വയനാട്ടിൽ പ്രിയങ്കാരവം
Sunday, November 24, 2024 1:23 AM IST
ടി.എം. ജയിംസ്
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. 2024 പൊതുതെരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധി നേടിയ 3,64,422 വോട്ട് ഭൂരിപക്ഷം പ്രിയങ്ക മറികടന്നു.
4,10,931 വോട്ടിന്റെ ഭൂരിപക്ഷമാണു പ്രിയങ്ക നേടിയത്. ഉപതെരഞ്ഞെടുപ്പിൽ 9,52,543 വോട്ടാണ് (64.72 ശതമാനം)പോൾ ചെയ്തത്. ഇതിൽ 64.99 ശതമാനം(6,22,338 വോട്ട്) പ്രിയങ്കയ്ക്കു ലഭിച്ചു.
2024 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാൻ എൽഡിഎഫിനും എൻഡിഎയ്ക്കും കഴിഞ്ഞില്ല. എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ സത്യൻ മൊകേരിക്ക് 2,11,407 (22.08 ശതമാനം) വോട്ടാണ് ലഭിച്ചത്. 1,09,939 വോട്ടാണ് (11.48 ശതമാനം) എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ നവ്യ ഹരിദാസിനു നേടാനായത്.
പ്രിയങ്ക ഗാന്ധിയുടെ ഉജ്വല വിജയത്തിനു സഹായകമായത് പ്രചാരണം നേരത്തേ തുടങ്ങിയതും ചിട്ടയായി നടത്തിയതുമാണ്. പൊതുതെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചപ്പോൾത്തന്നെ എഐസിസി പ്രഖ്യാപിച്ചതാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം. പ്രചാരണത്തിൽ എൽഡിഎഫിനെ അപേക്ഷിച്ച് വളരെ മുന്നിലായിരുന്നു യുഡിഎഫ്.
പ്രിയങ്കയ്ക്ക് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം എന്ന ലക്ഷ്യവുമായാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും പ്രചാരണരംഗത്ത് സജീവമായത്. പ്രചാരണത്തിനു ചുക്കാൻ പിടിക്കാൻ ഏഴ് നിയോജകമണ്ഡലങ്ങളിലും കോണ്ഗ്രസ് നേതൃത്വം എംപി-എംഎൽഎമാർക്ക് ചുമതല നൽകിയിരുന്നു. ഇവർ ആഴ്ചകളോളമാണ് മണ്ഡലത്തിൽ ക്യാന്പ് ചെയ്തത്.
യുഡിഎഫിന് സാധ്യതയുള്ള വോട്ടുകളിൽ ഒന്നുപോലും ചോരരുതെന്ന വാശിയോടെയായിരുന്നു ബൂത്തുതലത്തിൽ പ്രചാരണം. യുഡിഎഫ് പ്രവർത്തകർ രണ്ടും മൂന്നും തവണയാണ് വീടുകൾ കയറി വോട്ട് ഉറപ്പിച്ചത്. ഇതിനു പുറമേ കുടുംബ സംഗമങ്ങളും നടന്നു.
വോട്ട് നില / വയനാട്
പ്രിയങ്ക ഗാന്ധി 6,22,338
സത്യൻ മൊകേരി 2,11,407
നവ്യ ഹരിദാസ് 1,09,934
ഭൂരിപക്ഷം 4,10,931