മാന്നാനത്ത് വിശുദ്ധപദവി പ്രഖ്യാപന വാർഷികാഘോഷങ്ങൾ സമാപിച്ചു
Sunday, November 24, 2024 1:23 AM IST
മാന്നാനം: വിദ്യാർഥികളടക്കം ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്ത ഭക്തിനിർഭരവും വർണശബളവുമായ തീർഥാടന ഘോഷയാത്രയോടെ വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 10-ാം വാർഷികാഘോഷങ്ങൾ സമാപിച്ചു. ഇന്നലെ രാവിലെ മുതൽ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലേക്ക് അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻസിലെ വിവിധ സ്കൂളുകളിൽനിന്നെത്തിയ വിദ്യാർഥികളും അധ്യാപകരും മാന്നാനം കെഇ സ്കൂളിൽ സംഗമിച്ച ശേഷമാണ് ആശ്രമ ദേവാലയത്തിലേക്കു നീങ്ങിയത്. ബാൻഡ് സെറ്റുകളും നിശ്ചല ദൃശ്യങ്ങളും മാർഗംകളിയും വിശുദ്ധരുടെ വേഷധാരികളും വർണക്കുടകളുമൊക്കെ അകമ്പടിയേകിയ തീർഥാടന പദയാത്രയിൽ പ്രാർഥനാഗീതികളുയർന്നു. തിരുവനന്തപുരം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ ആന്റണി ഇളംതോട്ടം സിഎംഐ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് തീർഥാടന ഘോഷയാത്രയ്ക്കു തുടക്കമായത്.
തീർഥാടകർ ആശ്രമദേവാലയത്തിൽ എത്തിയ ശേഷം സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സിഎംഐ സഭയുടെ വികാരി ജനറാൾ റവ.ഡോ. ജോസി താമരശേരിയും ജനറൽ കൗൺസിലർമാരും സഹകാർമികത്വം വഹിച്ചു. ചാവറയച്ചനെ വിശുദ്ധപദവിയിലേക്ക് ഉയർത്താൻ കാരണമായ അദ്ഭുതസൗഖ്യം ലഭിച്ച മരിയമോൾ ജോസ് കൊട്ടാരത്തിലും കബറിടത്തിലെത്തി പ്രാർഥിച്ചു.
മാന്നാനം ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, വൈസ് പ്രിയോർ ഫാ. മാത്യു പോളച്ചിറ, തീർഥാടനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. റെന്നി കളത്തിൽ, കോർപറേറ്റ് മാനേജരും കെഇ സ്കൂൾ പ്രിൻസിപ്പലുമായ ഫാ. ജയിംസ് മുല്ലശേരി, കെഇ റസിഡൻസ് പ്രിഫക്ട് ഫാ. ഷൈജു സേവ്യർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.