ക്രിസ്റ്റൽ ക്ലിയർ റിസൾട്ട്
Sunday, November 24, 2024 1:23 AM IST
സാബു ജോണ്‍
തിരുവനന്തപുരം: ഒറ്റനോട്ടത്തിൽ ആർക്കും വലിയ പരിക്കില്ല. സിറ്റിംഗ് സീറ്റുകൾ മുന്നണികൾ നിലനിർത്തി. ബിജെപി അദ്ഭുതമൊന്നും കാട്ടിയില്ല. അവർക്കു കുറച്ചു ക്ഷീണവുമുണ്ടായി. എന്നാൽ തെരഞ്ഞെടുപ്പുഫലം മുന്നണികളുടെയും പ്രധാന പാർട്ടികളുടെയും നേതാക്കന്മാരുടെയും രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്കു കാരണമാകാം.
വയനാട്ടിൽ പ്രതീക്ഷിച്ചതിനപ്പുറം പ്രിയങ്ക ഗാന്ധി മുന്നേറി. അവിടെ എൽഡിഎഫിന്റെ വോട്ടു വിഹിതം വീണ്ടും കുറഞ്ഞു. പ്രചാരണരംഗത്ത് സിപിഐയെ ഒറ്റയ്ക്കാക്കി സിപിഎം കൈവിട്ടു എന്ന ആക്ഷേപം സിപിഐക്കുണ്ട്. വീറും വാശിയും നിറഞ്ഞ പോരാട്ടം നടന്നത് പാലക്കാട്ട് ആയിരുന്നു.
തൃശൂരിനു പിന്നാലെ പാലക്കാടും പിടിച്ച് കേരളത്തിൽ വലിയ രാഷ്ട്രീയമാറ്റത്തിനു തുടക്കം കുറിക്കുമെന്നു ബിജെപി നേതാക്കൾ തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അവർ വിജയിച്ചില്ലെന്നു മാത്രമല്ല, പിന്നോട്ടു പോകുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം എല്ലാ കണക്കുകൂട്ടലുകൾക്കും അപ്പുറത്തേക്കു പോയി.
യഥാർഥത്തിൽ ബിജെപിയും എൽഡിഎഫും ഒരുപോലെ ശത്രുവായി കണ്ടത് രാഹുലിനെ ആയിരുന്നു. രാഹുലിനെതിരേ ഉയർത്തിക്കൊണ്ടു വന്ന ആരോപണങ്ങളും ആക്ഷേപങ്ങളുമെല്ലാം തിരിച്ചടിക്കുന്നതാണു കണ്ടത്. പാലക്കാട്ടെ തെരഞ്ഞെപ്പു പ്രവർത്തനങ്ങൾ തരംതാണ നിലവാരത്തിലേക്കു നീങ്ങുകയും ചെയ്തു. എന്നാൽ, ഇതെല്ലാം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ യുഡിഎഫ് പ്രചാരണ സംവിധാനത്തിനു സാധിച്ചു എന്നതാണു വസ്തുത. രാഹുലിന്റെ ഭൂരിപക്ഷം ഇത്ര ഉയരത്തിലേക്കു കുതിച്ചതിൽ സിപിഎം നേതാക്കളുടെ സംഭാവനയും ചെറുതല്ല.
പാലക്കാട്ടെ പരാജയത്തിൽ ബിജെപിക്കുള്ളിലെ ഒരു വിഭാഗം പഴിക്കുന്നത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി സുരേന്ദ്രനെതിരേ ആയുധമാക്കുന്നതിന്റെ സൂചനകൾ പല നേതാക്കളുടെയും പ്രതികരണങ്ങളിൽനിന്നു വായിച്ചെടുക്കാം. സന്ദീപ് വാര്യർ പാർട്ടി വിട്ടതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി ഉയർന്നുവരാം.
ഭരണവിരുദ്ധ വികാരമോ പിണറായിവിരുദ്ധ വികാരമോ ഇല്ലെന്നു പറഞ്ഞു സ്ഥാപിക്കാൻ സിപിഎമ്മിനു ചേലക്കര വിജയം തുണയായി. ഇവിടെയും 2021ലെ വന്പൻ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാനായി എന്നു കോണ്‍ഗ്രസിനും അവകാശപ്പെടാം.
പാലക്കാട്ടെ കോണ്‍ഗ്രസിന്റെ വിജയം അംഗീകരിക്കാൻ സിപിഎം തയാറാകുന്നില്ല. മുസ്ലിം തീവ്രവാദി വിഭാഗങ്ങളുടെ പിന്തുണയോടെയാണു കോണ്‍ഗ്രസ് വിജയിച്ചതെന്നാണ് സിപിഎം നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്ലിം ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായി എന്നു കണ്ടെത്തിയതിനെ ത്തുടർന്നുള്ള സിപിഎമ്മിന്റെ ലൈൻ മാറ്റമാണ് ഈ ആരോപണത്തിലും കാണാനാകുന്നത്. വരും നാളുകളിലും സിപിഎം ഇതേ ലൈൻ പിന്തുടരുമെന്നുതന്നെ വേണം കരുതാൻ.
കോണ്‍ഗ്രസ് നേതൃത്വത്തിലേക്കു യുവതലമുറയുടെ ആഘോഷപൂർവമായ കടന്നുവരവാണ് തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കണ്ടത്. പാലക്കാട്ടും കാണാനായത് അതുതന്ന.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നിൽ നിന്നു നയിക്കുന്പോഴും ഷാഫി പറന്പിലും വി.കെ. ശ്രീകണ്ഠനും ഉൾപ്പെടെയുള്ള നേതാക്കൾ ദൈനംദിന പ്രചാരണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. എതിരാളികളുടെ തന്ത്രങ്ങളുടെ മുനയൊടിച്ചു വിടുന്നതിൽ ഇവർ മിടുക്കു കാട്ടിയെന്നു പറയാതെ വയ്യ.
ഷാഫിയും ശ്രീകണ്ഠനും മാത്രമല്ല, കോണ്‍ഗ്രസിലെ വലിയൊരു നിര യുവനേതാക്കൾ ഉപതെരഞ്ഞെടുപ്പിൽ കളം നിറഞ്ഞു നിന്നു. ബിജെപിയിൽനിന്നെത്തിയ സന്ദീപ് വാര്യർ ആ നിരയിലേക്കു കടന്നുവരുന്നതും പാലക്കാട്ടെ കാഴ്ചയായി.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം പാർട്ടിക്കുള്ളിൽ വലിയ ചർച്ചയ്ക്കു വഴി തെളിക്കേണ്ടതായിരുന്നു. എന്നാൽ രാഹുലിന്റെ വന്പൻ വിജയത്തോടെ അതിനും അവസരമില്ലാതായി.