ഉപതെരഞ്ഞെടുപ്പുകളിൽ തണ്ടൊടിഞ്ഞ് ബിജെപി
Sunday, November 24, 2024 1:23 AM IST
ഡി. ദിലീപ്
തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പിൽ മുന്നോട്ടും ഉപതെരഞ്ഞെടുപ്പിൽ പിന്നോട്ടും പോകുന്ന കേരള ബിജെപിയുടെ വോട്ടു ചാഞ്ചാട്ടത്തിന് ചേലക്കരയിൽ മാറ്റത്തിന്റെ കാറ്റ്. അതേസമയം കാറ്റ് മാറി വീശുമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ട പാലക്കാട്ടും വയനാട്ടിലും ബിജെപിക്ക് അടിതെറ്റി.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016നു ശേഷം ഇതുവരെ നിയമസഭയിലേക്കു നടന്ന 12 ഉപതെരഞ്ഞെടുപ്പുകളിൽ പത്തിലും തളർന്ന ബിജെപിക്ക് ചേലക്കരയിലെ വോട്ടുവർധന മാത്രമാണ് ആശ്വാസം. ഇതിനു മുൻപ് മഞ്ചേശ്വരത്ത് ഒഴികെ മറ്റൊരിടത്തും ഇക്കാലയളവിൽ ബിജെപിക്ക് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ലെന്നാണ് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നത്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ക്രമാനുഗതമായി വോട്ടുയർത്തിയാണ് ചേലക്കരയിൽ ബിജെപിയുടെ ശക്തിപ്രകടനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 23716 വോട്ടുകളാണ് മണ്ഡലത്തിൽ ബിജെപി നേടിയത്. തുടർന്നു നടന്ന 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണം 28,974 ആയും ഈ ഉപതെരഞ്ഞെടുപ്പിൽ അത് 33,609 ആയി ഉയർത്താനും ബിജെപിക്കു കഴിഞ്ഞു.
അതേസമയം, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇക്കാലയളവിൽ വോട്ടെണ്ണത്തിൽ വൻ ഇടിവുണ്ടായി. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 50,220 ആയി ഉയർന്ന ബിജെപി വോട്ട് 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ 43,702ലേക്കും ഇക്കുറി അത് 39,549ലേക്കും കൂപ്പുകുത്തി. 2023ൽ ഉപതെരഞ്ഞെടുപ്പ് നടന്ന തൃക്കാക്കര, പുതുപ്പള്ളി മണ്ഡലങ്ങളിലും 2019ൽ ഉപതെരഞ്ഞെടുപ്പു നടന്ന പാലാ, എറണാകുളം, അരൂർ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും വോട്ടുകണക്കിൽ ബിജെപി പിന്നോട്ടു പോയിരുന്നു. 2021 ൽ തൃക്കാക്കരയിൽ നേടിയ 15,218 വോട്ടുകൾ 2023 ഉപതെരഞ്ഞെടുപ്പ് ആയപ്പോഴേക്കും 12,957 ആയി കുറഞ്ഞു.
പുതുപ്പള്ളിയിൽ 11,694ൽനിന്ന് വോട്ടെണ്ണം 6558 ആയി ചുരുങ്ങുകയും ചെയ്തു. 2019ലെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പ് നടന്ന പാലാ നിയോജകമണ്ഡലത്തിലും വോട്ടുകണക്കിൽ ബിജെപി തൊട്ടുമുൻപു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ പിന്നിൽ പോയിരുന്നു.
2016 നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 24,821 വോട്ടുകൾ നേടിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പിൽ നേടാനായത് 18,044 വോട്ടുകളാണ്. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വോട്ടുകളുടെ എണ്ണം 2016 ലെ 14,878 ൽ നിന്നും 13,351 ആയി കുറഞ്ഞപ്പോൾ അരൂരിൽ വോട്ടെണ്ണം 27,753ൽനിന്ന് 16,215ലേക്കും വട്ടിയൂർക്കാവിൽ വോട്ടെണ്ണം 43,700ൽനിന്നും 27,453ലേക്കും കൂപ്പുകുത്തി.
2018ൽ ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും 2016 നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി വോട്ടുകളിൽ വലിയ ഇടിവുണ്ടായി. 42,682ൽനിന്ന് 35,270 ആയാണ് വോട്ടെണ്ണം കുറഞ്ഞത്. 2017ൽ നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണം 7055ൽനിന്നും 5728 ആയും കുറഞ്ഞു.
എന്നാൽ 2019 ൽ നടന്ന മഞ്ചേശ്വരം, കോന്നി ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ടെണ്ണം വർധിപ്പിച്ചിരുന്നു. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നേടിയ 56,781 വോട്ട് ഉപതെരഞ്ഞെടുപ്പിൽ 57,484 ആയും കോന്നിയിലെ വോട്ടെണ്ണം 16713ൽനിന്ന് 39,786 ആയി കുതിച്ചുയരുകയും ചെയ്തിരുന്നു.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി വോട്ടെണ്ണത്തിൽ വീണ്ടും വളർച്ച നേടി. കോന്നിയിൽ വീണ്ടും തളരുകയും ചെയ്തു.