രാഹുല്‍ പ്രതികരിക്കാത്തതു പരാജയകാരണമായെന്നുദിഗ്വിജയ് സിംഗ്
രാഹുല്‍ പ്രതികരിക്കാത്തതു പരാജയകാരണമായെന്നുദിഗ്വിജയ് സിംഗ്
Monday, September 1, 2014 11:46 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാതിരുന്നതു കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ്.

യുവാക്കളെ ആകര്‍ഷിക്കാന്‍ രാഹുലിനു കഴിഞ്ഞില്ല. നാല്പത്തിനാലുകാരനായ രാഹുലിനു കഴിയാത്തത് 63 കാരനായ നേതാവിനു കഴിഞ്ഞെന്നും നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെ ദിഗ്വിജയ് പറഞ്ഞു. തെരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച എ.കെ. ആന്റണി സമിതി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യാനിരിക്കേയാണു കോണ്‍ഗ്രസില്‍ വെടിപൊട്ടിച്ചുകൊണ്ടു ദിഗ്വിജയ് സിംഗ് രംഗത്തെത്തിയത്.

ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണു രാഹുലിനെതിരേയുള്ള വിമര്‍ശനം. തങ്ങളുടെ നേട്ടങ്ങള്‍ വേണ്ടവിധത്തില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല. യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുന്‍ എന്‍ഡിഎ സര്‍ക്കാരിനേക്കാള്‍ വളരെ മികച്ചതായിരുന്നിട്ടുകൂടി അവരുടെ പ്രചാരണങ്ങളാണു മുന്നിട്ടു നിന്നത്.

നിര്‍ണായക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി എന്തു നിലപാടു സ്വീകരിക്കുന്നുവെന്നാണു രാജ്യം ഉറ്റുനോക്കിയിരുന്നത്. എന്താണ് രാഹുല്‍ ബ്രാന്‍ഡ് ചെയ്യുന്നതെന്ന്. എന്നാല്‍, നാല്പത്തിനാലു കാരനായ രാഹുലിന് 63കാരനായ നേതാവിനു നല്‍കാന്‍ കഴിയുന്ന ആകര്‍ഷകത്വം പോലും നല്‍കാനാകില്ലെന്നും ദിഗ്വിജയ് കുറ്റപ്പെടുത്തി.


ഇപ്പോള്‍ മാധ്യമങ്ങളുടെയും വാര്‍ത്താ വിസ്ഫോടനത്തിന്റെയും കാലമാണിത്. 24 മണിക്കൂറും വാര്‍ത്തകള്‍ ജനങ്ങളിലെത്തുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ രാഹുലിന്റെ ശബ്ദം കൂടുതല്‍ എത്തേണ്ട തുണ്ട്. മോദി സ്വയം ദേശീയ തലത്തില്‍ ശ്രദ്ധാകേന്ദ്രമായതു മാധ്യമങ്ങളിലൂടെയാണ്. അതേമാര്‍ഗം രാഹുല്‍ സ്വീകരിച്ചേ മതിയാവൂ എന്നും സിംഗ് നിര്‍ദേശിച്ചു. കോണ്‍ഗ്രസിനെ തിരിച്ചുവരവിന്റെ പാതയിലെത്തിക്കാന്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും ജനങ്ങള്‍ക്കിടയില്‍ കുറേക്കൂടി സ ജീവമാകാനും രാഹുല്‍ ഗാന്ധി ശ്രമിക്കണം.

അതേസമയം, ലോക്സഭാതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ പിന്തുണയ്ക്കാത്ത നേതാക്കളെ നയിക്കുന്നതില്‍ രാഹുല്‍ അതൃപ്തി അറിയിച്ചെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.

രാഹുലിന്റെ നേതൃത്വത്തെ പാര്‍ട്ടിയില്‍ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, പാര്‍ട്ടിയിലെ ചില നേതാക്കള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. അത്തരം നേതാക്കളെ പാര്‍ട്ടിയില്‍ വച്ചു കൊണ്ടിരിക്കുന്നതില്‍ എന്താണു കാര്യമെന്നും ദിഗ്വിജയ് സിംഗ് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.