാര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ മോശവും നിലവാരം കുറഞ്ഞതുമായ ഉപകരണങ്ങളാണ് ആണവനിലയനിര്‍മാണത്തിനു ഉപയോഗിച്ചിരിക്കുന്നതെന്നു പിഎംഎഎന്‍ഇ ആരോപിച്ചു.


ആണവോര്‍ജ റെഗുലേറ്ററി ബോര്‍ഡ് എല്ലാ ഉപകരണങ്ങളും സൂക്ഷ്മായി പരശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്കിയതാണ്. റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ കദകിന്‍ കൂടംകുളം ആണവനിലയം സുരക്ഷിതമാണെന്നു ഉറപ്പു നല്കുകയും 22ലധികം പ്ളാന്റുകള്‍ ഇന്ത്യയ്ക്കു നല്കുമെന്നും പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.