വോട്ടുവിഹിതത്തിൽ രാഹുലിനെ പിന്തള്ളി പ്രിയങ്ക
Sunday, November 24, 2024 1:23 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: വയനാട്ടിലെ വോട്ട് വിഹിതത്തിൽ രാഹുൽ ഗാന്ധിയെ പിന്തള്ളി സഹോദരി പ്രിയങ്ക. ഭൂരിപക്ഷത്തിൽ റിക്കാർഡ് സഹോദരൻ രാഹുലിന് സ്വന്തമെങ്കിൽ വോട്ടു വിഹിതത്തിൽ വയനാട്ടിൽ കന്നി മത്സരം കുറിച്ച പ്രിയങ്ക ഗാന്ധിയാണ് മുന്നിൽ. ആകെ പോൾ ചെയ്ത വോട്ടിന്റെ 65.33 ശതമാനവും സ്വന്തം പെട്ടിയിലാക്കിയാണ് പ്രിയങ്കയുടെ വയനാട്ടിലെ മിന്നും ജയം.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും രാഹുൽ ഗാന്ധി നേടിയ വോട്ട് വിഹിതത്തിലും ഉയർന്നതാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കു വയനാട് മണ്ഡലം സമ്മാനിച്ചത്. ഗാന്ധി കുടുംബാംഗം എന്ന നിലയിൽ 2019ൽ വയനാട്ടിൽ മത്സരിക്കാനെത്തിയ കോണ്ഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിക്ക് 64.64 ശതമാനമായിരുന്നു വോട്ട് വിഹിതം ലഭിച്ചത്. ഇതിനെയാണ് ഇക്കുറി പ്രിയങ്ക മറികടന്നത്.
ഇത്തവണ ആകെ പോൾ ചെയ്ത 9,52,543 വോട്ടിൽ 6,23,338 എണ്ണമാണ് യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധി കരസ്ഥമാക്കിയത്. എൽഡിഎഫിലെ സത്യൻ മൊകേരിക്ക് 2,11,407 വോട്ടു മാത്രമേ നേടാനായുള്ളു. വോട്ടു വിഹിതം 22.19 ശതമാനം. എൽഡിഎഫിന്റെ വയനാട്ടിലെ അടുത്ത കാലത്തെ ഏറ്റവും കുറഞ്ഞ വോട്ട്. 1,09,939 വോട്ട് നേടിയ ബിജെപിയിലെ നവ്യ ഹരിദാസിന് 11.54 ശതമാനം വോട്ടു വിഹിതമാണ് നേടാനായത്
2019ൽ പോൾ ചെയ്ത 10,92,197 വോട്ടുകളിൽ 7,06,367 വോട്ടുകളാണ് രാഹുൽഗാന്ധി നേടിയത്. അന്നത്തെ എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീർ 2,44,595 വോട്ടു നേടി 25.13 ശതമാനം വോട്ടുവിഹിതവും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 78,816 വോട്ട് പിടിച്ച് 7.21 ശതമാനം വിഹിതത്തിനും ഉടമയായി. അത്തവണയായിരുന്നു രാഹുൽ ഗാന്ധിക്ക് വയനാട് റിക്കാർഡ് ഭൂരിപക്ഷം നൽകിയത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ വോട്ട് വിഹിതം 59.69 ശതമാനമായി കുറഞ്ഞു. പോൾ ചെയ്ത 10,84,653 വോട്ടിൽ 6,47,445 വോട്ട് രാഹുലും 2,83,023 വോട്ട് എൽഡിഎഫിലെ ആനിരാജയും (വോട്ട് വിഹിതം 26.09%) സംസ്ഥാന പ്രസിഡന്റ് കൂടിയായ ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ 1,41,045 വോട്ടും (വിഹിതം 13%) നേടിയിരുന്നു.