ഹരിയാനയില്‍ ഖട്ടര്‍ മുഖ്യമന്ത്രി
ഹരിയാനയില്‍ ഖട്ടര്‍ മുഖ്യമന്ത്രി
Wednesday, October 22, 2014 12:20 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: മോദിതരംഗത്തില്‍ ബിജെപി പിടിച്ചെടുത്ത ഹരിയാന യില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയാ കും. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന്റെ നിരീക്ഷണത്തില്‍ ഹരിയാന യുടെ തലസ്ഥാനമായ ചണ്ഡീഗഡില്‍ ഇന്നലെ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണു ഖട്ടറെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. ആര്‍എസ്എസ് പ്രചാരകനും നരേന്ദ്ര മോദിയുടെ അടുത്ത അനുചരനുമാണ് നിയുക്ത മുഖ്യമന്ത്രി.

ബിജെപി ദേശീയ നിര്‍വാഹക സമി തി അംഗമായ മനോഹര്‍ ലാല്‍ ഖട്ടര്‍ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഹരിയാനയുടെ ചരിത്രത്തില്‍ പഞ്ചാബി പാരമ്പര്യമുള്ള ആദ്യ മുഖ്യമന്ത്രിയാണ് അറുപതുകാരനും അവിവാഹിതനുമായ മനോഹര്‍ ലാല്‍ ഖട്ടര്‍.

1966 നവംബര്‍ ഒന്നിനാണു പഞ്ചാബില്‍ നിന്നു വേര്‍പെടുത്തി ഹരിയാന സംസ്ഥാനം നിലവില്‍ വന്നത്. വിഭജന കാലത്ത് പാക്കിസ്ഥാനിലുള്‍പ്പെട്ട പഞ്ചാബ് പ്രവിശ്യയിലായ ഖട്ടറുടെ കുടുംബം ഹരിയാനയിലെ റോഹ്ത്തക്കിലേക്കു കുടിയേറുകയായിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നാണു മനോഹര്‍ ലാല്‍ ഖട്ടര്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്.

ജാതിരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ ഹരിയാനയില്‍ ജാട്ട് സമുദായത്തിനു പുറത്തു നിന്നുള്ള ബിജെപിയുടെ സമവായ തന്ത്രം ഇതോടെ പൂര്‍ത്തിയായി. ഇതോടൊപ്പം ഏറ്റവും കൂടുതല്‍ ജാട്ടുകള്‍ക്കു തെര ഞ്ഞെടുപ്പില്‍ സീറ്റുകള്‍ നല്‍കി ബിജെപി സമുദായ പ്രീതിയും നേടി. 27 ജാട്ടുകള്‍ക്കാണ് ഇത്തവണ ബിജെപി സീറ്റ് നല്‍കിയത്. ഹരിയാന യില്‍ ഏറെ പ്രാമുഖ്യമു ള്ള ജാട്ടുകള്‍ക്കു പുറമേ പിന്നോക്ക, ദളിത് മേഖലകളില്‍നിന്നു ലഭി ച്ച വോട്ടുകളാണു ബിജെപിക്കു മികച്ച ഭൂരിപക്ഷം നല്‍കിയത്. അതുകൊണ്ടു ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി ജാട്ട് സമുദായത്തിനു പുറത്തു നിന്നുള്ള ആളായിരിക്കണമെന്നു പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു.

ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 40 എംഎല്‍മാരും ജാട്ട് സമുദായത്തിനു പുറത്തു നിന്നുള്ളവരായിരുന്നുവെങ്കിലും ഖട്ടറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പരിചയവും ക്ളീന്‍ ഇമേജും മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വഴി എളുപ്പമാക്കി. ഹരിയാനയില്‍ ഏറെക്കാലവും മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ളത് ജാട്ട് സമുദായക്കാരാണ്. 40 വര്‍ഷമായി ആര്‍എസ്എസിലും 30 വര്‍ഷമായി ബിജെപിയിലും സന്തത സഹചാരിയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍. പതിന്നാലു വര്‍ഷമായി ബിജെപി ജനറല്‍ സെക്രട്ടറി കൂടിയാണ്.


1996ലാണു ഖട്ടര്‍ ഹരിയാനയില്‍ ബിജെപിയുടെ ചുമതലയേറ്റു പ്രവര്‍ത്തനം ആരംഭിച്ചത്. ഏറെ ദുരന്തം വിതച്ച ഭുജ് ഭൂകമ്പത്തിനുശേഷം ഗുജറാത്തി ലെ കച്ച് കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു ഖട്ടറായിരുന്നു നേതൃ ത്വം നല്‍കിയത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പി ല്‍ നരേന്ദ്ര മോദി വാരാണസിയില്‍ നിന്നു മ ത്സരിച്ചപ്പോള്‍ മണ്ഡലത്തിലെ അമ്പതോളം വാര്‍ഡുകളുടെ ചുമതല ഖട്ടറിനായിരുന്നു.

ദീപാവലിക്കുശേഷം ഈ മാസം 26നു ഖട്ടര്‍ ഹരിയാനയുടെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്നാണു സൂചന. 63,736 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു ഖട്ടര്‍ കര്‍ണാലില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കായി പ്രധാനമന്ത്രി പ്രചാരണം ആരംഭിച്ചതു കര്‍ണാലില്‍ നിന്നായിരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ജാട്ട് നേതാവും പാര്‍ട്ടി ദേശീയ വക്താവുമായ ക്യാപ്റ്റന്‍ അഭിമന്യു സിംഗിന്റെ പേരാണു ഖട്ടറിനു പുറമേ മുഖ്യമന്ത്രി സ്ഥാനത്തേക്കു കേട്ടിരുന്ന പേരുകളിലൊന്ന്. ഇതുവരെയും ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ കഴിയാതിരുന്ന അഭിമന്യു സിംഗ് ഇത്തവണ നര്‍ണൌദില്‍ നിന്നു വിജയിച്ചിരുന്നു. മുഖ്യമന്ത്രി ജാട്ട് സമുദായത്തിനു പുറത്തു നിന്നാവണമെന്ന പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം അദ്ദേഹത്തിനു വിലങ്ങു തടിയായി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാം ബിലാസ് ശര്‍മ, കേന്ദ്രമന്ത്രിമാരായ റാവു ഇന്ദര്‍ജിത് സിംഗ്, കിഷന്‍ പാല്‍, ജാട്ട് നേതാവ് ബീരേന്ദര്‍ സിംഗ് എന്നിവരും പരിഗണനാ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, ആര്‍എസ്എസ് ശക്തമായി പിന്തുണയ്ക്കുന്ന മനോഹര്‍ ലാല്‍ ഖട്ടറിനെ മറികടന്നു മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാന്‍ ഇവര്‍ക്കൊന്നുമായില്ല.

തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഹരിയാനയില്‍ വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ഒരു പുതിയ അധ്യായം തുറക്കുകയാണെന്നാണു ഖട്ടര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിത്. തന്നെ പിന്തുണച്ച എല്ലാവരോടുമുള്ള നന്ദിയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.