കരുതല്‍ തടവുകാരെയും വോട്ട് ചെയ്യിക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍
Monday, September 22, 2014 12:08 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഏതെങ്കിലും കുറ്റാരോപണങ്ങളുമായി ബന്ധപ്പെട്ടു കരുതല്‍ തടങ്കലില്‍ വയ്ക്കുന്നവര്‍ക്കു വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍. ഇവര്‍ക്ക് പോസ്റല്‍ വോട്ട് ചെയ്യാനുള്ള സൌകര്യം സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തു കൊടുക്കണം. നിയമസഭാ തെരഞ്ഞെടുപ്പു നടത്താനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന ചീഫ് സെക്രട്ടറിമാരോടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടുമാണു കമ്മീഷന്‍ ഈ നിര്‍ദേശം നല്‍കിയത്.

കരുതല്‍ തടങ്കലിലാണെങ്കിലും ഏതെങ്കിലും കുറ്റം ചെയ്തതാണെന്ന് ആധികാരികമായി ഉത്തരവ് ഇല്ലാത്തവരെ വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കത്തയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു സമയമാവുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും കക്ഷികളുടെയും നേതാക്കന്മാരെയും വിമതന്മാരെയും കരുതല്‍തടങ്കലില്‍ ആക്കാറുണ്ട്. ഇവര്‍ക്കു വോട്ട് ചെയ്യാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 62 (5)-ാം വകുപ്പില്‍ പറയുന്നുണ്െടന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.


തെരഞ്ഞെടുപ്പുസമയത്തു പാര്‍ട്ടികള്‍ക്കുവേണ്ടി പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഏതെങ്കിലും കാരണവശാല്‍ കസ്റഡിയില്‍ എടുക്കുകയാണെങ്കില്‍ അത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കണം. ജൂനിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്‍ നേതാക്കളെ കസ്റഡിയില്‍ എടുക്കരുതെന്ന് ഉറപ്പു വരുത്തണമെന്നും തെരഞ്ഞെടുപ്പു കമ്മീഷണര്‍മാരോടു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.