എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് പദ്ധതിക്കു തുടക്കമായി
Friday, August 29, 2014 11:33 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: എല്ലാ കുടുംബത്തിലും ബാങ്ക് അക്കൌണ്ട് നല്‍കുന്ന പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്കു തുടക്കമായി. രാജ്യം സ്വാതന്ത്യ്രലബ്ധിയുടെ 68-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും 68 ശതമാനും ജനങ്ങളും ബാങ്കിംഗ് ഇടപാകളെക്കുറിച്ച് അജ്ഞരാണെന്നു പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് നല്‍കുന്ന ഈ പദ്ധതി ദാരിദ്യ്ര നിര്‍മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വഴി തെളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക തൊട്ടുകൂടായ്മ അവസാനിപ്പിച്ചാല്‍ മാത്രമേ ദാരിദ്യ്രം തുടച്ചു നീക്കാന്‍ കഴിയൂ. ഈ പദ്ധതിയിലൂടെ രാജ്യത്തെ പൌരന്മാര്‍ദാരിദ്യ്രത്തിനെതിരേ പോരാടാന്‍ പ്രാപ്തരാകും. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നു മോദി കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്യ്രദിനത്തിലെ മോദിയുടെ പ്രസംഗത്തിലായിരുന്നു എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുളള വികസനത്തിന്റെ ഭാഗമായായി ഓരോ വീട്ടിലും ഓരോ ബാങ്ക് അക്കൌണ്ട് എന്ന പദ്ധതി തുടങ്ങുമെന്ന പ്രഖ്യാപനം ഉണ്ടായത്. ഇന്‍ഷുറന്‍സ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സൌകര്യങ്ങളും ഉള്‍പ്പെട്ടതാണു പദ്ധതി.


പദ്ധതിയുടെ ഭാഗമായി 2018 ഓടെ ഏഴരക്കോടി ബാങ്ക് അക്കൌണ്ട് തുറക്കുകയാണു ലക്ഷ്യം. ഉദ്ഘാടന ദിവസമായ ഇന്നലെ ത്തന്നെ രാജ്യത്ത് 70000 കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ജന്‍ധാന്‍ യോജന പദ്ധതി ജനകീയമാക്കുന്നതിനൊപ്പം സാമ്പത്തിക സുരക്ഷ ശക്തമാക്കുന്നതിനുളള പദ്ധതികളും തയാറാക്കിയിട്ടുണ്ട്. മൈക്രോ ഇന്‍ഷ്വറന്‍സ്, അസംഘടിത തൊഴിലാളികള്‍ക്കു പ്രത്യേക പാക്കേജ്, ഓവര്‍ ഡ്രാഫ്റ്റ് സൌകര്യമുളള അക്കൌണ്ടുകള്‍ക്കു ക്രെഡിറ്റ് ഗാരണ്ടി ഫണ്ട് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.