അടവു പിഴച്ചു; രമ്യക്ക് രണ്ടാമതും തോൽവി
Sunday, November 24, 2024 1:23 AM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ രമ്യ ഹരിദാസിനെ ചേലക്കരയിൽ സ്ഥാനാർഥിയാക്കിയ യുഡിഎഫ് നീക്കത്തിന് തിരിച്ചടി. പാർലമെന്ററി രാഷ്ട്രീയത്തിൽ രമ്യയുടെ ഭാവി ചോദ്യംചെയ്യുന്ന വിധികൂടിയായി ഇതു മാറുമെന്ന് ഉറപ്പ്.
ചേലക്കരയിൽ രമ്യക്കു മികച്ച പിന്തുണയുണ്ടെന്നും വിജയിക്കുമെന്നുമായിരുന്നു സ്ഥാനാർഥിനിർണയത്തിനു പിന്നാലെ യുഡിഎഫ് നേതാക്കൾ പ്രതികരിച്ചത്. 2019ൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ അരൂർ നിയമസഭാ മണ്ഡലത്തിൽ മികച്ച വിജയം നേടിയതും നേതാക്കൾ ഉയർത്തിക്കാട്ടി.
ചേലക്കരയിൽ വിജയം ഉറപ്പാണെന്നു രമ്യയും പറഞ്ഞു. മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താനും കഴിഞ്ഞില്ല. എൻ.കെ. സുധീറിന്റെ പേരുയർന്നെങ്കിലും പരിഗണിച്ചില്ല.
രമ്യയുടെ സ്ഥാനാർഥിത്വത്തിൽ നേതൃത്വവും പ്രവർത്തകരും ഒറ്റക്കെട്ടാണെന്നു പറഞ്ഞെങ്കിലും ഒരു വിഭാഗം രഹസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. യുഡിഎഫ് തരംഗത്തിനിടയിലും ആലത്തൂരിൽ അടിപതറിയ രമ്യയെത്തന്നെ വീണ്ടും സ്ഥാനാർഥിയാക്കിയതിനു പിന്നിലെ യുക്തിയും ഇവർ പരോക്ഷമായി ചോദ്യംചെയ്തു. ഏതുവിധേനയും എൽഡിഎഫിൽനിന്നു മണ്ഡലം പിടിക്കാനുള്ള മികച്ച പ്രവർത്തനമാണു യുഡിഎഫ് കാഴ്ചവച്ചത്.