കല്‍ക്കരിപ്പാടങ്ങളുടെ ഇലക്ട്രോണിക് ലേലം: രാഷ്ട്രപതി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു
കല്‍ക്കരിപ്പാടങ്ങളുടെ ഇലക്ട്രോണിക് ലേലം: രാഷ്ട്രപതി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു
Wednesday, October 22, 2014 12:25 AM IST
ന്യൂഡല്‍ഹി: സ്വകാര്യകമ്പനികള്‍ക്കു കല്‍ക്കരിപ്പാടം അനുവദിക്കുന്നതിന് ഇലക്ട്രോണിക് ലേലം നടത്തുന്നതിനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതി പുറപ്പെടുവിച്ചു. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചതായി പ്രസ് സെക്രട്ടറി വേണു രാജാമണി അറിയിച്ചു.

സുപ്രീംകോടതി റദ്ദാക്കിയ 214 കല്‍ക്കരിപ്പാടങ്ങളുടെ ഖനന ലൈസന്‍സ് ലേലംചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പൊതുമേഖലയിലെ കോള്‍ ഇന്ത്യ കമ്പനിക്കും കേന്ദ്രസര്‍ക്കാരിനും നിലവിലുള്ള കല്‍ക്കരിപ്പാടങ്ങളുടെ ഖനനാനുമതി നല്‍കുന്നതിനൊപ്പം മറ്റുള്ളവ സ്വകാര്യകമ്പനികള്‍ക്ക് അനുവദിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

തീരുമാനത്തിലൂടെ എന്‍ടിപിസി, സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ എന്നിവയ്ക്ക് ഔദ്യോഗിക സംവിധാനത്തിലൂടെ കല്‍ക്കരിപ്പാടങ്ങളിലെ ഖനനാനുമതി ലഭിക്കും. സ്വകാര്യമേഖലയിലെ സിമന്റ്, ഉരുക്ക്, ഊര്‍ജമേഖലകള്‍ക്ക് ഇലക്ട്രോണിക് ലേലത്തിലൂടെയും അനുമതി നേടാനാകും. സുതാര്യമായ രീതിയില്‍ മൂന്നുനാലു മാസത്തിനുള്ളില്‍ ഇലട്രോണിക് ലേല നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞിരുന്നു.


ഇലക്ട്രോണിക് ലേലത്തിലൂടെ ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങള്‍ക്കു വലിയ സാമ്പത്തികനേട്ടം ഉണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു. വരുമാനം പൂര്‍ണമായും കല്‍ക്കരിപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന് ഉപയോഗിക്കാമെന്ന വ്യവസ്ഥ മൂലമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.